sections
MORE

ആശ്വാസമായി വന്നു, ആപ്പായി സാങ്കേതിക തടസ്സം; ‘കൊച്ചി കൊടുത്താൽ കോതമംഗലം’

kaladi-bar-bevco
കാലടി മരോട്ടിച്ചുവടിലെ ബാർ ഹോട്ടലിനു മുൻപിൽ മദ്യം വാങ്ങാൻ എത്തിയവരുടെ തിരക്ക്. ചിത്രം∙ ജോസ്‌കുട്ടി പനയ്ക്കൽ
SHARE

കൊച്ചി ∙ മദ്യവിതരണത്തിനു മൊബൈൽ ആപ് സംവിധാനം ഏർപ്പെടുത്തിയതിൽ സാങ്കേതികമായി ചില പരാജയങ്ങളുണ്ടായെങ്കിലും ആദ്യ ദിവസം വിതരണ കേന്ദ്രങ്ങളിൽ ഉണ്ടാകാമായിരുന്ന തിക്കുംതിരക്കും ഒഴിവാക്കി എന്നതിൽ സർക്കാരിന് ആശ്വസിക്കാം. ഏതാനും ചില കേന്ദ്രങ്ങളിൽ മാത്രം ആപ് ഇൻസ്റ്റാൾ ചെയ്യാതെ മദ്യം ലഭിക്കുമോ എന്നറിയാൻ ആളുകൾ എത്തിയെങ്കിലും പൊലീസിനും ബാറുകളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവരെ നിയന്ത്രിക്കാനായി.

ടോക്കൺ പ്രകാരം തൊട്ടടുത്ത മണിക്കൂറുകളിലെ സമയം ലഭിച്ച പലരും നേരത്തെ കിട്ടുമോ എന്നറിയാൻ എത്തിയിരുന്നു. വിരലിലെണ്ണാൻ മാത്രമുള്ളവരായതുകൊണ്ടു തന്നെ നിയന്ത്രണ വിധേയമായിരുന്നു. വൈകിയുള്ള സമയങ്ങളിലേക്കു ടോക്കൺ ലഭിച്ചിട്ടും നേരത്തെ എത്തിയവരെ പൊലീസ് ബാറുകളുടെ ഗേറ്റിനു പുറത്താക്കി. എറണാകുളത്ത് മിക്ക ബാറുകളിലും കൈ കഴുകിയ ശേഷം ക്യൂവിൽ നിൽക്കുന്നതിനും അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും രാവിലെ മുതൽ തന്നെ ബാർ പരിസരങ്ങളിൽ പരിശോധനയ്ക്കായി എത്തിയിരുന്നു. 

ബാറുടമകളും ആപ്പിൽ

ഉപഭോക്താവിന് ഫോണിൽ ലഭിച്ച ആപ്പിലൂടെ ലഭിക്കുന്ന ക്യൂആർ കോഡ് പരിശോധിക്കാൻ ബാർ ഉടമകൾക്കും ഒരു ആപ് നിർമിച്ച് നൽകിയിട്ടുണ്ട്. ഇത് പലർക്കും ലഭിക്കാതിരുന്നതും ഇതിന്റെ യൂസർനെയിം, പാസ്‌വേഡ് ഇവ ലഭിക്കാതിരുന്നതും ഒടിപി ലഭിക്കാത്തതുമെല്ലാം രാവിലെ മുതൽ ബാറുകളിൽ അനിശ്ചിതത്വത്തിന് ഇടയുണ്ടാക്കി. ഒടുവിൽ നിശ്ചിത സമയം അലോട് ചെയ്ത് ലഭിച്ചവർ ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെടുകയും അവർ എത്തുന്നതനുസരിച്ച് ടോക്കൺ നമ്പർ എഴുതി വച്ചും ഫോണിൽ ടോക്കൺ ഫോട്ടോ എടുത്തു വച്ചുമെല്ലാം മദ്യവിതരണം ആരംഭിക്കുകയായിരുന്നു. കൊച്ചിയിലും കോട്ടയത്തും തൃശൂരും തിരുവനന്തപുരത്തുമെല്ലാം ബാറുടമകൾ ഇതേ മാർഗം അവലംബിച്ചതോടെ മദ്യവിതരണത്തിലെ ആദ്യഘട്ട പ്രതിസന്ധി തരണം ചെയ്തു. വരും ദിവസങ്ങളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണക്കെടുപ്പിലും താമസം

നേരത്തെ ലോക്ഡൗണിനു ശേഷവും ബാറുടമകൾ രഹസ്യമായി മദ്യവിതരണം നടത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ബാറുകളിലെയും മദ്യത്തിന്റെ സ്റ്റോക്കെടുത്ത് സീൽ ചെയ്തിരുന്നു. ഇന്നു രാവിലെ ബാർ തുറന്നപ്പോൾ ചിലയിടങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തി ബാറുകളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച കണക്കെടുപ്പ് നടത്തി വിതരണാനുമതി നൽകാൻ താമസമുണ്ടായി. അതുകൊണ്ടു തന്നെ കൃത്യമയത്ത് വിതരണം തുടങ്ങാനായില്ല എന്ന് ബാർ ഉടമകൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നും കണക്കെടുപ്പുകൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. 

