sections
MORE

സൂരജിന്റെ കയ്യിലെ വലിയ ബാഗ്, ഉത്രയെ കടിച്ച മൂർഖൻ; ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച്

Suraj-Uthra-Death
(ഇടതുനിന്ന് ഘടികാരക്രമത്തിൽ) പാമ്പുകടിയേറ്റു മരിച്ച ഉത്ര, ക്രൈംബ്രാഞ്ച് സംഘം ഉത്തരയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നു, ഉത്രയുടെ വീട്ടിൽ കണ്ടെത്തിയ പാമ്പ്.
SHARE

കൊല്ലം∙ അ‍ഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഉത്രയുടെ വീട്ടിലെ മുറിയിലായിരുന്നു സംഭവം. ഭർത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഇതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു  പരാതി നൽകിയിരുന്നു.

സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. മാത്രവുമല്ല സൂരജിന്റെ വീട്ടിൽവച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കൾ പറയുന്നത്. ഇതുൾപ്പെടെയുള്ള മാതാപിതാക്കളുടെ ആരോപണങ്ങളെപ്പറ്റി റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിൽ മൊഴിയെടുത്തതായാണു സൂചന. വരുംദിവസങ്ങളിലും ഇത് തുടരും. പ്രാഥമിക റിപ്പോർട്ട് വൈകാതെതന്നെ നൽകും. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

uthra
ഉത്ര

ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്. സൂരജ് കൊണ്ടുവന്ന ബാഗിൽ പാമ്പുണ്ടായിരുന്നെന്നാണു സംശയം. മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും. ഉത്രയുടെ ഭർത്താവിനു വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. അന്ന് അണലി വർഗത്തിൽപ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. ഇതിന്റെ തുടർചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടിൽ എത്തിയത്. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൂരജിനെ ചോദ്യം ചെയ്യുക. സൂരജിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

uthra
ഉത്ര

സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭർതൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറ‌ഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. 

മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. 2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒരു വയസ്സുള്ള മകനുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതൽ തെളിവുകൾ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. 

English Summary: Snake bite death of Kollam native woman; Crime Branch starts taking statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA