ADVERTISEMENT

വാഷിങ്ടൻ∙ കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ കഴിവ്കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ‘കൂട്ടക്കൊലയ്ക്ക്’ കാരണമായതെന്നു ട്രംപ് ആരോപിച്ചു.

‘‘ലോകം മുഴുവൻ കോവിഡ് ബാധിച്ചതിനു പിന്നിൽ ചൈനയുടെ കഴിവില്ലായ്മയാണെന്ന കാര്യത്തിൽ തർക്കമില്ല. ഉദ്ഭവസ്ഥാനത്തുതന്നെ വൈറസിനെ തടയാമായിരുന്നു. അത് എളുപ്പവുമായിരുന്നു. എന്നാൽ അവർ അവരുടെ ജോലി ചെയ്തില്ല .’’– ട്രംപ് ട്വീറ്റ് ചെയ്തതിങ്ങനെ.

യുഎസിനെ തകർക്കാനാണ് ചൈന ശ്രമിച്ചത്. കൊറോണ വൈറസ് വ്യാപനം വൻതോതിൽ നടക്കുമ്പോൾ തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് ചൈന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തി. തെറ്റുപറ്റിയത് യുഎസിനും ട്രംപിനുമാണെന്നു മനപൂർവ്വം വരുത്തി തീർക്കാനായിരുന്നു ചൈനയുടെ ശ്രമം.

xi-jinping-china
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ജോ ബൈഡനെ യുഎസ് പ്രസിഡന്റാക്കാനാണ് ചൈനയുടെ ആഗ്രഹമെന്ന രാഷ്ട്രീയ ആരോപണവും ട്രംപ് നടത്തി. സാധ്യമായ എല്ലാ വഴികളിലും അവരതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. ചൈനയേയും ബൈഡനെയും ഒരേസമയം ലക്ഷ്യമിട്ട് ട്രംപ് പറഞ്ഞു.

യുഎസിനും യൂറോപ്പിനുമെതിരെ ചൈന നടത്തുന്നത് പ്രത്യയശാസ്ത്രപരമായ ആക്രമമാണ്. ഇത് കൊടിയ വഞ്ചനയാണ്. കൊറോണ വൈറസിന്‍റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ജനത്തെയും വിഭജിക്കാനാണ് അമേരിക്ക ശ്രമിക്കുന്നുതെന്ന ചൈനീസ് വക്താവ് ഷാവോ ലിജിയാന്റെ ആരോപണത്തെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. ലിജിയാൻ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മേലാധികാരികൾക്കു വേണ്ടിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

കോവിഡിനെ ‘പ്ലേഗ്’ എന്നു വിശേഷിപ്പിച്ച ട്രംപ്, ചൈനയുമായുള്ള ബന്ധം കോവിഡിനു ശേഷം മോശമായെന്നു തുറന്നു പറഞ്ഞു. വ്യാപാരബന്ധത്തിലുള്ള സൗഹൃദം കോവിഡിന്റെ കാര്യങ്ങൾ അറിഞ്ഞതോടെ ഇല്ലാതായി. കോവിഡ് നേരിടുന്നതിൽ യുഎസ് സർക്കാർ പാടെ പരാജയപ്പെട്ടുവെന്നും നേരത്തെ തന്നെ ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചിട്ടും യുഎസ് ചെറുവിരൽ അനക്കിയില്ലെന്നും ലിജിയാൻ കുറ്റപ്പെടുത്തിയിരുന്നു.

സ്വന്തം പരാജയം മറച്ചു പിടിക്കാനാണ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുന്നതെന്നും ചൈനീസ് വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയെയും ട്രംപ് കടന്നാക്രമിച്ചിരുന്നു. ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

English Summary: Donald Trump blames China for 'mass Worldwide killing'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com