ADVERTISEMENT

കോട്ടയം ∙ തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും ദക്ഷിണേന്ത്യയിൽ ഇക്കുറി നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ കാലാവസ്ഥാ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രണ്ടാംഘട്ട ദീർഘകാല പ്രവചനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ സാധാരാണ മഴയുടെ 102% മഴ (±4% മോഡൽ പിഴവോടെ) ആയിരിക്കുമെന്നാണ്.

880 മില്ലിമീറ്റർ മഴയാണ് ഇന്ത്യയിലെ തെക്കു പടിഞ്ഞാറൻ കാലവർഷത്തിലെ സാധാരണ മഴയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 39 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 20 ശതമാനവും സാധാരണ മഴയ്ക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ മഴയുടെ ലഭ്യത എങ്ങനെയായിരിക്കും എന്നുള്ള വിവരങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ദക്ഷിണേന്ത്യയിൽ സാധാരണ മഴയുടെ 102% മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ± 8 ശതമാനം വരെ മോഡൽ പിഴവുകൾക്കും സാധ്യതയുണ്ട്. കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷത്തിലെ സാധാരണ മഴ അഥവാ ദീർഘകാല ശരാശരി 2924.7 മില്ലിമീറ്റർ മഴയാണ്. രാജ്യത്തു ജൂലൈയിൽ 103% മഴയും ഓഗസ്റ്റിൽ 97% മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

സാധാരണ നിലയ്ക്ക് മൺസൂണിനെ സ്വാധീനിക്കുന്ന എൽനിനോ പ്രതിഭാസവും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പ്രതിഭാസവും ന്യൂട്രൽ അവസ്ഥയിലാണെന്നും ലാ നിനാ പ്രതിഭാസം സീസണിന്റെ അവസാനത്തോടെ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മൺസൂൺ ദീർഘകാല പ്രവചനത്തിൽ പറയുന്നു. കേരളത്തിൽ മൺസൂൺ ജൂൺ ഒന്നിനു തന്നെ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

English Summary: IMD predicts strong Monsoon in South Peninsula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com