ബെയ്ജിങ് ∙ ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കൾ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തിൽ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാൻ ചൈന. ഹോങ്കോങ്ങിലെ സ്ഥിതിഗതികൾ ഇനിയും നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും സമാനമായ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കുമെന്നു ചൈന ഭയപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ചൈനീസ് പാർലമെന്റിൽ പരിഗണനയ്ക്കു വരുന്ന നിയമം വഴി ഹോങ്കോങ്ങില്‍ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാനാണു നീക്കം.
ദേശസുരക്ഷാ നിയമം വഴി ഹോങ്കോങ്ങില്‍ പിടിമുറുക്കാമെന്നാണു ചൈനയുടെ കണക്കുകൂട്ടൽ. പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ ഇന്നുതന്നെ വിശദീകരിക്കുമെന്നു ചൈനീസ് നിയമസഭാ സ്പീക്കർ ഴാങ് യെസുയി അറിയിച്ചു. നിയമത്തെ െചാല്ലി ആശങ്കകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന നാഷനൽ പീപ്പിൾസ് കോൺഗ്രസ് നിയമത്തിന് സാധുത നൽകിയേക്കും. ചൈനീസ് നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. രാഷ്ട്രീയ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനാണ് ചൈനീസ് നീക്കമെന്നും അനുവദിക്കാൻ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുടെ നീക്കം വ്യക്തമല്ലെങ്കിലും വേണ്ട സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും യുഎസ് അഭിപ്രായപ്പെട്ടു.
രാജ്യദ്രോഹം, അട്ടിമറി പ്രവർത്തനങ്ങൾ എന്നിവ നിയമം മൂലം നിയന്ത്രിക്കാനുള്ള വ്യവസ്ഥകളാണ് ദേശസുരക്ഷാ നിയമത്തിൽ പ്രധാനമായി ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നാണ് സൂചന. ഹോങ്കോങ്ങിനു മേൽ എന്നെല്ലാം ചൈന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നെല്ലാം വൻപ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴി തുറന്നിട്ടുണ്ട്. ചൈനാവിരുദ്ധ വികാരങ്ങള്‍ ഇതിനു മുന്‍പും നിരവധി തവണ ഹോങ്കോങ്ങിലെ തെരുവുകളില്‍ അലയടിച്ചു. 79 ദിവസംവരെ 2014ലെ ‘കുടവിപ്ലവം’ എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭത്തിലും പേടിക്കാതിരുന്ന ചൈനീസ് ഭരണകൂടം 2019 ജൂൺ ആദ്യം തുടങ്ങിയ പുതിയ പ്രക്ഷോഭത്തിൽ പതറിപ്പോയി.

ഹോങ്കോങ്ങിലെ കേസുകളിൽ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാൻ അനുമതി നൽകുന്ന ബില്ലുമായി മുഖ്യഭരണാധികാരി (ചീഫ് എക്സിക്യൂട്ടീവ്) കാരി ലാം മുന്നോട്ടു വന്നപ്പോഴാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ബെയ്ജിങ്ങിലെ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായ പലരും ഹോങ്കോങ്ങിലുണ്ട്. അവരെ ചൈനയ്ക്കു വിട്ടുകൊടുക്കാൻ വഴിയൊരുക്കുന്നതായിരുന്നു ബിൽ. ഹോങ്കോങ്ങിൽ നിലനിൽക്കുന്ന വിധത്തിലുള്ള സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ചൈനയിൽ ഇല്ലാത്തതിനാൽ അവർക്കു ശിക്ഷ ഉറപ്പായിരുന്നു. ഈ നീതിനിഷേധത്തിനെതിരെ തുടങ്ങിയ സമരം ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമായി മാറാൻ അധികസമയം വേണ്ടി വന്നില്ല.
ചൈനയെ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പ്രഖ്യാപനത്തിന്റെ തുടർച്ചയാകും നിയമമെന്ന നിഗമനത്തിലാണു യുഎസ്. ഹോങ്കോങ്ങിന്റെയും തയ്വാന്റെയും സ്വതന്ത്ര അധികാരത്തെ ചൈന മാനിക്കണമെന്നു പറയുമ്പോഴും കരുതലോടെ മാത്രം നീങ്ങിയിരുന്ന യുഎസിന്റെ പുതിയ നിലപാടുകളും നിർണായകമാകും. കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈനയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന യുഎസ്, ദേശസുരക്ഷാ നിയമം മറ്റൊരു ആയുധമായി ഉപയോഗിക്കുമെന്ന ആശങ്ക ചൈനീസ് സർക്കാരിനുണ്ട്.

ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങ് (2,755 ചതുരശ്ര കിലോമീറ്റർ) 1997ലാണ് ചൈനയ്ക്കു തിരിച്ചുകിട്ടിയത്. വീണ്ടും ചൈനയുടെ ഭാഗമായെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി അവിടെയുള്ളത് ചൈനയുടേതിൽനിന്നു വ്യത്യസ്തമായ രാഷ്ട്രീയ സമ്പ്രദായമാണ്. ഇതിനെ ചൈനീസ് നേതാക്കൾ ‘ഒരു ചൈന, രണ്ടു വ്യവസ്ഥ' എന്നാണ് വിളിക്കുന്നത്. എന്നാൽ ജനാധിപത്യത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ രീതിയെ അട്ടിമറിക്കാനാണ് ചൈനീസ് ഭരണകൂടവും അവർക്ക് ഒത്താശ ചെയ്യുന്ന പ്രാദേശിക ഭരണകൂടവും ചെയ്യുന്നതെന്നാണ് സമരക്കാരുടെ ആരോപണം.
English Summary: US To React Strongly If China Makes Move On Hong Kong: Donald Trump