ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേരും പുറത്തുനിന്നു വന്നവരാണ്. 18 പേർക്ക് പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ മരിച്ചു. ഹൃദ്രോഗിയായിരുന്നു, ഗൾഫിൽനിന്നു വന്നതാണ്. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. 1326 പേർക്കാണു ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ. 1,39,661 പേരാണ് നീരീക്ഷണത്തിലുള്ളത്. 1,38,397 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിലുമുണ്ട്. ആകെ 1246 പേർ ആശുപത്രികളിൽ ഉണ്ട്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് വിവിധ ജില്ലകളിൽ കോവിഡ് ബാധിച്ചവർ

തിരുവനന്തപുരം 3
കൊല്ലം 5
പത്തനംതിട്ട 4
ആലപ്പുഴ 2
ഇടുക്കി 1
എറണാകുളം 3
തൃശൂർ 9
മലപ്പുറം 14
പാലക്കാട് 2
കാസർകോട് 14

ഇതിൽ 27 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും വന്നു. ഒരാൾ എയർ ഇന്ത്യ സ്റ്റാഫും മറ്റേയാൾ ആരോഗ്യ മേഖലയിലെ ജീവനക്കാരനുമാണ്. മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് കണ്ണൂർ 1 വീതം പേരാണ് നെഗറ്റീവായത്. ഇതുവരെ 68,979 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 65,773 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വിദേശരാജ്യങ്ങളിൽ ഇന്നു മാത്രം 9 മലയാളികൾ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി.

121 ഹോട്സ്പോട്ടുകൾ ആണ് സംസ്ഥാനത്തുള്ളത്. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് 5 പുതിയ ഹോട്സ്പോട്ടുകൾ. 

മാസ്ക് ധരിക്കാത്ത 3075 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാാറന്റീൻ ലംഘിച്ച 7 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണി‍ൽനിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവിനോ കർക്കശമാക്കാനോ ഉള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. കൂട്ടംകൂടുന്നത് തുടർന്നും അനുവദിക്കാൻ കഴിയില്ല.

സാംസ്കാരിക പ്രസ്ഥാനങ്ങളിൽ കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെടും. പ്രായമേറിയവർ‌ക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഗുരുവായൂരിൽ നിയന്ത്രണങ്ങളോടെ വിവാഹം അനുവദിക്കാമെന്നാണു കരുതുന്നത്. ക്ഷേത്രത്തിൽ 50 പേരെ പങ്കെടുപ്പിച്ച് വിവാഹം അനുവദിക്കാമെന്നു സർക്കാർ തീരുമാനം. കണ്ടെയ്ൻമെന്റ് സോണിൽ പൂർണ ലോക്ഡൗൺ ആയിരിക്കും. ജൂൺ 30 വരെ അതു വരെ തുടരും.

പുറത്തുനിന്നു വരുന്നതിനു തുടർന്നും പാസ് വേണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത ജില്ലകൾക്കിടയിൽ സർവീസ് ആകാമെന്നാണു കരുതുന്നത്. പകുതി സീറ്റുകളിലായിരിക്കും യാത്ര. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. കാറിൽ ഡ്രൈവർ‌ക്കു പുറമെ 3 പേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ ഡ്രൈവറെ കൂടാതെ 2 പേർ മാത്രം.

മിക്ക പശ്ചാത്യ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടർന്ന മിക്ക ഇടങ്ങളിലും ടെസ്റ്റിങ്ങിലും ട്രീറ്റ്മെന്റിലുമാണ് ഊന്നൽ നൽകിയത്. അതിനാൽ രോഗം പടരുന്നതു തടയാൻ സാധിച്ചില്ല. കേരളത്തിനു രോഗവ്യാപനം തടയാൻ സാധിച്ചത് ഈ തരത്തിലുള്ള പ്രവർത്തനം കൊണ്ടാണ്. വികേന്ദ്രീകരണമുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടേത്. ഒരു രോഗിയിൽനിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നു എന്നതാണ് മാനദണ്ഡം. മൂന്ന് ആണ് ലോകത്തിൽ ശരാശരി ഇതിലെ നമ്പർ. കേരളത്തിൽ ആദ്യത്തെ മൂന്ന് കേസുകൾ വുഹാനിൽനിന്നാണെത്തിയത്. അവരിൽനിന്ന് ഒരാൾക്കു പോലും പടർന്നുപിടിക്കാതിരിക്കാൻ നോക്കാൻ നമുക്കു സാധിച്ചു. ഈ നമ്പർ 0.45 ആക്കി നിലനിർത്താൻ നമുക്ക് സാധിച്ചൂ. ലോകത്ത് വളരെക്കുറച്ച് രാജ്യങ്ങൾക്കേ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ.

