ADVERTISEMENT

ന്യൂഡൽഹി∙ രാജ്യവ്യാപകമായി ലോക്ഡൗൺ തുടരാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെയും കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള തന്ത്രത്തെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നു രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളി. കൊറോണ വൈറസ് കേസുകൾ ഈ കാലയളവിൽ വർധിച്ചതിനാൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗൺ പരാജയപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയുള്ള വാർത്താ സമ്മേളനത്തിലാണ് മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ഇന്ത്യയിലെ ലോക്ഡൗൺ പരാജയപ്പെട്ടു. ലോക്ഡൗണിന്റെ നാലു ഘട്ടങ്ങൾ പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ലോക്ഡൗൺ ഇളവ് ചെയ്യാനുള്ള സർക്കാരിന്റെ നടപടിയെയും അദ്ദേഹം ആക്ഷേപിച്ചു. രോഗികളുടെ എണ്ണം അതിവേഗം ഉയരുമ്പോൾ ലോക്ഡൗൺ നീക്കം ചെയ്യുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കേസുകൾ കുറയുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും അവകാശപ്പെട്ടെങ്കിലും അത് സംഭവിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

‘സർക്കാരിന്റെ തന്ത്രമെന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രോഗം തടയുന്നതിനെക്കുറിച്ചും അതിഥി തൊഴിലാളികളെയും ചെറുകിട–ഇടത്തരം സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനെക്കുറിച്ചും എന്താണ് ചിന്തിക്കുന്നത്. ലോക്ഡൗൺ പരാജയപ്പെട്ടു. അടുത്ത ഘട്ടത്തിലെ സർക്കാരിന്റെ തന്ത്രം അറിയേണ്ടതുണ്ട്. കേന്ദ്രം പ്ലാൻ ‘ബി’ വെളിപ്പെടുത്തണം’– രാഹുൽ ഗാന്ധി പറഞ്ഞു.

ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്നു. ഈ പ്രതിസന്ധിയിൽ അതിജീവിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ദരിദ്രർക്ക് നേരിട്ട് പണം നൽകുന്നു. പക്ഷേ ഞങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. ഇപ്പോൾ പിന്തുണയില്ലാതെ സർക്കാർ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണ്. കോൺഗ്രസ് സർക്കാരുകൾ കർഷകരെയും കുടിയേറ്റക്കാരെയും പിന്തുണയ്ക്കുന്നു. ഞങ്ങൾ പണം നൽകുന്നു. പക്ഷേ നമ്മുടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

English Summary: Rahul Gandhi says India's lockdown has failed, asks Centre what’s Plan B to battle coronavirus

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com