ADVERTISEMENT

കോട്ടയം ∙ ഗോവയിലെ റിസോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ അമ്മ മിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കി. അഞ്ജനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ അഞ്ജനയ്ക്കു നേരിടേണ്ടി വന്നതായി സംശയിക്കുന്നതായും അമ്മ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയാണെങ്കില്‍ തന്നെ അതിലേക്കു നയിച്ച കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കണമെന്നും മിനി അഭ്യര്‍ഥിക്കുന്നു.

നിരവധി സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു ഗ്രൂപ്പുകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗോവ, കേരള മുഖ്യമന്ത്രിമാര്‍ ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. അഞ്ജനയുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചതെന്നും അവളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും അമ്മ പരാതിപ്പെടുന്നു.

നീതി ഉറപ്പാക്കാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും മിനി ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിലൂടെ സാമൂഹ്യവിരുദ്ധ ശക്തികളെ നിയമത്തിനു മുന്നിലെത്തിച്ചാല്‍ രാജ്യത്ത് കൂടുതല്‍ അമ്മമാരും പെണ്‍മക്കളും സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഞ്ജനയുടെ അമ്മ വ്യക്തമാക്കി. ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കി.

അഞ്ജന മനോധൈര്യമുള്ള കുട്ടിയാണെന്നും അവളൊരിക്കലും ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നും മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂട്ടുകാര്‍ കൊണ്ടുപോയി ഇല്ലാതാക്കിയതാണെന്നാണ് അവര്‍ ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞത്. അഞ്ജനെയ കാണാനില്ലെന്നു കാട്ടി മുന്‍പും ഇവർ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ അഞ്ജനയെ കണ്ടെത്തിയ പൊലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. അഞ്ജനയുടെ അഭിപ്രായ പ്രകാരം കോടതി സംരക്ഷണച്ചുമതല ഏല്‍പ്പിച്ച് സാമൂഹിക പ്രവര്‍ത്തകയ്‌ക്കൊപ്പമാണ് അയച്ചത്.
ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ജനയെ ഗോവയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജനയുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ലൈംഗികചൂഷണത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ബ്രണ്ണന്‍ കോളജില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന സമയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അഞ്ജന ചിലരുമായി പരിചയത്തിലായതെന്ന് അമ്മ പറഞ്ഞിരുന്നു.

തുടര്‍ന്ന് രണ്ടു മാസത്തോളം വീട്ടിലേക്കു വരാതായി. പിന്നീട് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ രക്തത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്ക് കാര്യമായ ഫലം കാണാത്തതിനാല്‍ അവിടെ നിന്ന് തിരുവനന്തപുരത്ത് ഡീഅഡിക്ഷന്‍ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം ചികിത്സയിലായിരുന്നു. പണം തികയാത്തതിനാല്‍ ലോണ്‍ ഒക്കെ എടുത്താണ് ചികിത്സിച്ചതെന്നു മിനി പറഞ്ഞു.

അവിടത്തെ ചികിത്സയ്ക്കു ശേഷം അസുഖമൊക്കെ മാറി വീട്ടിലെത്തിയ അഞ്ജനയെ വീണ്ടും കൂട്ടുകാര്‍ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് വീട്ടിലേക്കു വരുന്നില്ലെന്നും കോഴിക്കോട്ടാണെന്നും അഞ്ജന അമ്മയെ അറിയിച്ചു. ഇതോടെയാണു മകളെ കാണാനില്ലെന്ന് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ അഞ്ജന കൂട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു. തുടര്‍ന്ന് ഗോവയ്ക്കാണു പോയത്.

അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അഞ്ജന വിളിച്ചിരുന്നതായി അമ്മ പറയുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നാണ് പറഞ്ഞത്. കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ തിരികെ വരാന്‍ പറ്റാത്ത അവസ്ഥയായി. മരിക്കുന്നതിന് തലേദിവസവും അഞ്ജന അമ്മയെ വിളിച്ചിരുന്നു. കാഞ്ഞങ്ങാടേക്ക് വണ്ടിയുമായി വരണം. ഞാന്‍ അങ്ങോട്ടു വരുന്നുണ്ട്. അമ്മയേയും അനിയത്തിയേയും കാണണം, നിങ്ങളുടെ കൂടെ ജീവിക്കണം എന്നു മകള്‍ പറഞ്ഞുവെന്നു മിനി പറഞ്ഞു. സന്തോഷത്തോടെ കാത്തിരിക്കുമ്പോഴാണ് മകള്‍ മരണത്തിനു കീഴടങ്ങിയ ദുഃഖവാര്‍ത്ത തേടിയെത്തിയതെന്നും മിനി പറഞ്ഞു.

English Summary: Anjana's mother submitted complaint to Prime Minister for enquiry on daughter's mysterious death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com