ADVERTISEMENT

കൊച്ചി∙ രാജ്യത്ത് ആഭ്യന്തര വിമാന യാത്രകൾക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെ സർവീസുകൾക്കൊരുങ്ങി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം. വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിലവിൽ 30% സർവീസുകൾ നടത്തുന്നതിനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 113 സർവീസുകളായിരിക്കും ഉണ്ടാകുക. സമ്പൂർണമായി യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകളാണ് ഇവിടെ നടക്കുക. 

ആദ്യഘട്ട പട്ടിക പ്രകാരം മേയ് 25 മുതൽ ജൂൺ 30 വരെ അഗത്തി, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂരു, പുണെ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവീസ്. വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിൽ എത്താൻ. എയർ ഏഷ്യ, എയർ ഇന്ത്യ, അലയൻസ് എയർ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയർലൈനുകളാണ് സർവീസ് നടത്തുന്നത്. യാത്രയ്ക്ക് നാലു മണിക്കൂർ മുമ്പുതന്നെ യാത്രക്കാർക്ക് ടെർമിനലിനുള്ളിൽ പ്രവേശിക്കാം. രണ്ടുമണിക്കൂറിനു മുമ്പെങ്കിലും ടെർമിനലിൽ റിപ്പോർട്ട് ചെയ്തിരിക്കണം. 

കേരളത്തിൽ നിന്നു മറ്റു സംസ്ഥാനത്തേക്ക് പോകുന്നവർ അതതു സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതിനുവേണ്ടി പാസ് ആവശ്യമാണെങ്കിൽ അതു ലഭ്യമാക്കണം. കൊച്ചിയിൽ എത്തിച്ചേരുന്ന യാത്രക്കാർ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റീൻ, കോവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് സിയാൽ അധികൃതർ അറിയിച്ചു.

ആഭ്യന്തര വിമാനയാത്ര നടത്താനൊരുങ്ങുന്നവർ ശ്രദ്ധിക്കാൻ

ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി ലഭിച്ചതോടെ ഇതുവരെ നിലച്ചു കിടന്ന ബിസിനസ്, വ്യക്തിപര യാത്രകൾക്ക് പതുക്കെ ജീവൻവച്ചു തുടങ്ങുകയായി. അതേസമയം വിനോദയാത്രകൾ സജീവമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് വിലയിരുത്തൽ. ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് ഇളവുകൾ; ആഘോഷിക്കാനല്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഈ ഘട്ടത്തിൽ പ്രസക്തമാണ്. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ആഭ്യന്തര വിമാനയാത്ര നടത്താനൊരുങ്ങുന്നവർ ശ്രദ്ധിച്ചിരിക്കേണ്ട പ്രധാന കാര്യങ്ങൾ: 

∙ യാത്രക്കാർ വെബ് ചെക് ഇൻ ചെയ്തു വേണം വിമാനത്താവളത്തിലെത്താൻ. ടെർമിനലിൽ എത്തുമ്പോൾ നിർബന്ധമായും മാസ്ക് ധരിച്ചിട്ടുണ്ടാകണം. ബോർഡിങ് ഗേറ്റിനു തൊട്ടുമുമ്പ് ഫെയ്സ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ പായ്ക്കറ്റുകൾ എന്നിവയടങ്ങിയ കിറ്റ് എയർലൈനുകൾ നൽകും. ഇവ യാത്രയിൽ ഉപയോഗിക്കാൻ ഓർക്കണം. ഒരു ഹാൻഡ് ബാഗേജ്, ചെക്ക്-ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ മാത്രമാണ് അനുവദിച്ചിട്ടള്ളത്.

∙ സാമൂഹിക അകലം പാലിക്കുന്നതാണ് ഒരു പ്രധാന നിർദേശം. വാഹനങ്ങളിൽ നിന്ന് ഇറങ്ങി ടെർമിനലിന്റെ പുറപ്പെടൽ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും ഇതുമായി ബന്ധപ്പെട്ട അടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ട്. വരിയിൽ നിൽക്കുമ്പോൾ തറയിലെ അടയാളങ്ങളിൽ മാത്രം നിൽക്കാൻ ശ്രദ്ധിക്കണം.

∙ ടെർമിനലിനുള്ളിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ചുവരിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

∙ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ആരോഗ്യസേതു ആപ് ജീവനക്കാരനെ കാണിക്കണം. ആപ് ഡൗൺലോഡ് ചെയ്തിട്ടില്ലെങ്കിൽ ഒന്നാം ഗേറ്റിന്റെ അരികിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടുക. അവർ തരുന്ന ഫോം പൂരിപ്പിച്ച് വീണ്ടും ഡിപ്പാർച്ചർ ഗേറ്റിന് അരികിൽ എത്തണം.

∙ ഇതുകഴിഞ്ഞാൽ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിനു മുന്നിലും തുടർന്ന് സുരക്ഷാ ബോക്‌സിനു മുന്നിലും എത്തണം. സുരക്ഷാ ബോക്‌സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സിഐഎസ്എഫ് ജീവനക്കാർക്ക് മൊബൈൽ ഫോണിലെ വെബ് ചെക്ക് ഇൻ സ്‌ക്രീനിലുള്ള ബോർഡിങ് പാസ് കാണിക്കുക. ഇത് സ്‌കാൻ ചെയ്യാൻ ക്യാമറാസംവിധാനം സിയാൽ സജ്ജമാക്കിയിട്ടുണ്ട്.

∙ ബാഗേജ് അണുവിമുക്തമാക്കലാണ് അടുത്ത പടി. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹാൻഡ് ബാഗേജ് മാത്രമുള്ള യാത്രക്കാർക്ക് ഇവിടെ നിന്ന് നേരിട്ട് സുരക്ഷാ-പരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്-ഇൻ ബാഗ് ഉണ്ടെങ്കിൽ മാത്രം ചെക്ക് ഇൻ കൗണ്ടറിൽ എത്തി വെബ് ചെക്ക് ഇൻ സ്‌ക്രീൻ, എയർലൈൻ ജവനക്കാരെ കാണിക്കുക. തുടർന്ന് ബാഗേജ് ഏൽപ്പിക്കണം.

∙ ഒന്നാം നിലയിലെ സുരക്ഷാ പരിശോധനയാണ് അടുത്തത്. പരിശോധനയ്ക്കു തൊട്ടുമുമ്പ് സിഐഎസ്എഫ് ജീവനക്കാരനെ ബോർഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.

∙ സുരക്ഷാ പരിശോധന കഴിഞ്ഞാൽ നിശ്ചിത ഗേറ്റിനു മുന്നിൽ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ടെർമിനലിനുള്ളിൽ കടകൾ പ്രവർത്തിക്കും. ഭക്ഷണസാധനങ്ങൾ കടകളിൽ നിന്ന് വാങ്ങി ഗേറ്റിനു മുന്നിലുള്ള സീറ്റുകളിൽ വന്നിരുന്ന കഴിക്കാവുന്നതാണ്.

∙ ബോർഡിങ് അറിയിപ്പ് വന്നാൽ, എയ്‌റോ ബ്രിജിൽ പ്രവേശിക്കുന്നത് തൊട്ടുമുമ്പ് എയർലൈൻ ജീവനക്കാർ നൽകുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയിൽ മൊബൈൽ ഫോണിലുള്ള ബോർഡിങ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാൽ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ ഭാഗത്തേയ്ക്ക് മാറ്റും. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. 

∙ സുരക്ഷാ കിറ്റിലുള്ള സാധനങ്ങൾ അണിഞ്ഞുവേണം വിമാനത്തിൽ ഇരിക്കാൻ. 

∙ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കും. വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച്, ട്രോളികൾ ഉപയോഗിക്കുന്നത് നല്ലതല്ല. ടെർമിനലിന് പുറേത്തക്ക് ഇറങ്ങുമ്പോൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്വാറന്റീൻ/ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. യാത്രക്കാർക്കായി പ്രീ പെയ്ഡ് ടാക്‌സി സൗകര്യം ഒരുക്കിയിട്ടുണ്ടാകും. 

English Summary: CIAL ready for domestic air services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com