ADVERTISEMENT

ഹൈദരാബാദ് ∙ ഒരു കുടുംബത്തിലെ ആറു പേർ ഉൾപ്പെടെ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം. അതിഥി തൊഴിലാളിയായ മക്സൂദ് ആലം, ഭാര്യ നിഷ, ആൺമക്കളായ സൊഹൈൽ, ഷബാദ്, മകൾ ബുഷ്ര, മകളുടെ മൂന്നു വയസ്സുകാരനായ മകൻ, ത്രിപുര സ്വദേശിയായ ഷക്കീൽ അഹമ്മദ്, ബിഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടും അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കണ്ടെത്തിയത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽ മൃതദേഹങ്ങളിൽ പരുക്കുകളൊന്നുമില്ല. ഇവ പോസ്റ്റ്‌മോർട്ടത്തിനായി വാറങ്കലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

20 വർഷം മുൻപു ബംഗാളിൽ നിന്നു വാറങ്കലിലേക്കു കുടിയേറിയതാണ് മക്സൂദും കുടുംബവും. ചണം മില്ലിലെ തൊഴിലാളികളാണ് ഇവർ. കരിമാബാദിലെ വാടക വീട്ടിലായിരുന്നു ആറംഗ കുടുംബത്തിന്റെ താമസം. വിവാഹമോചനത്തിനു പിന്നാലെയാണ് മക്സൂദിന്റെ മകൾ മൂന്നു വയസുകാരനായ മകനെയും കൂട്ടി അച്ഛനൊപ്പം താമസം തുടങ്ങിയത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഇവർ ജോലി ചെയ്തിരുന്ന ചണം മില്ലിന്റെ ഗോഡൗണിന്റെ താഴത്തെ നിലയിലായിരുന്നു ഇവരുടെ താമസം. ഈ സമയം മുകളിലത്തെ നിലയിൽ താമസിച്ചിരുന്നതാണ് മരിച്ച ബിഹാർ സ്വദേശികൾ. മില്ലിലെ ഡ്രൈവറാണ് മരിച്ച ത്രിപുര സ്വദേശിയായ ഷക്കീൽ. മില്ലിന്റെ ഉടമ എസ്. ഭാസ്‌കർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവിടെ ചെന്നപ്പോൾ കുടുംബത്തെയും മറ്റു മൂന്നു പേരെയും കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പ്രാഥമിക ഘട്ടത്തിൽ കുടുംബത്തെ കാണാതായതിനു പിന്നിൽ മറ്റു മൂന്നു പേരെയും സംശയിച്ചിരുന്നെന്നും എന്നാൽ പിന്നീട് അവരുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയായിരിക്കുമെന്ന വാദം തള്ളിയ എസിപി ശ്യാം സുന്ദർ കുടുംബത്തോടൊപ്പം മറ്റു മൂന്നു പേരുടേയും മൃതദേഹങ്ങൾ കിട്ടിയത് ദുരൂഹത വർധിപ്പിക്കുന്നെന്നും പൊലീസ് എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അറിയിച്ചു. കുടുംബം താമസിച്ച മുറിയിൽ നിന്നു പാതികഴിച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായ മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary: Telangana: Nine migrants, including six of a family, found dead in Warangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com