ADVERTISEMENT

മുംബൈ ∙ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർധിച്ചതോടെ നഗരത്തിലെ പൊതു ആരോഗ്യസംവിധാനങ്ങൾ തകർച്ചയുടെ വക്കിലെന്ന് സൂചന. കോവിഡ് ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കിയ പ്രധാന സർക്കാർ ആശുപത്രികളിലെ ജീവനക്കാർ തന്നെ നിലവിലുള്ള സംവിധാനങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തിയും അമർഷവും പ്രകടിപ്പിക്കുന്നു. കോവിഡ് വാർഡിൽ ഡ്യൂട്ടിക്ക് നിയോഗിച്ച തങ്ങളിലൊരാൾ അവധിയോ ചികിത്സയോ ലഭിക്കാതെ മരിച്ചതോടെ പരേൽ കെഇഎം ആശുപത്രിയിൽ ഡോക്ടർമാരും മറ്റു ജീവനക്കാരും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പുറത്തിറങ്ങിയിരുന്നു. കോവിഡ് രോഗികളെ അഭിമുഖീകരിക്കുന്ന തങ്ങൾക്ക് അവശ്യംവേണ്ട സുരക്ഷാ സംവിധാനങ്ങൾ നൽകുന്നില്ലെന്നാണു  സർക്കാർ ആശുപത്രികളിലെ ജീവനക്കാർ പരാതിപ്പെടുന്നത്.

എന്ത് വിശ്വസിച്ച് ആശുപത്രിയിൽ പോകുമെന്ന് ജനം

ആരോഗ്യപ്രവർത്തകർക്ക് തന്നെ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ പൊതുജനങ്ങൾ ആരെ ആശ്രയിക്കും എന്ന ഭീതിയിലാണ്. മോർച്ചറികളിൽ നിറഞ്ഞുകവിയുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും മരവിപ്പ് പടർത്തും. സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ അമിതഭാരം കുറയ്ക്കാൻ സ്വകാര്യ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള ബിഎംസിയുടെ ശ്രമങ്ങൾ പ്രതീക്ഷിച്ചപ്പോലെ വിജയിച്ചില്ല. 

രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ഇപ്പോഴത്തെ സൗകര്യങ്ങൾ അപര്യാപ്തമെന്നു  വ്യക്തം. കെഇഎമ്മിനു പുറമെ, കസ്തൂർബ, സയൺ, കൂപ്പർ, നായർ, എച്ച്ബിടി ട്രോമ (ജോഗേശ്വരി), ബാബ (ബാന്ദ്ര), ബാബ (കുർള), രാജവാഡി (ഘാട്‌കോപർ) തുടങ്ങിയ മുനിസിപ്പൽ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യമുണ്ടെങ്കിലും പുതിയ സാഹചര്യങ്ങൾ നേരിടാൻ ഇവ മതിയാകില്ലെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. 

കിടക്ക കിട്ടാൻ മണിക്കൂറുകളോളം കാത്തിരിപ്പ്

കോവിഡ് രോഗികളെ മാത്രം ചികിത്സിക്കുന്ന കെഇഎം ആശുപത്രിയിൽ ചികിത്സയ്ക്കായി രോഗികളുടെ പ്രവാഹമാണ്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നാലും കിടക്കകൾ ഒഴിവില്ലാത്തതിനാൽ ആശുപത്രി പ്രവേശനം ലഭിക്കുമോ എന്നുറപ്പില്ല. നഗരത്തിലെ നക്ഷത്ര ഹോട്ടലുകൾ പലതും ആരോഗ്യപ്രവർത്തകർക്കും ബിഎംസി ഉദ്യോഗസ്ഥർക്കും താമസസൗകര്യം നൽകുന്നതിനാൽ ഒട്ടേറെ ഹോട്ടൽ ജീവനക്കാരും കോവിഡ് ബാധിതരാകുന്നുണ്ട്. ഇവർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് ബിഎംസിക്ക് കഴിയുന്നുമില്ല. നഗരത്തിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് വെറും ഐസിയുകൾ മാത്രം പോരെന്നും ഓക്‌സിജൻ സപ്ലൈ സംവിധാനമുള്ള 10,000 കിടക്കകൾ തന്നെ ആവശ്യം വരുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ ബാന്ദ്ര കുർള കോംപ്ലക്‌സിൽ കോവിഡ് ചികിത്സാ കേന്ദ്രവും വർളിയിലെ എൻഎസ്‌സിഐ സ്‌റ്റേഡിയത്തിൽ ഐസലേഷൻ കേന്ദ്രവും തുറന്നിട്ടുണ്ട്.

മൃതദേഹം സൂക്ഷിക്കാൻ സ്ഥലമില്ല

കോവിഡ് മരണങ്ങൾ വർധിച്ചതോടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതും വെല്ലുവിളിയായി. കെഇഎം ആശുപത്രിയിലെ മോർച്ചറിയിൽ 27 മൃതദേഹങ്ങൾ സൂക്ഷിക്കാനേ സൗകര്യമുള്ളൂ. പത്തോ പതിനഞ്ചോ മൃതദേഹങ്ങൾ ഇടനാഴിയിലോ വരാന്തയിലോ കിടക്കും. ഇത്തരത്തിൽ സ്‌ട്രെച്ചറുകളിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

English Summary: Maharashtra Covid news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com