ADVERTISEMENT

തിരുവനന്തപുരം∙ മദ്യം വാങ്ങാൻ വെർച്വൽ ക്യൂ ആപ് തയാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുന്നത് അധികൃതർക്ക് തലവേദനയാകുന്നു. സെക്യൂരിറ്റി, ലോഡ് ടെസ്റ്റിങ്ങുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്ലേ സ്റ്റോറിൽ ആപ് സമർപ്പിക്കുന്നത് വൈകുകയാണ്. സ്റ്റാർട്ടപ് കമ്പനിയെ തിരഞ്ഞെടുക്കുന്നതിൽ സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായി ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപമുണ്ട്.

ഒഡബ്ല്യുഎഎസ്പി (ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രോജക്ട്) മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്. ഹാക്ക് ചെയ്യാൻ പറ്റുമോ, ഡാറ്റ സുരക്ഷിതമാണോ എന്നതടക്കമുള്ള 10 പ്രധാന നിർദേശങ്ങൾ പാലിക്കാൻ സ്റ്റാർട്ടപ് കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോഡ് ടെസ്റ്റിലും വിജയം കണ്ടില്ല. 7 ലക്ഷംപേരാണ് സാധാരണ ദിവസങ്ങളിൽ ബവ്കോ ഔട്ട്‌ലെറ്റുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷമെത്തും. ഈ തിരക്ക് അനുസരിച്ചുള്ള ക്രമീകരണം ഏർപ്പെടുത്താന്‍ കമ്പനിക്കായിട്ടില്ല. പിഴവുകൾ തിരുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

ഐസിടി അക്കാദമി, സ്റ്റാർട്ടപ് മിഷൻ, ഐടി മിഷൻ, ബവ്കോ പ്രതിനിധികൾക്ക് പുറമേ ഐടി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാർട്ടപ് മിഷന്റെ ടെൻഡറിൽ 29 കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ 10 കമ്പനികൾക്കാണ് ആപ് വികസിപ്പിക്കുന്നതിൽ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും ചെലവിന് 30 ശതമാനവും മാർക്കാണ് നൽകിയത്. ആപ് വികസിപ്പിക്കാൻ തിരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അവസാന റൗണ്ടിൽ ഒപ്പമുണ്ടായിരുന്ന കമ്പനിയേക്കാൾ 11 ലക്ഷത്തോളം കുറഞ്ഞ റേറ്റ് ആവശ്യപ്പെട്ടതും ലോഡ് ടെസ്റ്റിങിലെ അനുഭവവും ഗുണകരമായി. ഐടി സെക്രട്ടറിയുടേയും സ്റ്റാർട്ടപ് മിഷൻ സിഇഒയുടേയും നിർദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകൾ തുറക്കാനുള്ള തയാറെടുപ്പിലായിരുന്നു ബവ്കോ.

എന്നാൽ ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ ബവ്റോ അധികൃതർക്കും ധാരണയില്ല. ആപ് പുറത്തുവന്നാൽ വലിയ തിരക്ക് ഉണ്ടാകാനിടയുണ്ടെന്നും സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ വിവിധ തരത്തിലുള്ള പരിശോധനകൾ നടക്കുന്നതിനാലാണ് ആപ് ജനങ്ങളിലെത്താൻ വൈകുന്നതെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.

English Summary: BevQ App Failed in Security and Load Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com