ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് - 39 പേര്‍. 

ഇന്നു രോഗം ബാധിച്ച  21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയിൽനിന്നും വന്ന ഓരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന 17 പേർക്കാണ് കോവിഡ് പോസിറ്റീവായത്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക്‌ രോഗം സ്ഥിരീകരിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം  732 ആയി.  216 പേര്‍ ചികിൽസയിലുണ്ട്. 84258  പേർ നിരീക്ഷണത്തിലുണ്ട്. 83649 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 49535 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

പാലക്കാട് 24, കാസർകോട് 21, കോഴിക്കോട് 19 എന്നിങ്ങനെയാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 28 ഹോട്സ്പോട്ടുകൾ. 82299 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നു. വിദേശത്തുനിന്നു വന്നവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്റീനിലാണ്.

ഇന്ന് വൈറസ്് ബാധിതരിൽ ഉണ്ടായ വർധന വളരെയധികം ആശങ്കയുയർത്തുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ച് നിസഹായത പ്രകടിപ്പിക്കില്ല. ലോക്ഡൗൺ നിയന്ത്രണങ്ങവിൽ ഇളവു വരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചതിനാൽ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികളെയും വയോജനങ്ങളെയിമായി പുറത്തിറങ്ങരുത്. റിവേഴ്സ് ക്വാറന്റീൻ നിർദേശിക്കുന്നത് കുട്ടികളിലും വയോജനങ്ങളിലും രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ്. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഇതു സംബന്ധിച്ച് മർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി.  

വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം. ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് നിർബന്ധമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടൻ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയർഫോഴ്സിന്റെ  സഹായത്തോടെ അണുവിമുക്തമാക്കും. 

തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ആരോഗ്യചിട്ടകൾ അടങ്ങിയ നിർദേശങ്ങളും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർേദശം നൽകി. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാസ്കുകൾ എൻഎസ്എസ് വഴി വിതരണം ചെയ്യും.

തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയർഫോഴ്സ്, പൊലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്എസ്എൽസി 1856, എച്ച്എസ്‌സി 8835, വിഎച്ച്എസ്‌സി 219 എന്നിങ്ങനെ 10920 കുട്ടികൾ അപേക്ഷ സമർപ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിദ്യാഭ്യാസ ഓഫിസർമാർ ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ എത്തിക്കും.

ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാം പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് അനുമതി ലഭ്യമായി. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനും അവസരം ഒരുങ്ങും. ഏതെങ്കിലും വിദ്യാർഥികൾക്ക് പരീക്ഷ എഴിതാൻ ഈ തീയതികളിൽ കഴിഞ്ഞില്ലെങ്കിൽ അവർ ആശങ്കപ്പെടേണ്ടതില്ല. അവർക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ സേ പരീക്ഷക്കൊപ്പം റെഗുലർ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങൾ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസർമാരും ഉള്‍പ്പെടെ 23  മുതൽ വാർ റൂമുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണിനും ശേഷം സംസ്ഥാനത്തെ കോളജുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജൂൺ 1നു തന്നെ കോളജുകൾ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ നടത്തണം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്തവർക്ക് അതിനുള്ള ക്രമീകരണത്തിനായി പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തി. സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഓൺലൈൻ ക്ലാസുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനൽ പോലെ ടിവി, ഡിടിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രാപ്പകൽ ജോലി ചെയ്യുന്ന ഒരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് പൊലീസിന്റെ പ്രവർത്തന ക്രമീകരണത്തിൽ മാറ്റം വരുത്തിയത്. അതിന്റെ ഭാഗമായി ഭാരംകുറഞ്ഞ ഫെയ്സ്ഷീൽഡുകൾ ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ 2000 ഫെയ്സ്ഷീൽഡുകൾ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇവ തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാർഹിക പീഡനങ്ങൾ തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്റെ നേതൃത്വത്തിൽ ഡോമസ്റ്റിക് കോൺഫ്ലിക്റ്റ് റെസലൂഷൻ സെന്ററുകൾ പ്രവർത്തനം തുടങ്ങി. എല്ലാ ജില്ലകളിലെയും ഇത്തരം കേന്ദ്രങ്ങളിൽ ഇതുവരെ 340 പരാതികളാണ് ലഭിച്ചത്. ഇതിൽ 254 എണ്ണത്തിൽ കൗൺസിലിങ്ങിലൂടെ പരിഹാരം കാണാൻ കഴിഞ്ഞു. 

പെരുന്നാളിന് പതിവു രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്ത് എങ്ങുമില്ല. പള്ളകളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണ്. ഇത്തവണ ഇത് വീടുകളിലാണ് നടത്തുന്നത്. സാമൂഹിക സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാമുദായിക നേതാക്കൾ കൈക്കൊണ്ടത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽഫിത്തർ നൽകുന്നത്. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ട ശേഷം കടയിൽ പോയി സാധനം വാങ്ങുന്ന പതിവുണ്ട്. നിയന്ത്രണങ്ങൾ അതിന് തടസമാകുന്നതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്നും (വെള്ളിയാഴ്ച), ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നാളെയും (ശനിയാഴ്ച) ഒൻപതുമണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാളാവുകയാണെങ്കിൽ സമ്പൂർണ ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബസ്സുകളിലും ഓട്ടോകളിലും അനുവദിച്ചതിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നു. മാസ്ക് ധരിക്കാതെയും യാത്ര ചെയ്യുന്നവരുണ്ട്. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ പൊലീസിന് നിർദേശം നൽകി. തൊഴിലിനായി വിദേശത്ത് പോകേണ്ടവർക്ക് പ്രത്യേക പോർട്ടൽ സജ്ജമാക്കും. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യപരിശോധനാ സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി ലഭ്യമാക്കും. 

മാസ്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘിച്ച 100 പേർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു. ലോക്ഡൗൺ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ തുക ഒരുമിച്ച് അടയ്ക്കേണ്ട അവസ്ഥയിലാണ്. ഇവരുടെ ഫിക്സ‍‍ഡ് ചാർജിൽ ഇളവ് നൽകാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകിയെന്നു മുഖ്യമന്ത്രി പറഞ്ഞു.


English Summary
: Kerala covid updates, CM press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com