sections
MORE

ലോക്ഡൗണ്‍ ഫലപ്രദം: 37,000-78,000 വരെ മരണങ്ങള്‍ തടയാനായെന്നു കേന്ദ്രം

india-covid-popy
SHARE

ന്യൂഡല്‍ഹി∙ കോവിഡിനെ ചെറുക്കാന്‍ ലോക്ഡൗണ്‍ അത്ര ഫലപ്രദമായിരുന്നോയെന്നു വിവിധ കോണുകളില്‍നിന്നു ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കൃത്യമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം രാജ്യത്ത് ഏകദേശം 14-19 ലക്ഷം കോവിഡ് കേസുകളും 37,000-78,000 വരെ കോവിഡ് മരണങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആദ്യ രണ്ടുഘട്ട ലോക്ഡൗണ്‍ വിവരങ്ങള്‍ വിശകലനം ചെയ്ത് നിതി അയോഗ് അംഗം ഡോ. വി.കെ. പോളാണ് ഇക്കാര്യം സൂചിപ്പിച്ചത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു മൂലം വൈറസ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ മൂന്നിന് പ്രതിദിനം 22.6 ശതമാനം പുതിയ കേസുകളാണ് ഉണ്ടായിരുന്നത്. ക്രമാതീതമായിരുന്നു വൈറസിന്റെ പ്രതികരണം. എന്നാല്‍ ഏപ്രില്‍ 4-നു ശേഷം രോഗികളുടെ എണ്ണം കുറഞ്ഞു. ഇപ്പോഴത് 5.5 ശതമാനമായി ഒതുങ്ങി. മാര്‍ച്ച് 25-നാണു ലോക്ഡൗണ്‍ തുടങ്ങിയത്. രോഗവ്യാപനം കുറച്ചതിനു പുറമേ സര്‍ക്കാരിന് ആവശ്യമായ തയാറെടുപ്പുകള്‍ നടത്താനുളള സാവകാശവും ലഭിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കാനും കഴിഞ്ഞു. ആവശ്യമുള്ള മരുന്നുകള്‍ ലഭിക്കാന്‍ അതുകൊണ്ടുതന്നെ കാലതാമസം ഉണ്ടായില്ലെന്നും ഡോ. പോള്‍ പറഞ്ഞു.

മേയ് 21-ലെ കണക്കനുസരിച്ച് രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്. 90 ശതമാനം കേസുകളും പത്തു സംസ്ഥാനങ്ങളിൽ നിന്നാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 ശതമാനം രോഗബാധിതരും മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുണ്ടായ 80 ശതമാനം മരണങ്ങളും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. 60 ശതമാനം മരണങ്ങളും മുംബൈ, അഹമ്മദാബാദ്, പുണെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ അഞ്ചു നഗരങ്ങളില്‍ നിന്നാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ ലോക്ഡൗണ്‍ മൂലം 36 മുതല്‍ 70 ലക്ഷം കോവിഡ് കേസുകളും 1.2-2.1 ലക്ഷം മരണങ്ങളും ഒഴിവാക്കപ്പെട്ടുവെന്നാണു വിലയിരുത്തപ്പെടുന്നത്.

English Summary: Covid-19: Lockdown prevented 37,000-78,000 deaths, govt says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA