ADVERTISEMENT

ജയ്പുർ ∙ അതിഥി തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങുന്നതിനു ബസ് അനുവദിക്കുന്ന കാര്യത്തിൽ യുപി സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നു രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ബസുകൾ ഓടിക്കുന്ന കാര്യത്തിൽ അനാവശ്യ ന്യായങ്ങൾ നിരത്തി തടസം സൃഷ്ടിക്കുന്നതിനു യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ കേസെടുക്കണമെന്നു ഗതാഗത മന്ത്രി പ്രതാപ് സിങ് കച്ചാരിയാവാസും ആവശ്യപ്പെട്ടു.

ജൂൺ 30 വരെ അതിഥി തൊഴിലാളികളെ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന ബസുകളുടെ പെർമിറ്റും മറ്റു രേഖകളും പരിശോധിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശമാണു യുപി സർക്കാർ അട്ടിമറിക്കുന്നതെന്നു പൈലറ്റ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ദേശവ്യാപകമായ നയം പ്രഖ്യാപിക്കാത്തതു കേന്ദ്രത്തിന്റെ പിടിപ്പുകേടാണെന്നും പൈലറ്റ് പറഞ്ഞു.

കേന്ദ്ര സർക്കാരിൽനിന്നു സഹായമൊന്നും ലഭിക്കാതിരുന്നിട്ടുകൂടി സംസ്ഥാനം അതിഥി തൊഴിലാളികൾക്കും മറ്റുമായി ബസ് ഏർപ്പെടുത്തി. ബസുകൾ ഏർപ്പെടുത്തിയതിനു കേസെടുക്കുകയും അറസ്റ്റു നടത്തുകയും ചെയ്യുന്ന ബിജെപി സർക്കാരിന്റെ നടപടി അവരുടെ ഇടുങ്ങിയ ചിന്താഗതിയുടെ മറ്റൊരു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കോട്ടയിൽനിന്നു വിദ്യാർഥികളെ ഒഴിപ്പിച്ചതിനു ബസ് കൂലി ഇനത്തിൽ രാജസ്ഥാൻ സർക്കാർ 36 ലക്ഷം രൂപ ആവശ്യപ്പെട്ടതായും തുക നൽകിയതായും യുപി സർക്കാർ. ബസുകൾ തടഞ്ഞ സംഭവത്തിൽ പ്രിയങ്ക ഗാന്ധിയും യുപി സർക്കാരുമായുള്ള പോരു നടക്കുന്നതിനിടെയാണു യുപി സർക്കാർ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

കോട്ടയിൽ കുടുങ്ങിയ ആയിരക്കണക്കിന് അന്യസംസ്ഥാന വിദ്യാർഥികളെ ഏപ്രിലിൽ രാജസ്ഥാൻ സർക്കാർ ബസുകളിൽ അവരുടെ സംസ്ഥാനങ്ങളിൽ തിരികെ എത്തിച്ചിരുന്നു. സംസ്ഥാനത്തു കോവിഡ് ബാധിതരുടെ സംഖ്യ 6377 ആയി ഉയർന്നു. 152 പേർ മരിച്ചപ്പോൾ 3542 പേർ സുഖം പ്രാപിച്ചു. 

English Summary: Row Over Migrants: Sachin Pilot Demands Action Against Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com