ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിനു ബിജെപി എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിക്കെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗർഭിണിയായ ആനയെ കൈതച്ചക്കയിൽ ബോംബ് നൽകി ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരിച്ച മേനക ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം വർഗീയ പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ജില്ലയുടെ പേര് മാറിപ്പോയതിന്റെ പേരിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നതു ലോകം മുഴുവൻ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചു വിട്ട് വിഷയം മാറ്റാനാണ്. ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേനക ഗാന്ധി മലപ്പുറം എന്നു പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തിൽ പരക്കെ നടത്തുന്ന വിദ്വേഷപ്രചരണങ്ങളിൽ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതിന്റെ പേരിൽ  കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നത്.

സർക്കാരിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. മലപ്പുറം എന്ന പേര് കേൾക്കുമ്പോഴേക്കും കേരളത്തിന്റെ സ്വത്വത്തിന് മുറിവേൽക്കുന്നുവെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു. നാടിനെ നടുക്കിയ ഒരു കൊടുംക്രൂരതയെ പോലും നഗ്നമായ വർഗീയ പ്രീണനത്തിന് ഉപയോഗിക്കുന്ന തരത്തിൽ കേരളസർക്കാർ അധഃപതിച്ചു. ഗർഭിണിയായ ആനയെ ക്രൂരമായി വധിച്ചവർക്കെതിരെ പ്രതികരിക്കാതിരിക്കുന്നവരാണ് ഇപ്പോൾ മലപ്പുറത്തെ അപമാനിച്ചെന്ന് മുറവിളി കൂട്ടുന്നത്. ഇത് സർക്കാരിന്റെയും വനംവകുപ്പിന്റെയും പൊലീസിന്റെയും കഴിവുകേട് മറയ്ക്കാനാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

English Summary: K Surendran slams Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com