ADVERTISEMENT

തിരുവനന്തപുരം∙ മദ്യവിതരണത്തിനുള്ള മൊബൈൽ ആപ് ‘ബെവ് ക്യൂ’ ഇതുവരെ പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്തില്ല. സാങ്കേതിക പരിശോധന പൂർത്തിയായശേഷമേ പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്യാനാകൂ എന്നാണ് സ്റ്റാർട്ട്അപ് മിഷൻ അധികൃതർ പറയുന്നത്. പ്ലേ സ്റ്റോറിൽ അപ്‌ലോഡ് ചെയ്ത് ഗൂഗിളിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഉപഭോക്താക്കളുടെ മൊബൈലിൽ അപ്പിന്റെ സേവനം ലഭിക്കൂ. ഇതിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല.

മദ്യവിതരണം പുനസ്ഥാപിക്കാൻ കേന്ദ്രം അനുമതി നൽകി മൂന്നാമത്തെ ആഴ്ച കഴിഞ്ഞിട്ടും സാങ്കേതിക വിഷയങ്ങളിൽതട്ടി ആപ് തയാറാക്കാനാകാതെ വലയുകയാണ് സർക്കാർ. ഗൂഗിളിന്റെ സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്ന തെറ്റായ വിവരം നൽകിയാണ് ഈ കാലതാമസത്തെ അധികൃതർ ന്യായീകരിച്ചിരുന്നത്. എന്നാൽ, സാങ്കേതിക പരിശോധനപോലും ഇനിയും പൂർത്തിയാക്കാനായിട്ടില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. കൊച്ചി കേന്ദ്രമായ സ്റ്റാർട്ട്അപ് കമ്പനിക്കാണ് ആപ്പിന്റെ നിർമാണച്ചുമതല.

സുരക്ഷാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്റ്റാർട്ട്അപ് മിഷൻ അധികൃതർ പറയുന്നു. ‘സെക്യൂരിറ്റി ടെസ്റ്റ്, ലോഡ് ടെസ്റ്റ്, വര്‍ണറബിലിറ്റി ടെസ്റ്റ് എന്നീ മൂന്നു പരിശോധന പൂർത്തിയാക്കണം. നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ആപ് ഉപയോഗിക്കുമോ, പുറത്തുനിന്നുള്ള സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയുമോ, എത്ര പേർക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ആപ്പിന്റെ സെർവർ ശക്തിപ്പെടുത്താനുള്ള ജോലികളും നടക്കുന്നു. അതിനുശേഷം പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്യും. ’– അധികൃതർ പറയുന്നു.

ഗൂഗിളിൻറെ സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്ന അധികൃതരുടെ വാദം ശരിയല്ലെന്ന് വിദഗ്ധർ പറയുന്നു. ആപ്പിന് ഗൂഗിൾ സുരക്ഷാ അനുമതി ആവശ്യമില്ല. ആപ് തയാറാക്കി ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാക്കാനായി ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഫോണുകൾക്കായി ആപ് സ്റ്റോറിലും സമർപ്പിക്കുകയാണു വേണ്ടത്. ഈ രണ്ടു സ്റ്റോറുകളും റിവ്യൂ എന്ന ചടങ്ങിലൂടെ സുരക്ഷയും നിലവാരവും ഉപയോഗക്ഷമതയും സോഫ്റ്റ്​വെയർ ബഗുകളും പരിശോധിച്ച് സ്റ്റോറുകളിൽ ഡൗൺലോഡ് ആയി പ്രദർശിപ്പിക്കും. ഉപഭോക്താക്കൾക്ക് ഫോണുകളിലേക്ക് ഡൗൺലോഡ് ചെയ്യാം. സുരക്ഷയും പരിശോധന വിധേയമാക്കും എന്നൊരു ന്യായം പറയാമെന്നല്ലാതെ സുരക്ഷാ പരിശോധന എന്നൊരു പുകമറ സൃഷ്ടിക്കുന്നതിൽ കഴമ്പില്ലെന്നും വിദഗ്ധർ പറയുന്നു.

സാധാരണ 24 മണിക്കൂറിനുള്ളിൽ ആപുകൾക്ക് പ്ലേ സ്റ്റോർ അനുമതി നൽകാറുണ്ട്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഏഴു ദിവസമോ അതിലധികമോ താമസം ഉണ്ടാകാമെന്ന് ഗൂഗിൾ അറിയിപ്പിൽ പറയുന്നു. സർക്കാർ നിയോഗിക്കുന്ന സ്ഥാപനങ്ങൾ സമർപ്പിക്കുന്ന ആപുകൾക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ മദ്യ വിൽപന കോവിഡ് പരിധിയിൽ വരുമോ എന്ന പ്രശ്നവുമുണ്ട്. സാങ്കേതിക പരിശോധന നീളുന്നതിനാൽ എന്ന് അനുമതി ലഭിക്കുമെന്നോ മദ്യശാലകൾ പ്രവർത്തനം തുടങ്ങുമെന്നോ പറയാനാകാതെ കുഴയുകയാണ് സർക്കാർ.

English Summary: BevQ Virtual Queue App has not been uploaded to the Play Store yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com