ADVERTISEMENT

കൊച്ചി ∙ സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ചു കയറ്റിയ രണ്ട് ബസുകൾ പൊലീസ് കസ്റ്റഡിയിൽ. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസുകൾ പിടികൂടിയത്. എറണാകുളത്തു നിന്നു ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന ബസ് തേവരയിൽ വച്ചും എറണാകുളം – പൂത്തോട്ട സർവീസ് നടത്തുന്ന ബസ് വളഞ്ഞമ്പലത്തു വച്ചുമാണ് പിടികൂടിയത്.

ഒരു സീറ്റിൽ ഒരാളെ മാത്രമേ കയറ്റാൻ പാടുള്ളൂ എന്നിരിക്കെ നിറയെ ആളുകളെ കയറ്റിയതിനാണ് ബസ് പിടികൂടിയതെന്ന് ഇൻസ്പെക്ടർ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് പരിശോധിക്കാൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ നഗരത്തിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ട്. നഗരത്തിലെ ഏതാണ്ട് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങിയതോടെ ജോലിക്കും മറ്റുമായി എത്തുന്നവരുണ്ട്. മുഴുവൻ ബസുകളും സർവീസ് നടത്താത്തതിനാൽ ബസ് സ്റ്റോപ്പുകളിൽ കാത്തു നിൽക്കുന്നവരുടെ എണ്ണം കാര്യമായി വർധിച്ചു. ഈ സാഹചര്യത്തിലാണ് ബസുകളിൽ ആളുകൾ തിക്കിക്കയറിത്തുടങ്ങിയത്.

ഓടാത്ത കാലയളവിലെ ഇൻഷുറൻസ്, ടാക്സ് ഇളവുകൾ ലഭിക്കുന്നതിന് രണ്ടു മാസം പൂർത്തിയാകാൻ ബസുകൾ കാത്തിരിക്കുന്നതിനാലാണ് എല്ലാ ബസുകൾക്കും സർവീസ് നടത്താൻ സാധിക്കാത്തത്. കാലാവധി കഴിഞ്ഞ് പുതിയ ഇൻഷുറൻസ് എടുത്ത് ഓടുന്ന ബസുകളും നഷ്ടം സഹിച്ച് ഓടുന്ന ബസുകളുമാണ് നിരത്തിലുള്ളതെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. എറണാകുളം ജില്ലാ ജന. സെക്രട്ടറി കെ.ബി. സുനീർ പറഞ്ഞു.

കഴിഞ്ഞ ദിവസവും സാമൂഹിക അകലം പാലിക്കാതെ ഓടിയ ബസുകൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. അയ്യായിരം രൂപ വരെയാണ് ബസുടമകളിൽ നിന്ന് ഈടാക്കുന്നത്. നഷ്ടം സഹിച്ച് ബസുകൾ സർവീസ് നടത്തുന്ന പശ്ചാത്തലത്തിൽ പൊലീസ് നടപടിക്കെതിരെ തൃക്കാക്കര എസിപിയെയും കലക്ടറെയും സമീപിക്കുമെന്ന് കെ.ബി. സുനീർ പറഞ്ഞു. മിക്ക സ്റ്റോപ്പുകളൽ നിന്നും ആളുകൾ കൂട്ടമായി ബസിൽ കയറുമ്പോൾ നിയന്ത്രിക്കുന്നതിന് കണ്ടക്ടർമാർക്ക് സാധിക്കാത്തതാണ് പ്രധാന പ്രശ്നം. നിയമം ലംഘിക്കുന്ന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ ബസുകാരെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: Lockdown Violation: Two Buses caught in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com