ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി. വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം. ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കും.

വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് നിർബന്ധമാക്കും.  അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടൻ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയർഫോഴ്സിന്റെ  സഹായത്തോടെ അണുവിമുക്തമാക്കും. ഏതെങ്കിലും കാരണവശാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കു വീണ്ടും അവസരം ഒരുക്കും.

തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ആരോഗ്യചിട്ടകൾ അടങ്ങിയ നിർദേശങ്ങളും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർക്കു നിർേദശം നൽകി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്കു മാസ്കുകൾ എൻഎസ്എസ് വഴി വിതരണം ചെയ്യും.– മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയർഫോഴ്സ്, പൊലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്എസ്എൽസി 1856, എച്ച്എസ്‌സി 8835, വിഎച്ച്എസ്‌സി 219 എന്നിങ്ങനെ 10920 കുട്ടികൾ അപേക്ഷ സമർപ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിദ്യാഭ്യാസ ഓഫിസർമാർ ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ എത്തിക്കും. ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാം പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് അനുമതി ലഭ്യമായി. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനും അവസരം ഒരുങ്ങും. ഏതെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷ എഴിതാൻ ഈ തീയതികളിൽ കഴിഞ്ഞില്ലെങ്കിൽ അവർ ആശങ്കപ്പെടേണ്ടതില്ല. അവർക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ സേ പരീക്ഷക്കൊപ്പം റെഗുലർ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസർമാരും ഉള്‍പ്പെടെ 23  മുതൽ വാർ റൂമുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: SSLC, HSS, VHSE Exams will conduct with full proof covid precaution steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com