ADVERTISEMENT

പുണെ∙ കോവിഡ് രോഗി പ്ലാസ്മ തെറപ്പിയിലൂടെ സുഖം പ്രാപിച്ചതായി പുണെയിലെ സാസൂൺ ആശുപത്രി അറിയിച്ചു. ആശുപത്രിയിൽ ആദ്യമായി കോൺവലസെന്റ് പ്ലാസ്മ തെറപ്പി നടത്തി വിജയിച്ചെന്നും രോഗിക്ക് മേയ് 10നും 11നും 200 എംഎൽ വീതം പ്ലാസ്മയാണ് നൽകിയതെന്നും സാസൂൺ ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. നെഗറ്റീവ് ആയതിനുപിന്നാലെ കോവിഡ് വാർഡിൽനിന്നു രോഗിയെ മാറ്റിയിട്ടുണ്ട്. ഉടൻതന്നെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുമെന്നും സാസൂൺ ആശുപത്രി അധികൃതർ അറിയിച്ചു.

കോണ്‍വലസെന്റ് പ്ലാസ്മ തെറപ്പി

കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേർതിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും.

കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്‌സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും.

വൈറസ് ബാധയുള്ള ഒരാള്‍ക്ക് രോഗം ഭേദമാകുന്നതോടെ വീണ്ടും വൈറസ് എത്തിയാല്‍ പ്രതിരോധിക്കാനായി ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍ അതിലുള്ള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും. കൂടുതല്‍ ശരീരകോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയാനും ഇതിലൂടെ കഴിയും. ഒരാളുടെ പ്ലാസ്മയില്‍നിന്നു രണ്ടു പേര്‍ക്ക് നല്‍കാനുള്ള ഡോസ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

English Summary: COVID-19 Patient In Pune Recovers After Plasma Therapy: Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com