ADVERTISEMENT

ലണ്ടൻ∙ ഫ്രാൻസിൽനിന്നും ഉൾപ്പെടെ വിദേശത്തുനിന്നും എത്തുന്നവർക്ക് ജൂൺ എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ പ്രഖ്യാപിച്ച ബ്രിട്ടന്റെ നടപടിക്ക് അതേ രീതിയിൽ മറുപടി നൽകി ഫ്രാൻസ്. ഫ്രാൻസിലെത്തുന്ന ബ്രിട്ടിഷുകാരും ജൂൺ എട്ടുമുതൽ 14 ദിവസം ക്വാറന്റീനിൽ പോകണം. ഇതോടെ ആയിരക്കണക്കിന് ആളുകളുടെ ലണ്ടൻ- പാരീസ് ബിസിനസ് യാത്രകളും ഇരു രാജ്യങ്ങളിലേക്കുമുള്ള ലക്ഷങ്ങളുടെ വിനോദയാത്രകളുമെല്ലാം നിലയ്ക്കുമെന്ന് ഉറപ്പായി. ഇംഗ്ലിഷ് ചാനലിലെ ഫെറി സർവീസിലും ചാനൽ ടണലിലൂടെയുള്ള യൂറോസ്റ്റാർ സർവീസിലുമൊന്നും ഇനി സഞ്ചരിക്കാൻ ആളില്ലാതാകും.

യൂറോപ്പിൽ വേനൽക്കാലമായാൽ ഏറ്റവും അധികം ആളുകൾ പരസ്പരം പോയിരുന്ന വൻ നഗരങ്ങളാണ് ലണ്ടനും പാരീസും. ട്രെയിനിലും ഫെറിയിലും വിമാനങ്ങളിലുമായി ദിവസേന പതിനായിരങ്ങളാണു യാത്ര ചെയ്തിരുന്നത്. ഇതൊന്നും ഇനി തൽകാലം ഉണ്ടാകില്ല എന്നു ചുരുക്കം. ബ്രിട്ടന്റെ ക്വാറന്റീൻ ചട്ടങ്ങളിൽനിന്നും റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ഒഴിവാക്കിയതുപോലെ ഫ്രാൻസിനെയും ഒഴിവാക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ പ്രഖ്യാപനം വന്നു മണിക്കൂറികൾക്കകം ഫ്രാൻസും അതേ നാണയത്തിൽ മറുപടി നൽകിയത്. ബ്രിട്ടന്റെ തീരുമാനത്തിൽ നിരാശയും ഖേദവും അറിയിച്ചുകൊണ്ടായിരുന്നു ഫ്രാൻസിന്റെ മറുപടി.

തങ്ങളുടെ പൗരന്മാർക്ക് ക്വാറന്റീൻ വിലക്കുകൾ ഏർപ്പെടുത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതേപടി മറുപടി നൽകാനാണ് ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം സ്പാനിഷ് പൗരന്മാർക്കും ഫ്രാൻസ് ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളും പുതിയ ക്വാറന്റീൻ നിബന്ധനകൾ പ്രഖ്യാപിച്ചതോടെ ഈ വേനൽക്കാലത്തെ യൂറോപ്പിലെ ടൂറിസം, വ്യോമയാന വ്യവസായങ്ങൾ കോവിഡ് കവരുമെന്ന് ഉറപ്പായി.

പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വീട്ടിൽനിന്നും ഇറങ്ങിയോടി വാർത്തകളിൽ ഇടംപിടിച്ച മുഖ്യ ഉപദേശകൻ ഡൊമിനിക് കമ്മിങ്ങ്സ് ലോക്ഡൗൺ നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.  ഐസലേഷനിലായിരിക്കെ ഭാര്യയെും കൂട്ടി ലണ്ടനിൽനിന്നും 260 മൈൽ യാത്രചെയ്ത് ഡറമിലെ മാതാപിതാക്കളുടെ അടുത്തെത്തി താമസിച്ചു എന്നാണ് കമ്മിങ്ങ്സിനെതിരായ ആരോപണം. 

ഇതിന്റെ പേരിൽ കമ്മിങ്ങ്സിന്റെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഈ യാത്ര അനിവാര്യമായിരുന്നു എന്നുകാട്ടി മുഖ്യ ഉപദേഷ്ടാവിനെ പിന്തുണയ്ക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫിസ്. 282 പേരാണ് ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,675 ആയി.

English Summary: UK Covid Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com