ADVERTISEMENT

പാലക്കാട്‌​ ജില്ലയിൽ ഇന്ന് പുതുതായി 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ‍ാടെ ചികിത്സയിലുള്ള രേ‍ാഗികളുടെ എണ്ണം 100 ലധികമാകും.

പത്തനംതിട്ട ജില്ലയിൽ 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ മഹാരാഷ്ട്രയിൽ നിന്നും ഒരാൾ സൗദിയിൽ നിന്നുമെത്തിയതാണ്. മഹാരാഷ്ട്രയിൽ നിന്നെത്തി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 വയസുകാരന്റെ മാതാവാണ് ഇതിൽ ഒരാൾ.

അടൂർ ഏറത്ത് സ്വദേശികളായ അച്ഛനും (67) മകനും (32), വള്ളിക്കോട് സ്വദേശി പെൺകുട്ടി (25), കൊടുമൺ അങ്ങാടിക്കൽ സ്വദേശി (69) എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ മറ്റുള്ളവർ. സൗദിയിൽ നിന്നെത്തിയ ആൾ (33) തിരുവല്ല കോയിപ്രം സ്വദേശിയാണ്. ഇദ്ദേഹം കോവിഡ് കെയർ സെന്ററിലും മറ്റുള്ളവർ അവരവരുടെ വീടുകളിലും നിരീക്ഷണത്തിലായിരുന്നു. 

തൃശൂർ ജില്ലയിൽ പുതിയതായി 7 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. തൃശൂരിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗ സ്ഥിരീകരണമുണ്ടായത് ഇന്നാണ്. അബുദാബിയിൽ നിന്നെത്തിയ 4 പേർക്ക‌ും ദോഹ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നു തിരിച്ചെത്തിയ ഓരോരുത്തർക്കുമാണു രോഗം സ്ഥിരീകരിച്ചത്. 5 പുരുഷന്മാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു. ഒരു സ്ത്രീ ഗർഭിണിയാണ്. 

മലപ്പുറം ജില്ലയില്‍ 8 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്. മുംബൈയില്‍ നിന്ന് 21ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി (60) ‍, ഇദ്ദേഹത്തിന്റെ മരുമകള്‍ (30 ) , ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മുംബൈയില്‍ നിന്ന് 16ന് എത്തിയ തെന്നല തറയില്‍ സ്വദേശി (41) ‍, മുംബൈയില്‍ നിന്നുതന്നെ 22ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍ വഴി 23ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി (43 )‍, ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് 8ന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി (37) ‍എന്നിവര്‍ക്കാണ് രോഗബാധ. 

ഇവരെല്ലാം മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലാണ്. ഇവരില്‍ പരപ്പനങ്ങാടി സ്വദേശിയുടെ ഭാര്യയ്ക്കും മകനും  26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 6 പേർ രോഗമുക്തി നേടി വീടുകളിലേക്കു മടങ്ങി. കോവിഡ് ഭേദമായി സ്റ്റെപ് ഡൗൺ ഐസിയുവിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഇന്ന് പെൺകുഞ്ഞിനു ജൻമം നൽകി.

ഇടുക്കി ജില്ലയിൽ ഇന്ന് കോവിഡ് ബാധിതനായത് ഡൽഹിയിൽ നിന്ന് എത്തിയ യുവാവ്(28). തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ ഇയാൾ നാട്ടിലെത്തിയത് 22നാണ്. തുടർന്ന് വീട്ടിൽ ക്വറന്റീനിൽ കഴിയുകയായിരുന്നു. ഇടുക്കിയിൽ ഇതോടെ 3 രോഗികളാണ് ചികിത്സയിലുള്ളത്.

കോട്ടയം ജില്ലയിൽ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നു മടങ്ങിയ ഗർഭിണിയുടെ ഫലം പോസിറ്റീവാണെങ്കിലും പുനപരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍; ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) 17ന് അബുദാബിയില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലായിരുന്നു. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27) 19ന് സൗദി അറേബ്യയിലെ ദമാമില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലായിരുന്നു. 

ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) മെയ് 12ന് ദാമാമില്‍നിന്നെത്തി. മെയ് 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മെയ് 19ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുബൈയിൽ നിന്നു എത്തിയ ഗർഭിണിക്കു കോവിഡ് ബാധിച്ചിരുന്നു. എന്നാൽ രോഗം മാറിയ ശേഷമാണ് അവിടെ നിന്നു മടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവായി. വൈറസ് അവശിഷ്ടങ്ങളാണോ റീഇൻഫെക്‌ഷനാണോ എന്നു പരിശോധിക്കുന്നുണ്ട്. 

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളറട സ്വദേശി (40), നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി (61), കുന്നത്തുകാൽ സ്വദേശി (28), ചുള്ളിമാനൂർ സ്വദേശിയായ രണ്ടു വയസുള്ള പെൺകുട്ടി, പൂന്തുറ സ്വദേശി (30), വക്കം സ്വദേശി (61), പെരുങ്കുളം സ്വദേശി (69) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ‌

കോഴിക്കോട് ജില്ലയിൽ ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 6 പേർക്ക്. രണ്ടു പേർ വിദേശത്തു നിന്നു വന്നവരും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരുമാണ്. ഒരാൾക്കു സമ്പർക്കത്തിലൂടെയാണു രോഗം പകർന്നത്. 

16ന് റിയാദിൽ നിന്നെത്തിയ ഫറോക്ക് സ്വദേശി (33), 27ന് ബഹ്റൈനിൽ നിന്നെത്തിയ പയ്യോളി തുറയൂർ സ്വദേശി (47), 15ന് ചെന്നൈയിൽ നിന്നെത്തിയ അഴിയൂർ സ്വദേശി (31), 14നു ചെന്നൈയിൽ നിന്നെത്തിയ കൊയിലാണ്ടി മുചുകുന്ന് സ്വദേശി (32), 24ന് ഗുജറാത്തിൽ നിന്നെത്തിയ വളയം സ്വദേശി (37), 25ന് രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള തൂണേരി സ്വദേശി (30) എന്നിവർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിലായിരുന്ന രണ്ടുപേർ ഇന്നു രോഗമുക്തരായി. കോഴിക്കോട് നരിപ്പറ്റ സ്വദേശിയും മലപ്പുറം സ്വദേശിയുമാണ് രോഗമുക്തരായത്. 

English summary: Coronavirus: District wise statistics 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com