ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ– ചൈന അതിർത്തി പ്രശ്നം രൂക്ഷമായിരിക്കെ ചൈനയ്ക്കെതിരെ കനത്ത പ്രതിഷേധമാണു രാജ്യമാകെ ഉയരുന്നത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. ടിക്‌ടോക് ഉൾപ്പെടയെുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യക്കാർ അൺഇൻസ്റ്റാൾ ചെയ്യണമെന്നും ആഹ്വാനമുണ്ട്. ഇതിനു പിന്നാലെ ജയ്പുരിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി പുറത്തിറക്കിയ ആപ് തരംഗമായി.

‘റിമൂവ് ചൈന ആപ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷനാണു രണ്ടാഴ്ചയ്ക്കുള്ളിൽ 10 ലക്ഷത്തിലേറെ ഡൗൺലോഡുമായി വൈറലായത്. വൺ ടച്ച് ആപ് ലാബ്സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ് ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന, ചൈനാനിർമിത അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിനുള്ള യുഐ (യൂസർ ഇന്റർഫെയ്സ്) നൽകുകയും ചെയ്യുന്നു. മേയ് 17നാണ് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. നിലവിൽ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിൽ ഒന്നാണ് ഇത്.

വാങ്ചുക്കയുടെ ആഹ്വാനം

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ സംരംഭകന്‍ സോനം വാങ്ചുക് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ചൈനീസ് സോഫ്റ്റ്‌വെയറുകളും ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഹാര്‍ഡ്‌വെയറുകളും ഒഴിവാക്കണമെന്നാണു മഗ്‌സസെ അവാര്‍ഡ് ജേതാവായ വാങ്ചുക് പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ചൈനീസ് നിര്‍മിത ഫോണ്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

india-china-dispute

സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ 'ത്രീ ഇഡിയറ്റ്‌സില്‍’ ആമിർ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു എന്ന കഥാപാത്രം സോനം വാങ്ചുകില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു വെള്ളിത്തിരയിലെത്തിയത്. ‘നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്നു. അതേസമയം നമ്മള്‍ ചൈനീസ് ഹാര്‍ഡ്‌വെയറുകള്‍ വാങ്ങുന്നു. ടിക്‌ടോക് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു. നമ്മള്‍ അവര്‍ക്കു നല്‍കുന്ന കോടികളുടെ വ്യാപാരത്തിലൂടെയാണ് അവര്‍ സൈനികരെ ആയുധസജ്ജരാക്കി നമുക്കെതിരെ പോരാടാന്‍ എത്തിക്കുന്നത്’– വാങ്ചുക് പറഞ്ഞു.

ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി. ‘ചൈന ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അവിടുത്തെ ജനങ്ങളെയാണ്. യാതൊരു മനുഷ്യാവകാശങ്ങളും ഇല്ലാതെ സര്‍ക്കാരിനെ സമ്പന്നരാക്കാനുള്ള തൊഴിലാളികളായാണു ജനങ്ങളെ കാണുന്നത്. കോവിഡിനു ശേഷം ഫാക്ടറികള്‍ പൂട്ടി, കയറ്റുമതി നിലച്ചു. തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അത് ആഗോളതരംഗമാകും. അത് നമ്മുടെ വ്യവസായത്തിനു നല്ലതാണ്’– വാങ്ചുക് പറഞ്ഞു. വാങ്ചുകയുടെ ആഹ്വാനത്തിനു പിന്നാലെ നടനും മോഡലുമായ മിലിന്ദ് സോമൻ ടിക്‌ടോക് ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

അരുണാചൽ  പ്രദേശിലെ ഇന്ത്യ– ചൈന അതിർത്തിയിൽ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍  സൈനികര്‍ (ഫയല്‍  ചിത്രം)
ഇന്ത്യ–ചൈന അതിർത്തി

English Summary: 'Remove China Apps' Races To 1 Million Downloads; Gives Solution To Sonam Wangchuk's Call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com