ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷത്തെ തുടർന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഒരു പ്രയാസവുമില്ല. പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാൻ വേണ്ടിയാണ് അവരും നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിക്കുന്നതിന് ആർക്കും ഒരു പ്രശ്‌നവുമില്ല. പക്ഷേ, വിളിക്കാൻ ആലോചിക്കുമ്പോൾ തന്നെ വിളിച്ചിട്ട് എന്താ കാര്യം എന്ന് തോന്നുന്ന പ്രതീതി ഉണ്ടാക്കാൻ പാടില്ലെന്ന് മാത്രം. എല്ലാ കാര്യത്തിലും ഒരു നെഗറ്റീവ് സമീപനം എല്ലാക്കാലത്തും നമ്മുടെ നാട്ടിൽ ആരും സ്വീകരിക്കാൻ പാടില്ല.

എതിർക്കേണ്ട കാര്യങ്ങളെ എതിർക്കണം. അതിനെ ആരും ചോദ്യം ചെയ്യില്ല. അതിൽ ശരിയുണ്ടെങ്കിൽ സർക്കാർ സ്വീകരിക്കും. പ്രതിപക്ഷത്ത് ക്രിയാത്മകമായി ചിന്തിക്കുന്ന ധാരാളം പേരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് തന്റെ ജന്മദിനത്തിനൊന്നും പ്രസക്തിയില്ലെന്നും നാട് നേരിടേണ്ടി വരുന്ന പ്രശ്‌നമാണ് പ്രധാനമായി കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നേരിടുന്നതിനുള്ള നടപടികൾ ച൪ച്ച ചെയ്യാൻ 27നു രാവിലെ 11നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. വിഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം. മുന്നോടിയായി 26നു രാവിലെ 10.30ന് സംസ്ഥാനത്തെ എംപിമാരുടെയും എംഎൽഎമാരുടെയും സംയുക്ത യോഗം നടക്കും.വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗത്തിൽ എംപിമാരും എംഎൽഎമാരും കലക്ടറേറ്റുകളിൽ എത്തി പങ്കെടുക്കും.

കോവിഡ് പ്രതിരോധ നടപടികൾ പ്രതിപക്ഷവുമായി ച൪ച്ച ചെയ്യുന്നില്ലെന്നും സർവകക്ഷി യോഗം വിളിച്ചു ചേ൪ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പും പ്രതിപക്ഷവുമായി ആലോചിച്ചിരുന്നില്ല.

കോവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കുന്നതിനൊപ്പം സംസ്ഥാനത്തിനു കാര്യമായ സഹായം നൽകാത്ത കേന്ദ്ര നടപടിയും മുഖ്യമന്ത്രി വിശദീകരിച്ചേക്കും.കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട പദ്ധതികൾ നേടിയെടുക്കാൻ സമ്മ൪ദം ചെലുത്തണമെന്ന് എംപിമാരോട് ആവശ്യപ്പെടും. ലോക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ വിശദീകരിക്കാനായി യോഗം വിളിച്ചതിൽ പ്രതിപക്ഷ കക്ഷികളിലെ പലർക്കും പ്രതിഷേധമുണ്ട്.പങ്കെടുക്കില്ലെന്നു കെ.മുരളീധരൻ എംപി അറിയിച്ചു.

English Summary : CM Pinarayi Vijayan on Opposition and birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com