ADVERTISEMENT

കൊച്ചി∙ ബവ്ക്യൂ ആപ്പിനു പരമാവധി ഏഴു ദിവസത്തിനുള്ളിൽ പ്ലേസ്റ്റോറിന്റെ അംഗീകാരം ലഭിക്കുമെന്ന് ഫെയർകോഡ് ടെക്നോളജീസ് ഡയറക്ടർ ബോർഡ് അംഗം നവീൻ ജോർജ്. അതിനു മുമ്പുതന്നെ അനുമതി ലഭിച്ചേക്കാം. ആപ് വൈകുന്നത് സംബന്ധിച്ച് ചോദ്യങ്ങളെക്കുറിച്ച് നവീൻ ജോർജ് മനോരമ ഓൺലൈനോട് പ്രതികരിച്ചു:

ഇങ്ങനെ ഒരു ആപ് തയാറായിട്ടില്ലെന്നാണ് പ്രധാന ആരോപണം. ശരിക്കും ആപ് തയാറായിട്ടുണ്ടോ?

കഴിഞ്ഞ തിങ്കളാഴ്ച (മേയ് 18ന്) ആപ് തയാറായി സെർവറുമായി ബന്ധിപ്പിക്കുകയും അഞ്ച് റൗണ്ട് ടെസ്റ്റിങ്ങും പൂർത്തിയാക്കി. ശനിയാഴ്ച പുലർച്ചെ(മേയ് 23) നാലു മണിക്ക് ഗൂഗിൾ പ്ലേസ്റ്റോറിലേയ്ക്ക് ഇത് അപ്‍ലോഡ് ചെയ്തു. അഞ്ച് റൗണ്ട് ടെസ്റ്റിങ് വേണോ. ഒരു റൗണ്ട് മതിയാവില്ലേ, കഴിവുള്ളവർക്ക് ഇതെല്ലാം എളുപ്പമല്ലേ, ചുമ്മാ പറയുന്നതാണ് എന്നെല്ലാം വ്യാജ പ്രചാരണങ്ങളുണ്ട്. ആപ്പിന്റെ സുരക്ഷാ പരിശോധന അഞ്ച് റൗണ്ടും നടത്തിയത് ഐടി മിഷൻ ഏൽപിച്ച ഒരു ടീമാണ്. അവർ സുരക്ഷാപരിശോധന നടത്തി ഓകെ ആയശേഷമാണ് പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തത്

ആപ് തയാറാക്കാൻ എത്ര ദിവസം വേണ്ടി വന്നു? ഇതൊക്കെ സിംപിളല്ലേ എന്ന ചോദ്യങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്?

മേയ് 15 വെള്ളിയാഴ്ചയാണ് ബെവ്കോയുമായി ഇതിനുളള കരാർ ഫൈനലൈസ് ചെയ്തത്. അന്നു വൈകിട്ട് കരാർ ഒപ്പിട്ടു. തുടർന്ന് മേയ് 16 ശനിയാഴ്ച മുതൽ വർക് ചെയ്ത് തിങ്കളാഴ്ച തന്നെ ആപ്ലിക്കേഷൻ തയാറാക്കി. തുടർന്ന് സെർവർ വർക്കും സെറ്റ് ചെയ്തു. ടെസ്റ്റിങ്ങ് പൂർത്തിയാകും മുമ്പു തന്നെ ഐടി മിഷൻ ഗൂഗിളിന്റെ അപ്രൂവൽ കിട്ടുന്നത് വൈകാതിരിക്കാൻ എക്സെപ്ഷനു വേണ്ടി ഗൂഗിളിനോട് അഭ്യർഥിച്ചിരുന്നു. സർക്കാർ തലത്തിലുള്ള ആപ്പാണെന്ന വിവരം ഗൂഗിളിനെ ധരിപ്പിച്ചിട്ടുണ്ട്. ഐടി മിഷനാണ് അത് ചെയ്തിട്ടുള്ളത്. സാധാരണ അഞ്ചു മുതൽ ഏഴു ദിവസം വരെ എടുക്കുന്നതിനു പകരം കുറച്ചു കൂടി പെട്ടെന്ന് ചെയ്ത് തരണം എന്നാണ് ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആപ് ഉപഭോക്താക്കളിലേക്ക് എത്താൻ ഇനി എന്ത് നടപടിക്രമമാണ് പൂർത്തിയാകാനുള്ളത്?

ആപ്പിന് ഗൂഗിളിന്റെ അനുമതിക്ക് ഒരു ദിവസം മുതൽ ഏഴു ദിവസം വരെ വേണ്ടി വന്നേക്കും എന്നേ ഇപ്പോഴും പറയാൻ സാധിക്കൂ. ഗൂഗിളിന്റെ ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞാൽ പബ്ലിഷ് ചെയ്യാൻ അനുമതി ലഭിക്കും. എന്നാലും ബവ്കൊ അത് പബ്ലിഷ് ചെയ്യുന്നില്ല. ഗൂഗിൾ പ്ലേസ്റ്റോറിൽ ഇട്ട് ഔട്‌ലെറ്റുകളും ഉൾപ്പെടുത്തി യൂസർ ലവൽ സാങ്കേതിക പരിശോധന നടത്തും. പതിനായിരക്കണക്കിന് പേർ ഒരേസമയം ആപ് സന്ദർശിക്കുന്ന സാഹചര്യം ടെക്നിക്കലി ക്രിയേറ്റ് ചെയ്യും. അത് ചെയ്യാൻ പോകുന്നതേ ഉള്ളൂ. അതിനും ശേഷം മാത്രമേ പബ്ലിഷ് ചെയ്യൂ. ബുധനാഴ്ച ഇറക്കും, വ്യാഴാഴ്ച ഇറക്കും ഇങ്ങനെ ആവശ്യമില്ലാതെ വാർത്തകൾ പോയതുകൊണ്ടാണ് മദ്യപാനികൾക്ക് ഇത്തരം ആശ തരരുത് എന്നെല്ലാം പറഞ്ഞ് ഫെയ്സ്ബുക്കിലും മറ്റും കമന്റുകൾ വരുന്നത്. 

എന്തിനാണ് ആപ്? വെബ്സൈറ്റ് ചെയ്താൽപോരേ എന്നു എന്നു ചോദിക്കുന്നവരുണ്ട്?

വെബ്സൈറ്റ് വേണ്ട എന്നു തീരുമാനിക്കാനുള്ള പ്രധാന കാരണം ലോഡ് കൈകാര്യം ചെയ്യുന്നതിലെ പ്രശ്നമാണ്. ശബരിമല ആപ്പിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്ന ലോഡ് ആയിരിക്കില്ല ഇതിനുണ്ടാകുക. ലോക്കലായി ഡാറ്റ പരമാവധി സ്റ്റോർ ചെയ്യാൻ വയ്ക്കുന്ന മോഡലാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആപ് ആക്കിയത്. ഇപ്പോൾ ആപ് സിംപിൾ ആയി ചെയ്താലും പിന്നീട് വിപുലീകരിക്കണമെങ്കിൽ സാധിക്കും. 

കമ്പനിയുടെ തിരഞ്ഞെടുപ്പിൽ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച്?

ഞങ്ങൾ ഗവൺമെന്റിനെ ആദ്യം അപ്രോച്ച് ചെയ്തത് ഫ്രീ ആപ് ആയി ചെയ്യാൻ വേണ്ടിയാണ്. പക്ഷെ എന്തു ചെയ്താലും കുറ്റം കണ്ടു പിടിക്കുന്നവരാണ് ഉള്ളത്. ഒരു രീതിയിൽ നല്ലതാണെങ്കിലും സെൻസേഷണലൈസ് ചെയ്യുന്നത് ശരിയല്ല. അതു കൊണ്ട് ബവ്കൊ തന്നെ പ്രോപ്പറായി ചെയ്യാമെന്നു പറഞ്ഞാണ് ടെൻഡർ ക്ഷണിച്ചത്. 30 കമ്പനികളാണ് തലത്തിൽ രംഗത്തുവന്നത്. അതിൽ അഞ്ചെണ്ണം തിരഞ്ഞെടുത്തു. ബവ്ക്യൂവിന് ടെണ്ടർ സമർപ്പിച്ച ആപ്പുകളുടെയെല്ലാം ആർക്കിടെക്ചർ ഏറെക്കുറെ സമാനമാണ്. ഓരോ ആർകിടെക്ചറും ഇവാലുവേറ്റ് ചെയ്ത് അതിന് സ്കോർ കണക്കാക്കിയാണ് അഞ്ചു കമ്പനികൾ അടങ്ങുന്ന പട്ടികയുണ്ടാക്കിയത്. അതിൽ വീണ്ടും പരിശോധിച്ച് കൂടിയ സ്കോർ ലഭിച്ചതിനാലാണ് ഫെയർകോഡ് ടെക്നോളജീസിനെ തിരഞ്ഞെടുത്തത്. അത് സാധാരണ നിലയിലുള്ള പ്രോസസ് ആണ്. ആദ്യ റൗണ്ടിലെ സ്കോറും അടുത്ത റൗണ്ടിലെ സ്കോറും  പരിഗണിച്ച് കൂടുതൽ സ്കോർ കിട്ടിയ കമ്പനി എന്ന നിലയിൽ തിരഞ്ഞെടുക്കുകയായിരുന്നു.‌ പിന്നെ രാഷ്ട്രീയക്കാർ ചെയ്യുന്നത് അവരുടെ ജോലിയാണ്. പ്രതിപക്ഷത്തുള്ളവർ അഭിപ്രായങ്ങൾ പറയും. അതിനു മറുപടി പറയാൻ ‍ഞങ്ങൾ രാഷ്ട്രീയക്കാരല്ലല്ലൊ. ഞങ്ങൾ അത് ചെയ്യുന്നത് ശരിയല്ല. ഏറ്റവും നല്ല രീതിയിൽ റിലീസ് ചെയ്യുക എന്നതാണ് ഞങ്ങളുടെ ജോലി. അതിനു ശേഷം സംസാരിക്കാമല്ലോ. അല്ലാതെ എന്തു പറഞ്ഞാലും അത് സംസാരം മാത്രമായി പോകും.

എത്ര പേർ ഒരേ സമയം ആപ്പിൽ കയറും എന്നാണ് പറഞ്ഞിരിക്കുന്നത്?

അത് ടെക്നിക്കൽ കാര്യമാണ്. അങ്ങനെ കൺവേ ചെയ്യാൻ സാധിക്കില്ല. സാധാരണ വരുന്ന തിരക്ക് ആലോചിച്ച് നോക്കുക. ഇത് തുറക്കുമ്പോൾ ഉണ്ടാകാവുന്ന തിരക്കും ആലോചിക്കുക. സാധാരണ ഒൻപതു മണി മുതൽ ഒൻപതു മണി വരെ എന്ന സമയം എന്നാണല്ലൊ. ഇപ്പോൾ സമയം കുറവുണ്ട്. നേരത്തെ വരുന്ന അത്ര പേർ വന്നേക്കില്ല. എന്നാൽ ഔട്‍ലറ്റുകളുടെ എണ്ണം കൂടുന്നുണ്ട്. ഏകദേശം ഉണ്ടായിരുന്ന അതേ ട്രാഫിക് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം നേരത്തെ ഏഴ് ലക്ഷം ബില്ല് എന്നാണ് കണക്കെങ്കിൽ അതേ ബില്ലുകൾ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആപ്പിനു പ്രതിഫലം കുപ്പികളുടെ എണ്ണം നോക്കിയാണോ? അതോ നിശ്ചിത തുക പ്ലസ് മെയിന്റനൻസ് എന്നപോലെയാണോ?

