ADVERTISEMENT

കൊല്ലം ∙ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയ പരിശോധനകൾക്കു തുടക്കമായി. മരിച്ച ഉത്രയുടെ അഞ്ചലിലെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധന തുടങ്ങി. ഉത്രയെ കടിച്ചത് ഇതേ പാമ്പു തന്നെയാണെന്ന് ഉറപ്പിക്കാനാണു പരിശോധന. പാമ്പിന്റെ ഡിഎന്‍എ പരിശോധിക്കും. ഹൈദരാബാദിലോ പുണെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളില്‍ എല്ലാ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നു ഡിജിപി പറഞ്ഞു.

ഉത്രയുടെ ഇടതു കൈത്തണ്ടയിൽ കടിയേറ്റ നിലയിലുള്ള മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്താണു പരിശോധിക്കുക. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലാണു നടപടികൾ. ഉത്രയുടെ മൃതദേഹം സംസ്കരിച്ചതിനു തൊട്ടടുത്തു തന്നെയാണു പാമ്പിനെയും കുഴിച്ചിട്ടത്. ഇതിന്റെ അടയാളമായി ഒരു കമ്പും നാട്ടിയിരുന്നു. 

അതേ സമയം, ഇന്നലെ മുതൽ കാണാതായ സൂരജിന്റെ മാതാവും ഉത്രയുടെ കുഞ്ഞും അടൂരിലെ സൂരജിന്റെ വീട്ടിൽ തിരിച്ചെത്തി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നിർദേശാനുസരണം ഉത്രയുടെ മാതാപിതാക്കൾ അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുത്തു.

postmortem-of-snake-kollam
മരിച്ച ഉത്രയുടെ അഞ്ചലിലെ വീട്ടിൽ കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നു

ഇവർ അഞ്ചലിലെ വീട്ടിലെത്തി. നാലു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട സൂരജിന്റെ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു തുടങ്ങി. പാമ്പുമായി പോയ ബൈക്കും പിടിച്ചെടുത്തു. അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) മരിച്ച സംഭവത്തിലാണു ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27), പാമ്പ് പിടുത്തക്കാരനായ സഹായി പാരിപ്പള്ളി കുളത്തൂർക്കോണം കെഎസ് ഭവനിൽ എന്ന് സുരേഷ്കുമാർ (47 കല്ലുവാതുക്കൽ സുരേഷ്) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. 

കഴിഞ്ഞ 7നു രാവിലെയാണ് ഉത്രയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 2നു സൂരജിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റതിനെ തുടർന്നുള്ള ചികിൽസയ്ക്കായി മാതാപിതാക്കൾക്കൊപ്പം കുടുംബവീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും കടിയേൽക്കുന്നത്.

മൂന്നു മാസത്തിനിടയിൽ 2 തവണ ഉത്രയ്ക്ക് പാമ്പുകടിയേറ്റതും രണ്ടു തവണയും ഭർത്താവായ സൂരജിൻറെ സാന്നിധ്യം ഉണ്ടായിരുന്നതും മരണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുടെ സ്വത്തിനുമേൽ സൂരജ് അവകാശ വാദം ഉന്നയിച്ചതുമാണു സംഭവത്തിനു പിന്നിലെ സൂരജിന്റെ പങ്കിനെപ്പറ്റി സംശയം ഉയരാൻ കാരണം. ഇതോടെയാണ് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി റൂറൽ എസ്പിയെ സമീപിച്ചത്. തുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറി. ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അത്യപൂർവമായ കേസ് അന്വേഷിച്ചത്. 

Content highlights: Kollam Murder, postmortem of snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com