മറിച്ചാണ് കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പർ എങ്കിൽ, ശരാശരി മരണനിരക്ക് 1% എടുത്താൽ തന്നെ 250 കവിയും. എന്നാൽ കേരളത്തിൽ നടന്നതെന്നു നമ്മൾ കണ്ടതാണ്. രോഗവ്യാപനം തടയാൻ വേണ്ട ക്വാറന്റീനും ട്രേസിങ്ങും ഫലപ്രദമായാണു നമ്മൾ നടത്തിയത്. അതിനാൽ ഹോം ക്വാറന്റീനും ട്രേസിങ്ങും കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഉദ്ഭവം അറിയാത്ത 30 കേസുകളും സമൂഹവ്യാപനം അല്ല. എത്രയൊക്കെ ശ്രമിച്ചാലും ഒരാൾക്ക് അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും ഓർത്തെടുക്കാൻ സാധിച്ചെന്നു വരില്ല. റൂട്ട് മാപ്പ് തയാറാക്കുമ്പോൾ ഇതിൽ തടസ്സമുണ്ടാകും. ഇത് സമൂഹവ്യാപനമായി കണക്കാക്കാനാവില്ല. ഈ സാഹചര്യങ്ങളിൽ, എവിടുന്ന് കിട്ടി എന്നറിയാത്ത, കേസുകളുടെ ഒരു കൂട്ടം കേരളത്തിൽ ഒരു സ്ഥലത്തും ഉണ്ടായില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.

ഇതു കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. മറ്റു രോഗങ്ങളിൽ അങ്ങനെയല്ല. ഒരു കേസ് ഉണ്ടായാൽ തന്നെ സമൂഹവ്യാപനം ഉണ്ടായതായി കണക്കാക്കാറുണ്ട്. മഴക്കാലത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർ‌ത്തനത്തിനു മാർഗരേഖ തയാറാക്കും. മെഡിക്കൽ കോളജുകളിൽ കൂടുതൽ രോഗികളെത്തുന്നുണ്ട്. ചികിത്സ കഴിയുന്നതും പഴയ തരത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ടെലിമെഡിസൻ പദ്ധതി, കുറവുകൾ പരിഹരിച്ച് വിപുലപ്പെടുത്തും. സ്വകാര്യ മേഖലയുമായി ചേർന്നു താഴെത്തട്ടിൽ മൊബൈൽ ക്ലിനിക്കുകൾ സ്ഥാപിക്കും.

വിദേശത്തുനിന്ന് കൂടുതൽ പേർ എത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനയുണ്ടായി. മേയ് നാലിന് 3 പേരാണെങ്കിൽ ഇപ്പോഴത് 10 ആയി. ഇതിൽ അമിതമായി ആശങ്ക വേണ്ടതില്ല. പ്രായാധിക്യമുള്ളവരും മറ്റ് അസുഖമുള്ളവരും ഈ കൂട്ടത്തിൽ ഉണ്ട്. ഇവർക്കു യാത്ര ചെയ്യുന്നതിൽ പരിഗണനയുണ്ട്. ഇവർക്കു രോഗം വന്നെന്നതു ശരിയാണ്. ഇങ്ങനെ വരുന്നവരുടെ എണ്ണം കുറയുന്നതോടെ മരണനിരക്കും കുറയും. കോവിഡ് കാരണം മരിച്ചവരെ മറവ് ചെയ്യുന്നതിനു കേന്ദ്രം ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കേരളവും നടപ്പാക്കും. റിട്ടേൺ ടിക്കറ്റോടെ, വിമാനങ്ങളിലും ട്രെയിനിലും വരുന്നവർക്ക് ഹോം ക്വാറന്റീൻ നിർബന്ധമാക്കില്ല. ഒരാഴ്ച കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനാലാണ്.

ഗൾഫിൽനിന്ന് ചാർട്ടേ‍ഡ് വിമാനങ്ങളിൽ ആളുകളെ എത്തിക്കുന്നുണ്ട്. ചില പരാതികളുണ്ട്. ഇങ്ങനെ ആളെ കൊണ്ടു വരുമ്പോൾ ഇന്ത്യ സർക്കാർ നിശ്ചയിച്ച യാത്രാക്കൂലിയിൽ വർധന പാടില്ല. മുൻഗണനാ വിഭാഗക്കാർക്കായിരിക്കണം മുഖ്യ പരിഗണന. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തുടരുകയാണ്. വീണ്ടും ഓർമിപ്പിക്കുകയാണ്, അതിഥി തൊഴിലാളികൾക്കു നാട്ടിൽ പോകുന്നതിനു സർക്കാർ തടസ്സം നിൽക്കുന്നില്ല. എല്ലാ സഹായവും അവർക്കു നൽകും.

English Summary: Kerala Covid 19 Update: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com