കുപ്പികളുടെ എണ്ണം പറഞ്ഞ് കാശു വാങ്ങുക എന്നൊന്നും കരാറിൽ ഒരിടത്തും പറയുന്നില്ല. കുപ്പിക്ക് അൻപതു പൈസ എന്നൊക്കെ വന്നത് വ്യാജ വാർത്തകളാണ്. അങ്ങനെ ഒരു കരാറുണ്ടോ എന്ന് അവസാന റൗണ്ടിലെത്തിയ കമ്പനികൾക്ക് എല്ലാം അറിയാം. ഞങ്ങൾക്ക് വെളിപ്പെടുത്താൻ പ്രയാസമുണ്ട്. കരാർ എങ്ങനെ എന്നത് വെളിപ്പെടുത്താനാവില്ല. അഭിപ്രായമായി പറയുകയാണെങ്കിൽ ബവ്കോയാണ് ഇതിന്റെ മുഴുവൻ ചെലവും എടുത്തു നടത്തുന്നത്. ബാറുകളും പാർലറുകളും മറ്റൊരു ഗ്രൂപ്പാണ്. അവർക്ക് ബവ്കോ ആപ് സൗജന്യമായി കൊടുക്കണം എന്നതിന്റെ ന്യായം അറിയില്ല. എന്തെങ്കിലും പൈസ വാങ്ങണോ വേണ്ടയോ എന്നത് ബവ്കോയാണ് തീരുമാനിക്കേണ്ടത്. ബാറുകൾ ഈ ആപ്പിനായി ഒരു പൈസ പോലും മുടക്കുന്നില്ല. ബവ്കോയാണ് ഞങ്ങളുടെ ക്ലൈന്റ്. ഞങ്ങൾ ആപ് സപ്ലയർ മാത്രം. ക്ലൈന്റാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞങ്ങൾക്ക് കരാർ ഉള്ളത് ബവ്കോയുമായാണ്. എന്നാൽ തുകയുടെ കാര്യത്തിൽ ഒന്നും വെളിപ്പെടുത്താനാവില്ല. 

കമ്പനിക്കു പിന്നിൽ ആരൊക്കെയാണ്? എന്താണ് മുൻപരിചയം?

2010 മുതൽ പ്രവർത്തിക്കുന്ന പരിചയസമ്പന്നരുടെ കമ്പനിയാണ് ഫെയർകോഡ് ടെക്നോളജീസ്. 2019 ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു എന്നേ ഉള്ളൂ. അതിനു മുമ്പ് പാർട്നർഷിപ്പ് ഫേം ആയിരുന്നു. സ്ഥാപനത്തിന് നാലു ഡയറക്ടർമാരാണ് ഉള്ളത്. അതിൽ സജീവമായുളളത് മൂന്നു പേരാണുള്ളത്. ഇതിൽ ഞാൻ കോട്ടയം സ്വദേശിയാണ്. രജിത്, എംജികെ വിഷ്ണു എന്നിവരാണ് മറ്റു രണ്ടു പേർ. നമ്മൾ മൂവരും എറണാകുളത്താണ് താമസിക്കുന്നത്. അരുൺ എന്ന മറ്റൊരു ഡയറക്ടറുമുണ്ട് കമ്പനിക്ക്. പ്രവർത്തനപരിചയമുള്ള കമ്പനിയാണ് ഞങ്ങളുടേത് എന്നതിലുപരി ഞങ്ങൾ ഡയറക്ടർമാരെക്കാൾ പ്രവർത്തനപരിചയമുള്ളവർ കമ്പനിക്കൊപ്പമുണ്ട്. വിദഗ്ധരായ പലരും ആപ് നിർമാണത്തിൽ സഹകരിക്കുന്നു. മികച്ച ടീമായിട്ടും കമ്പനിയെക്കുറിച്ച് കുറ്റം പറയുമ്പോഴാണ് വിഷമം. അത്ര കഷ്ടപ്പെട്ടാണ് വർക്ക് ചെയ്യുന്നത്.

English Summary: Where’s BevQ? App route to liquor sale in Kerala takes longer than necessary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com