sections
MORE

പ്രവാസിയുടെ കൊറോണ പ്രതിരോധ വിദ്യയ്ക്ക് യുഎസ് അംഗീകാരം; പ്രതീക്ഷയോടെ ഇന്ത്യ

corona virus
SHARE

ബെംഗളൂരു ∙ പതിറ്റാണ്ടുകളുടെ ഗവേഷണ, പരീക്ഷണങ്ങൾക്കൊടുവിൽ പ്രവാസി ഇന്ത്യക്കാരൻ വികസിപ്പിച്ച സാങ്കേതികവിദ്യ കോവിഡ് പോരാട്ടത്തിന് കരുത്തേകുമെന്നു പ്രതീക്ഷ. യൂണിവേഴ്സിറ്റ് ഓഫ് സൗത്ത് ഫ്ലോറിഡയിലെ പ്രഫസർ യോഗി ഗോസ്വാമിയാണു കണ്ടുപിടിത്തത്തിനു പിന്നിൽ. പുതിയ സാങ്കേതികവിദ്യയാൽ തയാറാക്കിയ ‘മോളിക്യൂൾ എയർ പ്രോ ആർഎക്സ്’ എന്ന ഉപകരണത്തിന് യുഎസ് ഫൂഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (യുഎസ്–എഫ്ഡിഎ) അംഗീകാരം നൽകി.

കോവിഡിനു കാരണമായ സാർസ്–കോവ്2 വൈറസിനെതിരെ പ്രയോഗിക്കാനാകും. പേറ്റന്റുള്ള ഫോട്ടോ ഇലക്ട്രോകെമിക്കൽ ഓക്സിഡേഷൻ (പിഇസിഒ) സാങ്കേതികതയാണ് ഉപയോഗിച്ചത്. നാനോ ഫില്‍റ്റര്‍ ഉപയോഗിച്ച് മാലിന്യത്തെ തന്മത്രകളായി പൊടിച്ചു കളയുകയാണു ചെയ്യുന്നത്. ഇതുവഴി ബാക്ടീരിയ, വൈറസ് എന്നിവയെയും പൂര്‍ണമായി നിഷ്‌ക്രിയമാക്കാനാകും.

തൊണ്ണൂറുകളുടെ മധ്യത്തിലാണു യോഗി യുഎസിലേക്കു കുടിയേറിയത്. ആസ്മയുള്ള മകൻ ദിലീപിന് ശുദ്ധവായു ലഭിക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഫലമായി എയർ പ്യൂരിഫയർ സാങ്കേതികവിദ്യയിലാണു യോഗി കൂടുതൽ പ്രവർത്തിച്ചത്. സാർസ്–കോവ്2 വൈറസുകളെ ഉൾപ്പെടെ നേരിടാൻ ശേഷിയുള്ള സവിശേഷ ഉപകരണമാണ് എയർ പ്രോ ആർഎക്സ്. ഇതു നിർമിച്ച യുഎസ് സ്ഥാപനമായ മോളിക്യൂളിന്റെ പ്യൂരിഫയറുകൾ 2017 മുതൽ  വിപണിയിലുണ്ട്. നേരത്തെ ടൈം മാഗസിനിന്റെ ടോപ് 25 കണ്ടുപിടിത്തങ്ങളുടെ പട്ടികയിൽ ഇവരുടെ ആദ്യ ഉപകരണം ഇടം പിടിച്ചിരുന്നു.

‘ഈ മാസം ആദ്യം എഫ്ഡിഎ അംഗീകാരം കിട്ടിയശേഷം യുഎസിലെ ആശുപത്രികളും ഡോക്ടർമാരുടെ ഓഫിസുകളും കോവിഡ് പ്രതിരോധത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കോവിഡ് രോഗികളെ ചികിൽസിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ പ്യൂരിഫയർ വളരെ സഹായകമാണ്. സ്കൂളുകൾ, വിമാനത്താവളങ്ങൾ, മാളുകൾ, കടകൾ എന്നിവിടങ്ങളിലും കൊറോണ പ്രതിരോധത്തിന് ഇതു സ്ഥാപിക്കുന്നതു നല്ലതാണ്.’– മോളിക്യൂൾ സഹസ്ഥാപകനും ശാസ്ത്ര ഉപദേഷ്ടാവുമായ യോഗി ഗോസ്വാമി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

എയർ പ്രോ ആർഎക്സ് ഒരു മണിക്കൂർ പ്രവർത്തിപ്പിച്ചാൽ സാർസ്–കോവ്2 വൈറസിനെ 99.47% വരെ പ്രതിരോധിക്കാമെന്നും 24 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 99.999% വരെ പ്രതിരോധിക്കാമെന്നും പഠനത്തിൽ കണ്ടെത്തി. മോളിക്യൂൾ ആണ് ലോകത്തെ ആദ്യ മോളിക്യുലാർ എയർ പ്യൂരിഫയർ നിർമിച്ചത്. കെട്ടിടത്തിനകത്തെ വായുമാലിന്യം നീക്കാമെന്നു ശാസ്ത്രീയമായ തെളിയിച്ച പ്യൂരിഫയർ കൂടിയാണിത്.

സൗരോർജ നയം രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2018ൽ ക്ഷണിച്ച വിദഗ്ധരുടെ സംഘത്തിൽ യോഗിയും ഉണ്ടായിരുന്നു. ഇപ്പോൾ യുഎസിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇന്ത്യയിലേക്കു കൊണ്ടു വരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇന്ത്യയിൽനിന്നുള്ളവരാണ്. അത്യാധുനിക സാങ്കേതികവിദ്യ ഇവിടെയുള്ളവരും അനുഭവിക്കണം. എന്നത്തേക്ക് ഇവിടെ അവതരിപ്പിക്കാനാകും എന്നതു കൃത്യമായി പറയാനാകില്ല. ഇന്ത്യയിൽ കോവിഡ് പ്രതിരോധ പ്യൂരിഫയർ നിർമിക്കാൻ ഞങ്ങളൊരുക്കമാണ്– യോഗി വ്യക്തമാക്കി.

English Summary: NRI’s disinfectant tech gets US-FDA nod for medical use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA