ADVERTISEMENT

ബെംഗളൂരു∙ ശനിയാഴ്ച രാത്രി 8ന് കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ബെംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസാന കടമ്പയും യാത്രക്കാരെ വെള്ളം കുടിപ്പിച്ചു. നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ പ്രീബുക്ക് ചെയ്തവർ കോവിഡ് ജാഗ്രത സൈറ്റിൽനിന്ന് എൻട്രി പാസ് ഉറപ്പാക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ വ്യക്തമായിരുന്നില്ല. നോർക്ക, റെയിൽവേക്കു നൽകുന്ന ലിസ്റ്റ് പ്രകാരം പിഎൻആർ നമ്പറും കോച്ച് നമ്പറും എസ്എംഎസായി ലഭിക്കുമെന്നും, ഇതുപയോഗിച്ച് ജാഗ്രത പാസ് ഉറപ്പിക്കണമെന്നുമായിരുന്നു സൂചന.

എന്നാൽ ഇന്നലെ വൈകിട്ടോടെ ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്യാൻ യാത്രക്കാർക്കു ലഭിച്ച എസ്എംഎസിൽ പിഎൻആർ നമ്പർ വ്യക്തമാക്കിയിരുന്നില്ല. ഹെൽപ്‌ലൈനിൽ വിളിച്ചവരോട് ഏതെങ്കിലും 10 അക്ക പിൻഎൻആർ നമ്പറും കോച്ച് നമ്പറും നൽകിയാൽ മതിയെന്ന് നോർക്ക അറിയിച്ചു.

ലോക്ഡൗണിനെ തുടർന്ന് ബെംഗളൂരുവിൽ കുടുങ്ങിയ നിർമാണ തൊഴിലാളികളും ചികിത്സയ്ക്കെത്തിയവരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ്, മലയാളി സംഘടനകളുടെയും മറ്റും സഹായത്തോടെ നോർക്ക സൈറ്റിൽ സ്പെഷൽ ട്രെയിനിനായി റജിസ്റ്റർ ചെയ്തു പണമടച്ചത്. കഴിഞ്ഞ 4 ദിവസത്തിനിടെ 1600 പേരാണ് ബുക്ക് ചെയ്തത്. തുടർദിവസങ്ങളിൽ ട്രെയിൻ ഓടിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു സ്റ്റോപ്.

നടപടിക്രമം ഇങ്ങനെ

https://covid19jagratha.kerala.nic.in/home/addNewDomestic എന്ന ലിങ്കിൽ പബ്ലിക് സർവീസസ് എന്ന വിഭാഗത്തിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ന്യൂ റജിസ്ട്രേഷൻ വിത്ത് കോവിഡ് ജാഗ്രത എന്ന ഓപ്ഷനിൽ മൊബൈൽ നമ്പർ നൽകിയാൽ ഒറ്റത്തവണ പാസ്‍വേർഡ് (ഒടിപി) ലഭിക്കും. തുടർന്ന് സ്പെഷൽ വെഹിക്കിൾ ടൈപ്പ് ഓപ്ഷനിൽനിന്ന് ട്രെയിൻ തിരഞ്ഞെടുക്കണം. ബെംഗളൂരു- തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ഓപ്ഷൻ നൽകുന്നതോടെ എൻട്രി പാസ് ഉറപ്പാക്കാം. ഇതു ലഭിക്കുന്നവർക്കു മാത്രമേ റെയിൽവേ സ്റ്റേഷനിലെ തെർമൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പരിശോധന പൂർത്തിയാക്കി തുടർയാത്രയ്ക്ക് അവസരമുണ്ടാകൂ.

അമിത നിരക്കെന്ന് പരാതി

ബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ അമിത നിരക്ക് ഈടാക്കിയതായും പരാതി. നോർക്കയിലൂടെ പ്രീബുക്ക് ചെയ്തവർ 1000 രൂപയാണ് നൽ‌കേണ്ടി വന്നത്. ഇന്നലെ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ 975 രൂപയായിരുന്നു നിരക്ക്. ഡൽഹി–തിരുവനന്തപുരം 2,879 കിലോമീറ്റർ ഉള്ളപ്പോൾ ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു 845 കിലോമീറ്റർ മാത്രമാണുള്ളത്. ബെംഗളൂരുവിൽ നിന്ന് ഓടിക്കുന്നതു നോൺ എസി ചെയർ കാർ ആണെന്നാണ് സൂചന. പ്രത്യേക ട്രെയിനോടിക്കാൻ കേന്ദ്രം 85%, സംസ്ഥാന സർക്കാർ 15% എന്നിങ്ങനെയാണു ചെലവാക്കുന്നത്. എന്നാൽ കേരള സർക്കാർ ടിക്കറ്റ് വിൽപനയിലൂടെയാണ് ഇതിലേക്ക് പണം കണ്ടെത്തുന്നത്. പല സംസ്ഥാനങ്ങൾ സർക്കാർ ചെലവിലാണു സ്വന്തം നാട്ടുകാരെ തിരിച്ചു കൊണ്ടുപോകുന്നത്.

വിമാന സർവിസ് 25 മുതൽ

കേരളത്തിലേക്കു ബെംഗളൂരുവിൽ നിന്ന് 25 മുതലുള്ള വിമാന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു. യാത്രാ ദൈർഘ്യം അനുസരിച്ച് കേന്ദ്രം നിശ്ചയിച്ച പ്രകാരമാണ് ടിക്കറ്റ് നിരക്ക്. കൊച്ചി (3692 രൂപ), തിരുവനന്തപുരം (4064 രൂപ), കോഴിക്കോട് (6203) എന്നിങ്ങനെയാണ് അടുത്തയാഴ്ചയിലെ കുറഞ്ഞ വിമാന നിരക്ക്.

കണ്ണൂരിലേക്കു തിങ്കൾ മുതൽ നേരിട്ടുള്ള വിമാന സർവീസിൽ ബുക്കിങ് തുടങ്ങിയിട്ടില്ല. കൊച്ചി വഴിയുള്ള കണക്‌ഷൻ വിമാനത്തിൽ 5169 രൂപയാണ് കുറഞ്ഞ നിരക്ക്. 29 മുതൽ നേരിട്ടു സർവീസുണ്ട്; കുറഞ്ഞ നിരക്ക് 2093 രൂപ.

English Summary: Special train from Bengaluru to Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com