സർവത്ര ആശയക്കുഴപ്പം

ആപ് സേവനത്തിൽ തുടക്കം മുതൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും സാങ്കേതിക പ്രതിസന്ധികളും ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച രാത്രി 11 മണിക്കു ആപ് ലഭ്യമായി തുടങ്ങിയ ശേഷം ശേഷം ഇൻസ്റ്റാൾ ചെയ്യാ‍ൻ സാധിക്കുന്നില്ല എന്ന പരാതി പലവട്ടം ഉയർന്നു. വൺ ടൈം പാസ്‌വേഡ് ലഭിക്കുന്നില്ല എന്ന പരാതികൾ നിലനിൽക്കുകയാണ്. മിക്ക ആളുകളും മണിക്കൂറുകളാണ് ഒടിപി ലഭിക്കുന്നതിനായി കാത്തിരുന്നത് എന്നു പറയുന്നു.‌

നെറ്റ്‍വർക്ക് പ്രശ്നമാണെന്നു പറഞ്ഞ് തടിയൂരാനാണ് ഇക്കാര്യത്തിൽ ആപ് നിർമിച്ച കമ്പനി ശ്രമിക്കുന്നത്. ആപ്പിൽ ഒടിപി കിട്ടി ടൈം സ്ലോട്ടും അനുവദിച്ച് ക്യൂആർ കോഡും ലഭിച്ചവരിൽ ചിലർക്ക് പിന്നീട് ആപ് തുറക്കാൻ സാധിക്കുന്നില്ല എന്നും പരാതി പറയുന്നു. ടോക്കൺ കിട്ടി ഉടൻ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കാതിരുന്നതാണ് ഇവർക്ക് വിനയായത്. 

‘കൊച്ചി കൊടുത്താൽ കോതമംഗലത്ത്’ പോയി മദ്യം വാങ്ങണ്ട ഗതികേടാണെന്ന് പരാതിപ്പെടുന്നവരുമുണ്ട്. മദ്യം വാങ്ങാൻ 20 കിലോമീറ്റർ അകലെയുള്ള ബാറന്വേഷിച്ച് പോകേണ്ട സാഹചര്യമാണ് ആപ്പിലൂടെ പലർക്കും ലഭിച്ചത്. പനമ്പള്ളി നഗർ പിൻ കോഡ് കൊടുത്ത ചിലർക്ക് തോപ്പുംപടിയിലെ മദ്യവിതരണ കേന്ദ്രത്തിൽ നിന്ന് വാങ്ങാനാണ് അനുമതി ലഭിച്ചതത്രെ. 

ആപ്പ് സംബന്ധിച്ച് പരാതികൾ

പ്ലേ സ്റ്റോറിൽ കാണുന്നില്ല എന്നാണ് ആപ് പബ്ലിഷ് ആയപ്പോൾ മുതൽ ഉയരുന്ന പരാതി. സെർച്ചിൽ എത്താൻ സ്വാഭാവികമായ കാലതാമസം ഉണ്ടാകും എന്നാണ് ഇക്കാര്യത്തിൽ വിദഗ്ധർ പറയുന്നത്. ഇൻഡെക്സിങ് സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ പെട്ടെന്നു തന്നെ സെർച്ചിലൂടെ ലഭിക്കുമെന്നാണ് വിശദീകരണം. പത്തുലക്ഷം പേർ വരെ ഒരേ സമയം ടോക്കൺ അപേക്ഷ നൽകിയിട്ടുള്ളതിനാൽ ഒടിപി ക്യൂവിലായതാണ് മിക്ക ആളുകൾക്കും ലഭിക്കാതെ പോയതിന്റെ കാരണം. വരും ദിവസങ്ങളിൽ മെച്ചപ്പെട്ട നെറ്റ്‍വർക്കും എസ്എംഎസ് സെർവറും ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമാർഗം. 

ആപ്പ് യൂസർ ഇന്റർഫേസ്

ആപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തു വന്നപ്പോൾ മുതൽ യൂസർ ഇന്റർഫേസ് മോശമാണെന്ന പരാതി ഉയരുന്നുണ്ട്. ഒരു തവണ യൂസറുടെ പേര്, ഫോൺ നമ്പർ, പിൻകോഡ് ഇവ അടിച്ചു കൊടുത്താൽ ഒടിപി ലഭിക്കാതെ വന്ന് വീണ്ടും തുറക്കുമ്പോൾ എല്ലാം ആദ്യം മുതൽ കൊടുക്കേണ്ടി വരുന്നു. വളരെ ലളിതമായി ചെയ്യാവുന്ന സൗകര്യം പോലും ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് പരാതി. എന്തുകൊണ്ട് വെബ്സൈറ്റ് ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിന് കമ്പനി ഉടമകൾ പറഞ്ഞത് ഓരോ തവണയും പേര് അടിച്ചു കൊടുക്കുന്നതു പോലെയുള്ള പ്രശ്നങ്ങൾ ആപ്പ് ആണെങ്കിൽ ഒഴിവാക്കാൻ സാധിക്കും എന്നായിരുന്നു.

മറ്റൊന്ന് മൊബൈൽ നമ്പരോ പിൻകോഡോ അടിക്കുമ്പോൾ ഒരു ഡിജിറ്റ് കുറഞ്ഞു പോയാൽ യൂസറെ അലേർട് ചെയ്യുന്നില്ല എന്നതാണ്. ഇപ്പോഴുള്ള എല്ലാ ആപ്പുകളിലും ഒടിപി എസ്എംഎസ് ആയി വരുമ്പോൾ യൂസറുടെ വൺ ടച്ച് അനുമതിയിൽ ആപ്പ് തനിയെ എടുക്കുന്ന സംവിധാനമുണ്ട്. ഈ ആപ്പിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല എന്നത് പോരായ്മയാണ്. ലളിതമായി പരിഹരിക്കാവുന്ന പോരായ്മകൾ മാത്രമാണ് ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English Summary: BevQ finally dawns on Play Store, but glitches remain. Liquor sale resumes in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA