sections
MORE

കോവിഡ് ഭീതിയൊഴിയാതെ തമിഴകം; 5 ദിവസത്തിനിടെ 3,382 പേ‍ർക്ക് കോവിഡ്

INDIA-HEALTH-VIRUS
SHARE

ചെന്നൈ ∙ കോവിഡ് ഭീതിയൊഴിയാതെ തമിഴകം. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചതു 3,382 പേ‍ർക്ക്. ഇതിൽ 2,520 പേരും ചെന്നൈയിൽ. ഇന്നലെ മാത്രം സംസ്ഥാനത്ത് 776 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ 567 പേർ ചെന്നൈയിൽ. ഇന്നലെ 7 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 94. ഇന്നലെ മരിച്ച എല്ലാവരും മറ്റു അസുഖങ്ങൾക്കു ചികിൽസയിലായിരുന്നെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ 400 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ നിലവിൽ ചികിൽസയിലുള്ളവർ 7,588.

ആശങ്കയുയർത്തി ‘പുറം’ ക്ലസ്റ്റർ

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവർക്കു തുടർച്ചയായി രോഗം സ്ഥിരീകരിക്കുന്നതാണു പുതിയ വെല്ലുവിളിയെന്നു മന്ത്രി സി.വിജയഭാസ്കർ. തമിഴ്നാട്ടിലേക്കു വരുന്നവരെ ഒരു രീതിയിലും തടയില്ല. എന്നാൽ, ചെക്ക് പോസ്റ്റുകളിൽ പരിശോധന കൂടുതൽ കർശനമാക്കും. ഇന്നലെ വിദേശത്തു നിന്നെത്തിയ 8 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 79 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര –76, കേരളം, ഡൽഹി, ബംഗാൾ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ ആൾക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. ഈറോഡ്, തിരുപ്പൂർ, ശിവഗംഗ, കോയമ്പത്തൂർ ജില്ലകളിൽ നിലവിൽ രോഗികളില്ലെങ്കിലും പുറത്തു നിന്നെത്തുന്നവർ ആശങ്കയുണ്ടാക്കുന്നു.

മരണം 94, മരണ നിരക്ക് 0.69%

രോഗികളുടെ എണ്ണത്തിൽ രാജ്യത്തു രണ്ടാം സ്ഥാനത്താണെങ്കിലും മരണ നിരക്കിൽ മികച്ച റെക്കോർഡാണു തമിഴ്നാടിനുള്ളത്. ഇന്നലെ 7 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 94 ആയി. മരണ നിരക്ക്. 0.69%. മരിക്കുന്നവരിൽ ഭൂരിഭാഗം പേർ മറ്റു അസുഖങ്ങൾ ഉള്ളവർ. ഇന്നലെ മരിച്ച ഏഴിൽ ആറു പേരും പ്രമേഹത്തിനും ഉയർന്ന രക്ത സമ്മർദത്തിനും ചികിത്സ തേടിയിരുന്നു. മരണ നിരക്ക് കുറയ്ക്കാനായി വിദഗ്ധ ചികിൽസാ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം കോവിഡിനൊപ്പം മറ്റു രോഗങ്ങളുള്ളവർക്കു ആ രോഗവുമായി ബന്ധപ്പെട്ട വിദഗ്ധർ കൂടി ഉൾപ്പെടുന്ന സമിതി നേതൃത്വം നൽകും.

വടക്കിന് ഊന്നൽ

ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലൊഴികെ കോവിഡ് നിയന്ത്രണ വിധേയമെന്ന് സർക്കാർ വിലയിരുത്തൽ. ഇതിനെത്തുടർന്നു വടക്കൻ ജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ കൂടി പ്രതിരോധ പ്രവർത്തനത്തിനു പ്രത്യേക നോഡൽ ഓഫിസർമാരെ നിയോഗിച്ചു. ചെന്നൈ കോർപറേഷനു കീഴിലുള്ള 15 സോണുകളിലും പ്രത്യേക ഓഫിസർമാരെ നിയോഗിച്ചു.

English Summary: Covid-19 Chennai Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA