ADVERTISEMENT

പാലക്കാട്∙ സംസ്ഥാനത്തുനിന്നു ശ്രമിക് ട്രെയിനുകളിൽ മാതൃസംസ്ഥാനങ്ങളിലേക്കു ഇതുവരെ മടങ്ങിയത് 61,500 അതിഥിത്തൊഴിലാളികൾ. രണ്ടാഴ്ചക്കുള്ളിൽ 10,000 പേർകൂടി മടങ്ങുമെന്നാണു കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം. കഴിഞ്ഞദിവസം വരെ പാലക്കാട് ഡിവിഷനിൽ നിന്നു 41,000  തിരുവനന്തപുരം ഡിവിഷനിൽ 20,500 പേരാണു മടങ്ങിയത്. ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ , രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കു സംസ്ഥാനത്തിലൂടെ 48 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. ബംഗാളിലേക്കുള്ള ട്രെയിൻ ജൂൺ രണ്ടാമത്തെ ആഴ്ച ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

സംസ്ഥാനത്ത് അതിഥി തൊഴിലാളികളിൽ കൂടുതൽ ബംഗാളികളാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു ഒരാളെയും സംസ്ഥാനത്തേക്ക് എത്തിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടേത്. സംസ്ഥാനത്ത് രോഗബാധ രൂക്ഷമമാവുകയും മരണം വർധിക്കുകയും ചെയ്യുന്നതു പുറംലോകം അറിയാതിരിക്കാനാണു ട്രെയിൻ സർവീസുകൾക്ക് തടസം നിൽക്കുന്നതെന്നായിരുന്നു ആരോപണം. നാട്ടിലേക്കു മടങ്ങാൻ, ബംഗാളികളായ തൊഴിലാളികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമരം ആരംഭിച്ചതോടെ വിഷയത്തിൽ രാഷ്ട്രപതി ഭവൻ വരെ ഇടപെട്ട സാഹചര്യവുമുണ്ടായി.

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ അനുമതി വേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ ഒടുവിലത്തെ തീരുമാനം. ഒരു ട്രെയിനിൽ 1450 പേരെയാണ് കയറ്റുക. തുടക്കത്തിൽ ഇതു 1100 ആയിരുന്നു. അകലം പാലിച്ചായിരുന്നു യാത്രയുടെ തുടക്കമെങ്കിലും തൊഴിലാളികളുടെ ആവശ്യവും സംഘർഷവും കണക്കിലെടുത്ത് എണ്ണം വർധിപ്പിച്ചു. ആരോഗ്യനിരീക്ഷണം ഉറപ്പാക്കിയാണ് എണ്ണം വർധിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

തൊഴിലാളികളെ സ്ക്രീനിങ് കേന്ദ്രങ്ങളിലെത്തിച്ചു ആരോഗ്യപരിശോധനയ്ക്കു ശേഷം കെഎസ്ആർടിസി ബസുകളിൽ റെയിൽവേ സ്റ്റേഷനുകളിലെത്തിക്കുന്ന രീതിയാണ് കേരളത്തിൽ പിൻതുടരുന്നത്. പല ജില്ലകളിലും നാട്ടിലേക്കു മടങ്ങാനായി തൊഴിലാളികൾ സംഘർഷത്തിലായതിനാൽ വരും ദിവസം കൂടുതൽപേരെ മടക്കി അയയ്ക്കുന്നതും പരിഗണനയിലുണ്ട്.

ഇതിനായി ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അടുത്തദിവസം കൂടുതൽ ട്രെയിൻ സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലേക്ക് ജൂൺ ആദ്യം മുതൽ സർവീസ് തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

English Summary: Migrant workers return from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com