sections
MORE

ഒസിഐക്കാരുടെ യാത്രാവിലക്കിന് ഇളവുകൾ; ബ്രിട്ടനിലെത്തുന്നവർക്ക് 14 ദിവസം ക്വാറന്റീൻ

covid-britain1
SHARE

ലണ്ടൻ∙ ഒസിഐ കാർഡ് ഉള്ളവർക്ക് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് ഭാഗികമായി പിൻവലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ രാവിലെയാണ്  പ്രത്യേക ഉത്തരവിലൂടെ നിയന്ത്രണത്തിന് ഭാഗിക ഇളവുകൾ അനുവദിച്ചത്. ഇന്ത്യക്കാരായ മാതാപിതാക്കൾക്ക്, വിദേശത്തുവച്ച് ജനിച്ചതിന്റെ പേരിൽ ഒസിഐ കാർഡ് ലഭിച്ച കൊച്ചുകുട്ടികൾ, നാട്ടിൽ കുടുംബാംഗങ്ങൾ മരണപ്പെട്ടവർ, ഒരാൾക്ക് ഇന്ത്യൻ പൗരത്വവും മറ്റൊരാൾക്ക് വിദേശപൗരത്വവുമുള്ള ദമ്പതിമാർ, മാതാപിതാക്കൾ ഇന്ത്യയിലായിരിക്കുകയും ഒസിഐ കാർഡോടെ വിദേശത്തു പഠിക്കുകയും ചെയ്യുന്ന സർവകലാശാല വിദ്യാർഥികൾ എന്നിവർക്കാണ് യാത്രാവിലക്ക് നീക്കിനൽകിയത്.

ഇവർക്ക് അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പേരു രജിസ്റ്റർ ചെയ്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്താം. സ്വകാര്യ വിമാനങ്ങൾ സർവീസ് തുടങ്ങുന്ന സാഹചര്യത്തിൽ അതിലും ഇന്ത്യയിലേക്ക് യാത്രചെയ്യാവുന്നതാണ്. 

മേയ് അഞ്ചിനായിരുന്നു പ്രത്യേക ഉത്തരവിലൂടെ ഇന്ത്യൻ സർക്കാർ വിദേശത്തുള്ളവരുടെ എല്ലാ ലൈഫ് ലോംങ് മൾട്ടി എൻട്രി വിസകളും തൽകാലത്തേക്ക് മരവിപ്പിച്ചത്. പ്രത്യേക കാരണം ഒന്നുമില്ലാതെ വന്ദേ ഭാരത് വിമാനങ്ങളിൽ കയറിക്കൂടാൻ ഒസിഐ കാർഡ് ഉടമകളായവർ വ്യപകമായി ശ്രമിച്ചതോടെയായിരുന്നു ഈ നടപടി. അത്യാവശ്യക്കാരോട് എംബസികളിൽ ബന്ധപ്പെടാൻ നിർദേശിച്ചുകൊണ്ടായിരുന്നു ഈ മരവിപ്പിക്കൽ. 

വിദേശത്തുനിന്നും ബ്രിട്ടനിലെത്തുന്നവർക്ക് അടുത്തമാസം എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കും. ക്വാറന്റീൻ നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1000 പൌണ്ടുവരെ പിഴ ചുമത്തും. ബ്രിട്ടീഷ് പൗരന്മാർക്കും ഈ നിയമം ബാധകമായിരിക്കും. വിമാനം, ട്രെയിൻ, ഫെറി എന്നിവയിലൂടെ എത്തുന്നവർ എമിഗ്രേഷൻ കൌണ്ടറുകളിൽ പ്രത്യേക ഫോം പൂരിപ്പിച്ച്, ക്വാറന്റെൻ കേന്ദ്രത്തിന്റെ വിലാസവും ബന്ധപ്പെടാനുള്ള നമ്പരും  നൽകണം. ഇവിടങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ മിന്നൽ പരിശോധനകൾ നടത്തും. 

അയർലൻഡിൽനിന്നും വരുന്നവർ, ലോറി ഡ്രൈവർമാർ, ആരോഗ്യ പ്രവർത്തകർ, സീസണൽ ഫാം വർക്കർമാർ എന്നിവർക്ക് ഈ ക്വാറന്റീൻ വ്യവസ്ഥകൾ ബാധകമായിരിക്കില്ല. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് 14 ദിവസത്തെ ഏകാന്തവാസം നിർബന്ധമാണെങ്കിലും ബ്രിട്ടന്റെ അധീനതയിലുള്ള ചാനൽ ഐലൻസിൽനിന്നും ഐൽ ഓഫ് മാനിൽനിന്നും ഉള്ളവർക്ക് ഇത് ബാധകമല്ല. സ്വന്തമായി ക്വാറന്റീൻ സൗകര്യം ഇല്ലാത്തവക്ക് സർക്കാർ സൗകര്യം ഒരുക്കും. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഈ നിബന്ധനകൾ ബാധകമാണെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ പ്രദേശിക ഭരണകൂടങ്ങൾക്ക് തീരുമാനമെടുക്കാം. 

മോർഗേജ് തിരിച്ചടവുകൾക്ക് ബ്രിട്ടണിൽ പ്രഖ്യാപിച്ചിരുന്ന മൂന്നുമാസത്തെ മൊറട്ടോറിയം മൂന്നുമാസം കൂടി നീട്ടി. ക്രെഡിറ്റ് റേറ്റിംങ്ങിനെ ബാധിക്കാത്താവിധം മാർച്ചിലാണ് തിരിച്ചടവുകൾ മൂന്നുമാസത്തേക്ക് സർക്കാർ മരവിപ്പിച്ചത് ജൂണിൽ അവസാനിക്കുന്ന ഈ മൊറോട്ടോറിയമാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് മൂന്നുമാസംകൂടി ഇപ്പോൾ നീട്ടിനൽകിയിരിക്കുുന്നത്.  

കോവിഡിനെത്തുടർന്നുണ്ടായ പ്രത്യേക സാമ്പത്തിക ബുദ്ധുമുട്ട് പരിഹരിക്കാൻ ബ്രിട്ടീഷ് സർക്കാർ 62.1 ബില്യൺ പൌണ്ട് ഈമാസം കടമെടുത്തു. ഇതോടെ സർക്കാരിന്റെ  ധനക്കമ്മി 298 ബില്യൺ പൗണ്ടായി ഉയരും. ലോക്ഡൗണിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടവർക്ക് ശമ്പളത്തിന്റെ 80 ശതമാനം നൽകുന്ന പദ്ധതിയാണ് പെട്ടെന്നുള്ള വലിയ സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമായത്. കോവിഡ് ബാധിച്ച് ഇന്നലെ 351 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,393 ആയി.  

English Summary: Relaxations for OCI card holders travel restrictions, Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA