ADVERTISEMENT

ജോധ്പുർ∙ സഹപ്രവർത്തകനായ നഴ്സിന്റെ ഭാര്യയെ ചികിത്സിക്കാൻ വിസമ്മതിച്ച രാജസ്ഥാനിലെ ജോധ്പുർ എയിംസിന്റെ നടപടിക്കെതിരെ നഴ്സുമാരുടെ പ്രതിഷേധം. നഗരത്തിലെ കൊറോണ വൈറസ് ഹോട്സ്പോട്ടിൽനിന്നു വന്ന ഗർഭിണിയായ യുവതിക്കാണ് എയിംസ് ചികിത്സ നിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കൈയിൽ കറുത്ത ബാൻഡ് ധരിച്ചാണ് നഴ്സുമാർ ജോലിക്കെത്തിയത്.

മേയ് 17നാണ് എയിംസിന്റെ അത്യാഹിത വിഭാഗത്തിൽ 11 ആഴ്ച ഗർഭിണിയായ ഭാര്യയുമായി സീനിയർ നഴ്സിങ് ഓഫിസർ നരേഷ് കുമാർ സ്വാമി എത്തിയത്. ‘ഭാര്യയ്ക്ക് ബ്ലീഡിങ് ഉണ്ടായിരുന്നു. എയിംസിലെ ജീവനക്കാരനായതിനാൽ ഭാര്യയുമായി നേരിട്ട് അത്യാഹിതവിഭാഗത്തിലെത്തി. എന്നാൽ ഞങ്ങൾ ഹോട്സ്പോട്ടിൽനിന്നു വരുന്നതിനാൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ പരിശോധിക്കാൻ വിസമ്മതിക്കുകയായിരുന്നു’ – നരേഷ് കുമാർ ആരോപിച്ചു.

കേണപേക്ഷിച്ചിട്ടും ആശുപത്രിയുടെ കോവിഡ്–19 നയം പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്കു ഭാര്യയെ കൊണ്ടുപോകാൻ നരേഷിനോട് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഒരു കേന്ദ്രത്തിൽനിന്നു മറ്റൊരിടത്തേക്ക് മാറിമാറി ഭാര്യയുമായി പോയി. പക്ഷേ, ഒരു പകലും രാത്രിയും ആരും ചികിത്സ കൊടുക്കാൻ തയാറായില്ല. പിറ്റേ ദിവസമാണ് ഒരു സ്വകാര്യ ആശുപത്രി ഭാര്യയെ അഡ്മിറ്റ് ചെയ്തതെന്നും നരേഷ് പറയുന്നു.

അപ്പോഴേക്കും വൈകിയിരുന്നു. കുഞ്ഞിനെ കളയുന്നതാണ് നല്ലതെന്ന് ഡോക്ടർ അറിയിച്ചു. അവർക്കു കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നയത്തിന്റെ പേരിൽ സ്വന്തം ജോലിയിൽ കൃത്യവിലോപം കാണിക്കുകയായിരുന്നു എയിംസിലെ ഡോക്ടർ. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ കുഞ്ഞിനെ ഒരുപക്ഷേ രക്ഷപ്പെടുത്താൻ സാധിച്ചേനെ. സ്വന്തം ജീവനക്കാരോട് ഇങ്ങനെ പെരുമാറിയാൽ പുറത്തുനിന്നു വരുന്നവരുടെ അവസ്ഥ എത്ര മോശമാകുമെന്നും നരേഷ് ചോദിച്ചു.

ഇത് ആദ്യത്തെ സംഭവമല്ലെന്നും നിരവധിത്തവണ ഉണ്ടായെങ്കിലും നടപടികൾ മാത്രം എടുത്തിട്ടില്ലെന്നും എയിംസ് നഴ്സിങ് ഓഫിസേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ഗുലാബ് ചൗധരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാർ ആശുപത്രി അധികൃതർക്കു കഴിഞ്ഞയാഴ്ച പ്രമേയം നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല. അതേസമയം, പരാതി ലഭിച്ചെന്നും പരിശോധിക്കുകയാണെന്നും എയിംസ് സൂപ്രണ്ട് അരവിന്ദ് സിൻഹ അറിയിച്ചു.

English Summary: Nursing staff at Jodhpur AIIMS protest denial of treatment to wife of colleague

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com