ADVERTISEMENT

മലപ്പുറം ∙ അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയും, കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനെ (45) വെറുതേ വിട്ടു. മഞ്ചേരി ഒന്നാംക്ലാസ് അഡിഷനൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതേ വിട്ടത്. 2018 മാർച്ച് 22ന് ആണ് സംഭവം. 53 സാക്ഷികളിൽ പ്രധാനസാക്ഷികൾ കൂറുമാറിയിരുന്നു. മകൾ ആതിര ഇതരസമുദായത്തിൽപെട്ടയാളെ വിവാഹം ചെയ്യുന്നതിലെ ദുരഭിമാനംമൂലം വിവാഹത്തലേന്ന് കുത്തിക്കൊന്നതായാണ് കേസ്.

ഇതര ജാതിയിലെ യുവാവുമായുള്ള വിവാഹതീരുമാനത്തില്‍ മകള്‍ ഉറച്ചുനിന്നതാണു പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറഞ്ഞിരുന്നത്. വിവാഹത്തലേന്നു പിതാവിന്റെ കുത്തേറ്റു മകള്‍ മരിച്ച സംഭവം ദുരഭിമാനക്കൊല തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇതര ജാതിയിലെ യുവാവുമായുള്ള മകളുടെ പ്രണയവും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും പിതാവിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആതിര(22) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് രാജനെ 2018 മാര്‍ച്ചിലാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ആതിരയെ കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവിന്റെയും പെണ്‍കുട്ടിയുടെയും കുടുംബങ്ങളെ സ്റ്റേഷനിലേക്കു പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇതര ജാതിയില്‍പെട്ടയാള്‍ക്കു മകളെ വിവാഹം കഴിച്ചുനല്‍കാന്‍ രാജന് എതിര്‍പ്പുണ്ടായിരുന്നു. പൊലീസിന്റെ മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമ്മതംമൂളിയത്. ക്ഷേത്രത്തില്‍വച്ചു വിവാഹം നടത്താന്‍ നിശ്ചയിച്ചാണു പിരിഞ്ഞത്. രാജന്‍ ഒഴികെ വീട്ടില്‍ മറ്റാര്‍ക്കും വിവാഹത്തോട് എതിര്‍പ്പില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണു രാജന്‍ മകളുമായി വഴക്കുണ്ടാക്കിയതും കുത്തിയതുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മധ്യസ്ഥചര്‍ച്ച നടത്തിയ പൊലീസ്, യുവതിക്കു സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു പ്രതിശ്രുത വരന്‍ ആരോപിച്ചിരുന്നു. ആതിരയ്ക്കു പിതാവില്‍നിന്നു ഭീഷണിയുണ്ടെന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നും യുവാവ് ആരോപിച്ചിരുന്നു.

English Summary: Areekode Honour Killing: Court Acquitted the Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com