ADVERTISEMENT

കൊച്ചി ∙ ‘ഇറ്റലിക്കാർ വന്ന് നാടാകെ കോവിഡ് പരത്തിയെന്നു പറഞ്ഞപ്പോൾ അവരെ ഞാനും പറയാത്തതൊന്നുമില്ല. യഥാർഥത്തിൽ നമ്മുടെ വിമാനത്താവളത്തിൽ സംഭവിക്കുന്നത് എന്താണെന്ന് സ്വന്തം അനുഭവത്തിൽ വന്നപ്പോഴാണ് മനസ്സിലായത്. ഒരാൾക്കും അങ്ങനെ ഇറങ്ങിപ്പോകാൻ പറ്റില്ല. അവരുടെ ഉത്തരവാദിത്തമില്ലായ്മയാണ് എല്ലാത്തിനും കാരണം.’ – കഴിഞ്ഞ 18ന് അബുദാബിയിൽനിന്നു കൊച്ചിയിലെത്തി ക്വാറന്റീനിലുള്ള കടവന്ത്ര സ്വദേശി അനൂപ് മാത്യു എന്ന യുവാവ് വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ്. അബുദാബിയിൽ ഫയർ ഡിപ്പാർട്മെന്റിൽ ഷട്ട്ഡൗൺ വർക്കിനു മൂന്നു മാസത്തേക്കു പോയതാണ് ഇയാൾ. വീസ കാലാവധി കഴിഞ്ഞതിനാലാണു മടങ്ങിയത്.

‘ഒറ്റ ദിവസം കൊണ്ട് ഞാനൊരു ക്രിമിനലായി. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് നിരീക്ഷണത്തിലാകാതെ വീട്ടിൽ വന്നയാൾ. ഞാൻ മിസിങ് ആണെന്നു പറഞ്ഞ് കമ്മിഷണർ ഓഫിസിൽനിന്ന് വിളി വന്നപ്പോഴാണ് ആദ്യം ഞെട്ടിയത്. പിന്നെ ഹെൽത്ത് ഓഫിസിൽനിന്നും സ്റ്റേഷനിൽ നിന്നുമെല്ലാം തെരുതെരെ വിളികൾ. ഒടുവിൽ വീട്ടിലേക്ക് ആംബുലൻസ് പാഞ്ഞെത്തുന്നു. എന്നെ കൊണ്ടു പോകാൻ. എത്ര ഭീകരമായ നിമിഷങ്ങൾ.. ഒടുവിൽ ഞാനൊരു കുറ്റവാളി എന്ന പോലെയായി. പത്രത്തിൽ വാർത്ത വന്നതു കൂടി കണ്ടപ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും തളർന്നു പോയി.’ – ഇനി ഒരാൾക്കു കൂടി ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഇത് പങ്കുവയ്ക്കുന്നതെന്നും അനൂപ് മനോരമ ഓൺലൈനോടു പറഞ്ഞു.

വന്നത് വീട്ടിൽ പോലും പറയാതെ

വരുന്ന കാര്യം വീട്ടിൽ പോലും പറയാതെയാണ് കൊച്ചിയിൽ വന്നിറങ്ങിയത്. ക്വാറന്റീൻ കഴിയുമ്പോഴേക്കു പറഞ്ഞാൽ മതിയല്ലോ എന്നായിരുന്നു ചിന്ത. അബുദാബിയിൽനിന്ന് പരിശോധന കഴിഞ്ഞാണ് വിമാനത്തിൽ കയറിയത്. ഇവിടെ എത്തിയപ്പോഴും പരിശോധന നടത്തി. 30 പേർ വീതമാണ് പുറത്തേക്കു വരുന്നത്. മൂന്ന് ഫോമുകൾ വിമാനത്താവളത്തിൽ വച്ചു തന്നെ പൂരിപ്പിച്ച് കൗണ്ടറിൽ കൊടുക്കണം. അതു കഴിഞ്ഞപ്പോഴാണ് ടാക്സി എന്നെഴുതിയ പേപ്പർ തന്നത്. കൂടെയുള്ള ആൾക്ക് കെഎസ്ആർടിസി എന്നാണ് എഴുതിക്കൊടുത്തത്. അപ്പോഴേ എന്തോ പന്തികേട് തോന്നിയതു കൊണ്ട്, എന്താ ടാക്സി എന്ന് എഴുതിയേക്കുന്നേ എന്ന് ചോദിച്ചു. നിങ്ങൾക്ക് പനിയുണ്ടോ എന്നായിരുന്നു കൗണ്ടറിൽനിന്ന് മറു ചോദ്യം. ഒരാഴ്ച മുന്നേ പനിയുണ്ടായിരുന്നു, ഇപ്പോൾ കുഴപ്പമില്ല എന്നു പറഞ്ഞു. എന്നാൽ താഴത്തേക്കു പൊയ്ക്കൊ ഇവിടെ നിൽക്കണ്ട എന്നായിരുന്നു അവരുടെ മറുപടി. കൂടെയുള്ളയാൾക്ക് കെഎസ്ആർടിസി എന്നാണ് എഴുതിക്കൊടുത്തത്. അതാണ് ചോദിച്ചതെന്നു പറഞ്ഞപ്പോൾ ദേഷ്യപ്പെട്ട് അവിടെനിന്ന് പറഞ്ഞു വിട്ടു.

