sections
MORE

വ്യാഴാഴ്ച 84 പേര്‍ക്ക് കോവിഡ്; ഏറ്റവും ഉയര്‍ന്ന നിരക്ക്; തെലങ്കാന സ്വദേശി മരിച്ചു

pinarayi-mask-popy
SHARE

തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 5 പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നു. 3 പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. 1മരണം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിൻ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.

കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം ഇടുക്കി ആലപ്പുഴ1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 9, കർണാടക 3, ഗുജറാത്ത് 2, ഡൽഹി 2 ആന്ധ്ര 1. സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1088 ആയി. 526 പേര്‍ ചികിൽസയിലുണ്ട്. 115297പേർ നിരീക്ഷണത്തിലുണ്ട്.  114305 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലും നിരീക്ഷണത്തിലാണ്. 992 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 210  പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 58460 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. 

കോവിഡ് മഹാമാരിക്കെതിരെ ജനങ്ങളാകെ ഒത്തുചേർന്നാണു പൊരുതുന്നത്. വൊളന്റിയർ സേനയിലെ അംഗങ്ങൾ സജീവമായി പങ്കാളികളാണ്. ജനങ്ങൾക്ക് അവശ്യം മരുന്നുകൾ എത്തിക്കുക, ക്വാറന്റീനിൽ ഉള്ളവരെ നിരീക്ഷിക്കുക, പൊലീസിനൊപ്പം പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവർ സജീവമാണ്. 100 പേർക്കു ഒരു വൊളന്റിയർ എന്ന നിലയിൽ 3.40 ലക്ഷം സന്നദ്ധ സേനയാണ് ലക്ഷ്യമിട്ടത്. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

ദുരന്ത മേഖലകളിൽ പൊലീസിനോടും ഫയർഫോഴ്സിനോടും ചേർന്നു ഇവർ പ്രവർത്തിക്കും. ഇവർക്ക് മികച്ച പരിശീലനം നൽകും. ജൂണിൽ 20,000 പേർക്കും ജൂലൈയിൽ 80,000 പേർക്കും ഒാഗസ്റ്റിൽ 1 ലക്ഷം പേർക്കും പരിശീലനം നൽകും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ ആയിട്ടാകും പരിശീലനം. ഞായറാഴ്ച ശുചീകരണത്തിൽ മറ്റുള്ളവരോടൊപ്പം ഈ സേനയും ഉണ്ടാകും. പ്രളയത്തിലും മറ്റും ജനങ്ങളെ രക്ഷിക്കാനും സഹായം എത്തിക്കാനും യുവജനങ്ങൾ നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിന്റെ വെളിച്ചത്തിലാണ് സേന രൂപീകരിച്ചത്. സേവന തൽപരതയോടെ ഇതിൽ ചേർന്നു പ്രവർത്തിക്കുന്ന ഏവരെയും സർക്കാരിനു വേണ്ടി അഭിവാദ്യം ചെയ്യുന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാകുമോ എന്ന് സർക്കാർ പരിശോധിക്കും. വലിയ മാതൃകയാണ് ഈ സേന. 

ചില സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്നു പരാതിയുണ്ട്. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തെ പുസ്തകങ്ങൾ നൽകൂ എന്നും ചില സ്കൂൾ പറയുന്നുണ്ട്. ഇതു ദുർഘട ഘട്ടമായതിനാൽ ഒരു സ്കൂളും ഫീസ് ഉയർത്തരുത്. പുതിയ സാഹചര്യത്തിന് അനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്തുക എന്നതാണ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ച് കേരളത്തിൽ മദ്യവിതരണം പുനരാരംഭിച്ചു. 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ ആപ് വഴിയുള്ള സേവനം ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത്. വെർച്വൽ ക്യൂ സംവിധാനം സങ്കേതിക തടസങ്ങൾ ഒഴിവാക്കി വരും ദിവസം കൂടുതൽ സമഗ്രമായി മുന്നോട്ടു പോകാനാകുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ബെവ്ക്യൂ ആപ്പിന്റെ വ്യാജൻ ഇറങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.

ഗൾഫിൽനിന്ന് വന്നവർ പുറത്തിറങ്ങുന്നതായി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇതു കർശനമായി പടരും. വ്യാജവാർത്ത ചമയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സൈബർ ഡോമിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം വളരെ ശ്രദ്ധ നേടിയതാണ്. ഐസിഎംആറിന്റെ നിർദേശങ്ങൾ പൂർണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിച്ചതാണ്. മറ്റുള്ളവരോട് കേരള മോഡൽ മാതൃകയാക്കണമെന്നും നിർദേശിച്ചു. ഇതെല്ലാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്. ആദ്യം ആലപ്പുഴയിലെ വൈറോളജി ലാബ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 15 സർക്കാർ സ്ഥാപനങ്ങളിലും 5 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ഇവയെല്ലാം ഐസിഎംആർ അംഗീകരിച്ചതാണ്.

വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. ഐസിഎംആർ വഴി ലഭിച്ച കിറ്റുകൾക്ക് ഗുണനിലവാരം ഉണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ട എന്ന് ഐസിഎംആർ തന്നെ നിർദേശിച്ചു. ഇതോടെയാണ് വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ കഴിയാതിരുന്നത്. രോഗം പടരുന്നുണ്ടോ എന്നറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ്. ഇങ്ങനെ നടത്തിയാണ് സമൂഹവ്യാപനം ഉണ്ടായില്ലെന്ന് സർക്കാർ വിലയിരുത്തിയത്. എന്നാൽ നാളെ സമൂഹവ്യാപനം ഉണ്ടാകുകയേയില്ല എന്ന് ഉറപ്പ് പറയനാനാവില്ല. ഇന്നത്തെ നില സമൂഹവ്യാപനം ഇല്ല എന്നതാണ്.

ഈ രോഗം ആർക്കെങ്കിലും ഒളിച്ചു വയ്ക്കാൻ കഴിയില്ല. രോഗബാധിതർ ചികിത്സിച്ചില്ലെങ്കിൽ മരണത്തിനു കാരണമാകും. കേരളത്തില്‍ മരണനിരക്ക് കുറവാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 2.89 ശതമാനമാണ് ദേശീയ നിരക്ക് എന്നോർക്കണം. രോഗമുക്തിയിലും കേരളം മുന്നിലാണ്. തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയർത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്‍ത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. കേരളത്തെ ഇതുവരെ അഭിനന്ദിക്കുക മാത്രമേ കേന്ദ്രം ചെയ്തിട്ടുള്ളൂ എന്ന് ആരോപണം ഉന്നയിക്കുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയ് 30, ജൂൺ 6 തീയതികളിൽ പൊതു ഇടങ്ങളും മേയ് 31, ജൂൺ 7 തീയതികളിൽ വീടും പരിസരവും വൃത്തിയാക്കണം. പരമാവധി ജനങ്ങൾ ഇതിൽ പങ്കാളികളാകണം. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വരുന്ന 5 ദിവസവും മഴ ലഭിക്കും. പൊതുവെ മൺസൂണിൽ അധികമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവർ എത്രയും പെട്ടെന്ന് തിരിച്ചുവരികയോ സുരക്ഷിത തീരത്ത് എത്തുകയോ വേണം.– മുഖ്യമന്ത്രി പറഞ്ഞു.

English summary: Coronavirus cases Kerala: Pinarayi Vijayan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA