ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിലെ വാറങ്കലിൽ കിണറ്റിൽ നിന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. 48 മണിക്കൂറിനു ശേഷവും മരണം ആത്മഹത്യയോ കൊലപാതകമോയെന്ന് ഉറപ്പിക്കാൻ പൊലീസിനു സാധിച്ചിട്ടില്ല.

പരുത്തി ബാഗ് തുന്നുന്ന ജോലി ചെയ്തുവന്നിരുന്ന ബംഗാൾ സ്വദേശി ആലം, ഭാര്യ നിഷ, മക്കളായ സൊഹാലി, ഷബാദ്, മകൾ ബുഷ്‌ര, 3 വയസ്സുള്ള കൊച്ചുമകൻ, ത്രിപുര സ്വദേശി ഷക്കീൽ അഹമ്മദ്, ബിഹാറുകാരായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ മൃതദേഹങ്ങളിൽ പരുക്കുകളോ ശരീരത്തിൽ വിഷാംശമോ ഇല്ല.

ബുധനാഴ്ച രാത്രി 9.30ക്കും വ്യാഴാഴ്ച പുലർച്ചെ 5.30ക്കും ഇടയിലാണ് എല്ലാവരുടേയും മരണം സംഭവിച്ചിരുക്കുന്നതെന്നു അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.വെങ്കിടാ ലക്ഷമി പറഞ്ഞു. ‘ഇപ്പോൾ ഈ കേസിൽ യാതൊരു തെളിവുകളുമില്ല. വിശദമായ ഫൊറൻസിക് റിപ്പോർട്ടും കരളിൽ വിഷാംശം ഉണ്ടോയെന്ന് ഉൾപ്പെടെയുള്ള പരിശോധനകളുടെ റിപ്പോർട്ടും ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കൂ.’ – അവർ‌ പറഞ്ഞു.

കരീമാബാദിലെ വാടകവീട്ടിലായിരുന്നു ആലമും കുടുംബവും താമസിച്ചിരുന്നത്. ലോക്ഡൗണിനെ തുടർന്നു പരുത്തി മില്ലിന്റെ ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിൽ ഉടമയുടെ അനുമതിയോടെ താമസിച്ചു വരികയായിരുന്നു. ബിഹാറുകാരായ യുവാക്കൾ ഈ ഗോഡൗണിലെ ഒന്നാം നിലയിൽ ആയിരുന്നു താമസം. മില്ലുടമ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബുധനാഴ്ച, മകളുടെ മൂന്നു വയസ്സുള്ള മകന്റെ ജന്മദിനാഘോഷം നടത്തിയിരുന്നു. മരിച്ച എല്ലാവരും ഇതിൽ പങ്കെടുത്തിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം ഉൾപ്പെടെ താമസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായി പിരിഞ്ഞതിനെ തുടർ‌ന്നാണ് ബുഷ്‌ര മകനെയും കൂട്ടി അച്ഛനൊപ്പം താമസം തുടങ്ങിയത്.

വിവാചമോചനത്തിനു പിന്നാലെ യാക്കൂബ് പാഷ എന്നയാളുമായി ബാഷ്‌രയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. മരിച്ച ബിഹാർ സ്വദേശികളായ ഒരാൾക്ക് ബുഷ്‌രയുടെ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചെല്ലാം പൊലീസ് അന്വേഷണം ആരംഭിച്ചു. ബുഷ്‌രയുടെ മുൻ ഭർത്താവിനെയും ചോദ്യം ചെയ്യും.

English Summary: Telangana: Murder or suicide? Nine bodies found floating in Warangal borewell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com