താഴെ ചെന്നപ്പോൾ വേറൊരു സാറുണ്ട്. അദ്ദേഹത്തെ പേപ്പർ കാണിച്ചു ചോദിച്ചു. ടാക്സി എന്നെഴുതിയിരിക്കുന്നത് വീട്ടിലേക്കു പോകാനാണ് എന്ന് ഒപ്പമുള്ള ആളും പറഞ്ഞു. വരുന്ന കാര്യം എന്റെ അച്ഛനും അമ്മയ്ക്കും അറിയില്ല, അവിടെ ഒന്നും ഒരുക്കിയിട്ടില്ല. ടാക്സി പിടിച്ചു പോകാൻ കയ്യിൽ പൈസയുമില്ലെന്ന് പറഞ്ഞു. താഴെ ഹെൽപ് ഡെസ്കുണ്ട്, അവിടെ പോയി ചോദിക്കാൻ അദ്ദേഹം പറഞ്ഞു.

സഹായിക്കാൻ മനസില്ലാത്ത ഹെൽപ് ഡെസ്ക്

ബാഗൊക്കെ എടുത്ത് ഹെൽപ് ഡെസ്കിൽ ചെന്നപ്പോൾ ഒരു ചേച്ചി കൗണ്ടറിൽ തർക്കിച്ചു നിൽക്കുന്നുണ്ട്. അവർ കരഞ്ഞാണ് സംസാരിക്കുന്നതും. കൗണ്ടറിലുള്ളവർ അവരെ പറഞ്ഞു വിട്ടു. ഞാൻ ചെന്നപ്പോൾ, അടുത്തേക്കു വരണ്ട, മാറി നിന്ന് സംസാരിച്ചാൽ മതി എന്നു പറഞ്ഞു ദൂരെ നിർത്തി എന്താണെന്നു ചോദിച്ചു. കാര്യം പറഞ്ഞു. ടാക്സി എന്ന് എഴുതിയെങ്കിൽ ടാക്സി പിടിച്ച് പോകണം എന്നായിരുന്നു മറുപടി. ബാക്കിയുള്ളവർക്ക് കെഎസ്ആർടിസി എന്നെഴുതിക്കൊടുത്തിട്ട് എനിക്കു മാത്രം എന്താണ് ടാക്സി എന്നു ചോദിച്ചു. താനവിടെ നിന്ന് പറഞ്ഞാൽ മതി എന്നു പറഞ്ഞ് പുറത്തിറക്കി വിട്ടു. ടാക്സി പിടിക്കാതെ കുറേ സമയം പുറത്തു നിന്നു. കൂടെ വന്നവരും പറഞ്ഞു, ഇത് പാടില്ലാത്തതാണ്..നിങ്ങൾ വീട്ടിൽ പോകരുത് എന്ന്.

പിന്നെയും അകത്തു ചെന്നു. അപ്പോഴും അവർ, നിങ്ങൾ പുറത്തു തന്നെ നിന്നാൽ മതി.. ഇങ്ങോട്ടു വരരുത്. മുകളിൽനിന്ന് പറഞ്ഞത് ചെയ്യാനാണ് ഞങ്ങൾക്ക് ഓർഡറുള്ളത്. വേറൊന്നും ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞ് ഹെൽപ് ഡെസ്കിൽനിന്ന് പറഞ്ഞു വിട്ടു. അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് ഇൻസൽറ്റ് ചെയ്ത് സംസാരിച്ചാണ് പുറത്തേക്കു വിട്ടത്. പിന്നെ പുറത്തു ചെന്നപ്പോൾ ടാക്സിക്ക് പൈസ അടയ്ക്കണം. സംശയം തോന്നിയതു കൊണ്ട് കാർഡ് വഴിയാണ് പൈസ അടച്ചത്. എവിടെ പോകണം എന്നു ചോദിച്ചു. ആയിരം രൂപയാണ് വീട്ടിലേയ്ക്കു പോകാനെന്നു പറഞ്ഞു. അതിനുള്ള പേപ്പർ തന്നു. ആദ്യം സിഐഎസ്എഫ് കാർ നിൽക്കുന്നുണ്ട്. ഈ കെഎസ്ആർടിസിക്കു പോകാനുള്ളതാണെന്നു പറഞ്ഞ് അവർ വേറെ വഴിക്ക് പുറത്തേക്കു വിട്ടു.

ഒരു കൂട്ടുകാരനെ വിളിച്ച് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. അമ്മയോടും പൊലീസ് സ്റ്റേഷനിലും വിളിച്ചു പറയാൻ പറഞ്ഞു. ഫോൺ ചാർജ് തീർന്ന് ഓഫ് ആകാറായതിനാലാണ് അവനെ വിളിച്ചു പറഞ്ഞത്. അമ്മ അപ്പോൾതന്നെ കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു. പുറത്തു നിന്ന പൊലീസുകാരാണ് ടാക്സി പിടിച്ചു തന്നത്. ടാക്സി എന്ന് എഴുതിയ കടലാസും അവർ ഒരു ബോക്സിൽ വാങ്ങി. ടാക്സിയിൽ കയറാൻ പറഞ്ഞു.

വീട്ടിലേക്കു വിളിച്ചപ്പോൾ അമ്മ പറഞ്ഞത് വരാൻ പാടില്ലെന്നാണ്. പിന്നെ എന്താ വിട്ടതെന്ന് അറിയില്ല, കടവന്ത്ര പൊലീസും അതാണ് പറഞ്ഞതെന്നു പറഞ്ഞു. വീട്ടിൽ വന്നപ്പോൾ ഡ്രൈവർ പാസും ഫോൺ നമ്പരും വാങ്ങി. പിന്നെ വിളിക്കാമെന്നു പറഞ്ഞു. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് തന്ന് അമ്മയും മറ്റുള്ളവരും അകത്തു കയറി. ഞാൻ ബാഗെടുത്ത് റൂമിൽ കയറിയപ്പോൾ അമ്മ മുറി പുറത്തു നിന്ന് പൂട്ടി താക്കോലെടുത്തു. യാത്രയ്ക്കിടെ വിളിച്ചപ്പോൾ അടപ്പുള്ള ഒന്നു രണ്ട് ബക്കറ്റ് റൂമിൽ വയ്ക്കണമെന്ന് പറഞ്ഞിരുന്നു. മാസ്ക് അതിലിട്ട് അടച്ചു വച്ചു. ബാക്കി ബക്കറ്റിൽ തുണിയൊക്കെ എടുത്തു വച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ചാർജ് ചെയ്തു. ഓണായപ്പോൾ അമ്മയെ വിളിച്ചു. അമ്മ പറഞ്ഞു ഞാൻ പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ്, നീ ഒന്നും വിചാരിക്കരുത്, എനിക്ക് എന്താണ് ചെയ്യണ്ടത് എന്നറിയില്ല എന്നു പറഞ്ഞു. കുഴപ്പമില്ലെന്നു ഞാൻ പറഞ്ഞു. വന്നിറങ്ങിയപ്പോൾ സിയാലിൽനിന്ന് ഒരു ഭക്ഷണപ്പൊതി തന്നിരുന്നു. അതെടുത്ത് കഴിച്ചു. എന്നിട്ട് കിടന്നു.

രാത്രി ഒരു പൊതു പ്രവർത്തകനെ വിളിച്ച് വന്ന കാര്യം പറഞ്ഞിരുന്നു. കൗൺസിലറെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. രാവിലെ അവരെയും വിളിച്ചു പറഞ്ഞു. അങ്ങനെ വിടാൻ പാടില്ല അന്വേഷിക്കട്ടെ എന്ന് കൗൺസിലറും പറഞ്ഞു. രാവിലെ വീണ്ടും അമ്മ പൊലീസ് സ്റ്റേഷനിൽ വിളിച്ചു. അവരോട് പൂട്ടിയിട്ട കാര്യം പറഞ്ഞു. പൂട്ടിയിടണ്ട, അവൻ ഗേറ്റിനു പുറത്ത് പോകാതെ നോക്കിയാൽ മതിയെന്നു പറഞ്ഞു. ഇതുവരെ ഭക്ഷണം കൊടുത്തിട്ടില്ലെന്നും എങ്ങനെയാണു നൽകേണ്ടതെന്ന് അറിയില്ലെന്നും അമ്മ അവരോടു പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയായിട്ടും ഭക്ഷണം എങ്ങുനിന്നും വന്നില്ല. ഇതോടെ അമ്മ ഭക്ഷണം കൊണ്ടുവന്ന് പുറത്ത് വച്ചിട്ടു പോയി. എടുത്തുകഴിച്ചു.

ഞാൻ മിസ്സിങ്!

ഇതിനിടെ ഒന്നരയായപ്പോഴാണ് കമ്മിഷണറുടെ ഓഫിസിൽനിന്ന് വിളി വരുന്നത്. അനൂപ് മിസിങ് ആണെന്നാണ് അവർ പറഞ്ഞത്. അവൻ മുകളിലുണ്ടെന്ന് അമ്മ പറഞ്ഞ് ഫോൺ നമ്പർ കൊടുത്തു. തൊട്ടു പിന്നാലെ കലക്ടറേറ്റ്, മെഡിക്കൽ ഓഫിസ് തുടങ്ങി പലയിടത്തു നിന്ന് 15 കോളുകളോളം വന്നു. അനൂപ് എങ്ങനെയാണ് പുറത്തേക്കു വന്നതെന്നാണ് അവർ ചോദിക്കുന്നത്. നടന്ന കാര്യം പറഞ്ഞു. കൂടെയുള്ള യാത്രക്കാർ സാക്ഷികളാണെന്നും സിസിടിവി വേണമെങ്കിലും പരിശോധിക്കാമെന്നു പറഞ്ഞു.

കുറെ കഴിഞ്ഞ് കലക്ടറേറ്റിൽനിന്ന് ഒരു സ്ത്രീ വിളിച്ച്, അത് ഞങ്ങൾക്ക് പറ്റിയ തെറ്റാണ്, ഞങ്ങൾക്കെന്നു പറഞ്ഞാൽ എയർപോർട്ടിൽ സംഭവിച്ച തെറ്റാണ്, അനൂപ് സഹകരിക്കണം എന്നു പറഞ്ഞു. സഹകരിക്കാൻ ഒരു കുഴപ്പവുമില്ല. ഞാൻ സഹകരിക്കാനാണ് വന്നത്. എന്താണ് ചെയ്യണ്ടത് എന്നു ചോദിച്ചു. അനൂപിന്റെ വീട്ടിലേക്ക് ഒരു വണ്ടി വിടാം, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പോകണം എന്നു പറഞ്ഞു. ഞാൻ പോകാം എന്നും പറഞ്ഞു.

ആംബുലൻസാണ് വിടുന്നത് എന്നു പറഞ്ഞപ്പോൾ ചെറിയ പേടി തോന്നി. ആംബുലൻസ് വിട്ടാൽ എങ്ങനെയാണ്, നാട്ടുകാർ മുഴുവൻ അറിയില്ലേ. എനിക്ക് കൊറോണയാണയാണെന്നല്ലേ എല്ലാവരും വിചാരിക്കൂ എന്ന് അവരോടു പറഞ്ഞു. തലേന്നു രാത്രി തന്നെ അടുത്തുള്ള വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു വരുന്ന വിവരം. മൂന്നുമണിക്ക് ആംബുലൻസ് വന്നു. അവർ തന്നെ കതകു തുറന്ന് പുറത്തു കൊണ്ടു പോയി ആംബുലൻസിൽ കയറ്റി.

ഇപ്പോൾ വീട്ടുകാരും ക്വാറന്റീനിലായി

ഇപ്പോൾ കളമശേരിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലാണ്. വീട്ടിൽ ഒന്നും അറിയാത്ത അപ്പനും അമ്മയും അനിയത്തിയും ക്വാറന്റീനിലായി. ഞാൻ വെട്ടിച്ചു വന്നെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം വാർത്ത വന്നത്. ഇതോടെ മാനസികമായി ആകെ തളർന്നു. ഇപ്പോൾ ഫോണിലേക്കു നിറയെ വിളികളും മെസേജുമാണ്. മറുപടി പറഞ്ഞ് മടുത്തു. അവരോട് പറ‍ഞ്ഞപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാനാണ് പറയുന്നത്. ഞാൻ എത്ര ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും? ഇതിനിടെ ആരോ അന്വേഷിക്കാൻ കൂട്ടുകാരനെ വിളിച്ചെന്നു പറഞ്ഞു. വിമാനത്താവളത്തിൽ വച്ചു തന്നെ കടവന്ത്ര പൊലീസിൽ റിപ്പോർട്ട് ചെയ്തതുകൊണ്ട് അത് തെളിവായുണ്ട്. സിസിടിവിയിലും കാണാം. യാത്രക്കാരിൽ രണ്ടു പേരുടെ നമ്പർ വാങ്ങിയിട്ടുണ്ട്. അവരോട് ചോദിച്ചാലും അറിയാം. ഹൈബി ഈഡൻ എംപിയെ ഉൾപ്പെടെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഇത്ര പേടിയാണേൽ അവിടെ ഇരിക്കണോ

വിമാനത്താവളത്തിൽ എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ഇരിക്കുന്നത്. നമ്മൾ മാസ്കും ഗ്ലൗസും ധരിച്ചിട്ടുണ്ട്. എന്നിട്ടും സംസാരിക്കാൻ പോലും അനുവദിക്കാതെ ഓടിച്ചു വിടുകയായിരുന്നു. ഒരു എത്തും പിടിയുമില്ലാതെ എത്ര സമയം അവിടെ നോക്കി നിന്നെന്ന് സിസിടിവി നോക്കിയാൽ അറിയാം. ഒരാളും സഹകരിക്കുന്നില്ല. ഒരു സ്ത്രീ കരഞ്ഞു പറഞ്ഞിട്ട് അത് പരിഗണിക്കാതെ നിൽക്കുന്നതും സിസിടിവിയിൽ നോക്കിയാൽ കാണാം. അവർക്ക് ഇത്ര പേടിയാണെങ്കിൽ അവിടെ ഇരിക്കണോ? കലക്ടറുടെ നേതൃത്വത്തിൽ ഒരു മിന്നൽ പരിശോധന നടത്തിയാൽ അറിയാം അവിടെ എന്താണ് നടക്കുന്നതെന്ന്. അവർ പേടിച്ചിട്ട് സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല.

ഒരു ദിവസം മുഴുവൻ പട്ടിണി

ഫ്ലൈറ്റിൽ കയറുമ്പോൾ ഒന്നും കഴിച്ചിരുന്നില്ല. പരിശോധനയ്ക്ക് എന്നു പറഞ്ഞ് രാവിലെ എയർപോർട്ടിൽ കമ്പനി വണ്ടിയിൽ കൊണ്ടുവന്ന് വിട്ടതാണ്. തലേന്ന് രാത്രിയിലാണ് ഭക്ഷണം കഴിച്ചത്. അന്നൊരു ദിവസം മുഴുവൻ ഒന്നും കഴിച്ചില്ല. രാത്രി വിമാനത്താവളത്തിൽ വച്ച് തന്നത് ഒരു ബണ്ണും ഒരു ബിസ്കറ്റും വെള്ളവുമാണ്. ഇതാണ് അന്നു രാത്രി കഴിച്ചത്. യാത്ര ചെയ്യുന്ന ഗർഭിണികളുണ്ട്. അവർക്കും ഇതാണ് കൊടുക്കുന്നത്. കായംകുളത്തു നിന്നും കണ്ണൂരിൽ നിന്നും ഉള്ളവരെല്ലാം ഉണ്ടായിരുന്നു. അവരെല്ലാം ഇത് കഴിച്ചിട്ടാണ് പോകുന്നത്. വിമാനത്താവളത്തിലാണെങ്കിൽ ഒരു സാധനവും വാങ്ങാനുള്ള സൗകര്യമില്ല. തിരുവനന്തപുരത്ത് ഇറങ്ങുന്നവർക്ക് ഭക്ഷണം വാങ്ങാനുള്ള സൗകര്യമുണ്ട്. ഇവിടെ ഒരു സാധനവും വാങ്ങാൻ സംവിധാനവുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com