ADVERTISEMENT

ന്യൂഡല്‍ഹി∙ ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ സംഭവിക്കുന്നതു പോലെ ഇന്ത്യയും ചൈനയും കൂടുതല്‍ സൈനികരെ വിന്യസിക്കേണ്ടിവരുമെന്നു മുന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് റിട്ട. ജനറല്‍ വി.പി. മാലിക്.1999-ല്‍ കാര്‍ഗിലില്‍ കടന്നുകയറ്റിയ പാക്ക് സൈനികരെ തുരത്തിയ വേളയില്‍ ഇന്ത്യന്‍ സേനയെ നയിച്ചിരുന്നത് വി.പി. മാലിക് ആയിരുന്നു.

ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്ന ചൈന ലഡാക്കിനു പുറമേ കാരകോറം പാതയും ഷക്‌സ്ഗാം താഴ്‌വരയ്ക്കും ഇടയിലുള്ള ഭാഗവും കൈയേറാന്‍ സാധ്യതയുണ്ടെന്നും ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വി.പി. മാലിക് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചപ്പോള്‍ അത് അംഗീകരിക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. വടക്കന്‍ അതിര്‍ത്തിയില്‍ പിത്തോറഗഡില്‍നിന്നു ലിപുലേഖ് പാസിലേക്കുള്ള റോഡ് ഉള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനം ഇന്ത്യ നടപ്പാക്കുമ്പോള്‍, തങ്ങളുടെ അതിര്‍ത്തി സുരക്ഷിതമാക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ഭാഗമാണിതെന്ന സൂചനയാണു നല്‍കുന്നത്.

അതിര്‍ത്തിക്കടുത്തുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാവാം നിലവിലുള്ള നീരസത്തിന്റെ കാരണങ്ങളില്‍ ഒന്ന്. കോവിഡിനു പിന്നാലെ ഷി ചിന്‍പിങ്ങിന്റെ വിശ്വാസ്യത ചൈനയിലും പുറത്തും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ശ്രദ്ധ തിരിക്കാനുള്ള തന്ത്രവുമാവാം ഇന്ത്യയുമായുള്ള പ്രശ്‌നമെന്നും വി.പി. മാലിക് പറഞ്ഞു.

ഗാല്‍വന്‍ താഴ്‌വരയിലും പാന്‍ഗോങ് തടാകത്തിനു സമീപത്തും ഇന്ത്യന്‍ പോസ്റ്റുകള്‍ തമ്മില്‍ ഏറെ ദൂരമുണ്ട്. ഈ സാഹചര്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം അസാധ്യമാണ്. അതു മുതലെടുത്താണു ചൈന കടന്നുകയറുന്നത്. ഫിംഗര്‍ 4-നും എട്ടിനും ഇടയിലുള്ള ഭാഗത്താണ് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയിരിക്കുന്നത്. ഗാല്‍വന്‍ താഴ്‌വരയില്‍ ഷയോക് നദിയില്‍നിന്ന് യഥാര്‍ഥ നിയന്ത്രണ രേഖ വരെയുള്ള ഭാഗത്തും കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. അക്‌സായ് ചിന്‍ മേഖലയുടെ സുരക്ഷിതത്വം ഉറപ്പിക്കാനായും സിയാചിന്‍ മഞ്ഞുമലകള്‍ നോട്ടമിട്ടും കാരകോറം പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനും ചൈന ശ്രമിക്കുമെന്ന് വി.പി മാലിക് പറഞ്ഞു.

30 വര്‍ഷത്തോളം വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും നിയന്ത്രണരേഖ നിശ്ചിക്കുന്നതില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്താത്തിടത്തോളം കാലം സംഘര്‍ഷം തുടരുക തന്നെ ചെയ്യും. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുസൈന്യങ്ങളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ മഞ്ഞുരുകുമെന്നു പ്രതീക്ഷിക്കാമെന്ന വാക്കുകളോടെയാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചിരിക്കുന്നത്.

English Summary: ‘If LAC not marked soon, build-up like on LoC likely,’ says ex-Army chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com