ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ഭീതി മൂലം വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും സംസ്ഥാനത്തെ വിദ്യാർഥികൾക്കു വേണ്ടിയുള്ള ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഒരു സമയം ഒരു ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ പുറത്തിറക്കി. പ്ലസ് ടു വിഭാഗം കുട്ടികൾക്കുള്ള ക്ലാസോടെയാണ് പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുന്നത്.

ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം; 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. ഡിടിഎച്ച് വഴിയും ചാനൽ ലഭ്യമാക്കുമെന്നാണ് വിവരം. ഇതിനു പുറമേ വിക്ടേഴ്സിന്റെ ഫെയ്സ്ബുക് പേ‍ജിലും യൂട്യൂബ് ചാനൽ വഴിയും വെബ്സൈറ്റ് വഴിയും സംപ്രേഷണത്തിനു ശേഷവും ക്ലാസുകൾ ലഭ്യമാക്കും.

വീട്ടില്‍ ടിവിയോ സ്മാര്‍ട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പിടിഎകളുടെയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്.

ആദ്യ ആഴ്ച തന്നെ ആവശ്യകതക്കനുസരിച്ച് കൈറ്റ് സ്കൂളുകളി‍ല്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‍ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്തു കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‍ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

school-teachers-kozhikode

തിങ്കളാഴ്ചത്തെ ടൈംടേബിൾ

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലിഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിതശാസ്ത്രം, 10ന് കെമിസ്ട്രി.

പത്താം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12ന് ജീവശാസ്ത്രം.

ഒന്നാം ക്ലാസ്‌: 10.30ന് പൊതുവിഷയം.

രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം.

മൂന്നാം ക്ലാസ്: 1ന് മലയാളം.

നാലാം ക്ലാസ്: 1.30ന് ഇംഗ്ലിഷ്.

അ‍ഞ്ച്, ആറ്, ഏഴ് ക്ലാസ്: മലയാളം - ഉച്ചയ്ക്ക് യഥാക്രമം 2, 2.30, 3

എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4ന് രസതന്ത്രം.

ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലിഷ്, 5ന് ഗണിതശാസ്ത്രം.

പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വിഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും. ഇതിനു പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

school-kids-students

ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും ചേർന്ന് സൗകര്യം ഒരുക്കണം. കോളജുകളിലും പഠനം ഓൺലൈനിൽ– ക്ലാസുകൾ രാവിലെ 8.30 മുതൽ 1.30 വരെ. കോളജുകൾ തിരഞ്ഞെടുക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ക്ലാസ്. ക്ലാസിൽ ഹാജരാകുന്നവരുടെ ഹാജർ രേഖപ്പെടുത്തും. കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ കോളജിൽ ഹാജരാകണം. മറ്റുള്ളവർ വീട്ടിലിരുന്ന് ക്ലാസെടുക്കണം. ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

English Summary: Kerala all set to start virtual classes from Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com