ADVERTISEMENT

കോട്ടയം∙ പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും. മകൾ കോപ്പിയടിക്കില്ലെന്ന് ആവർത്തിച്ച് അഞ്ജുവിന്റെ അച്ഛൻ. ഹാൾ ടിക്കറ്റിൽ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല. ഹാൾ ടിക്കറ്റിനു പിന്നിൽ കോളജ് അധികൃതർ എഴുതിചേർത്തതാണെന്നും ആരോപിച്ചു. പ്രിൻസിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റു ചെയ്യണമെന്നും പിതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

സംഭവത്തിനു ശേഷം ഞങ്ങൾ ബന്ധപ്പെട്ട അധ്യാപകനാണ് ഇന്നലെ വാർത്താസമ്മേളനം നടത്തിയത്. അന്ന് ഞങ്ങൾ ഇതേ അധ്യാപകനെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഇന്നലെ കോളജ് കാണിച്ച സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളും വിട്ടുവിട്ടാണ് കാണിച്ചത്. പൊലീസിന്റെ അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോൾക്കു നീതി നേടി തരില്ല. സർക്കാർ മകൾക്ക് നീതി വാങ്ങി നൽകണമെന്നും പിതാവ് പറഞ്ഞു.

പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ നടപടിയെടുക്കണം. ശനിയാഴ്ച അഞ്ജു വീട്ടിൽ എത്താൻ വെകിയപ്പോൾ കോളജിൽ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ തിരിച്ച് ഇതുവരെ വിളിച്ചിട്ടില്ല. അഞ്ജുവിനെ ഇറക്കിവിട്ടെന്ന് അടുത്തിരുന്ന വിദ്യാർഥി പറഞ്ഞാണ് അറിഞ്ഞത്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അവളോട് പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്ന് പറഞ്ഞിരുന്നു. ഇന്നലെ ആ കുട്ടി പരീക്ഷയ്ക്ക് വരുന്നതുവരെ ഇങ്ങനെയാണ് പറഞ്ഞതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. എന്നാൽ ഇന്നലെ വന്നപ്പോൾ ആ കുട്ടി അതു മാറ്റിപ്പറഞ്ഞു. ആ കുട്ടിയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിട്ടുണ്ടെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.

മകളെ കാണാതായ ദിവസം ആ കുട്ടി പറഞ്ഞതനുസരിച്ചാണ് ബന്ധുവിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. അവർ അന്വേഷിച്ച് ചെന്നപ്പോൾ ബാഗും മറ്റും മാത്രമാണ് കണ്ടത്. അന്നു രാത്രി തന്നെ പ്രിൻസിപ്പലിനെ വിളിച്ചിരുന്നു. എന്തിനാണ് എന്റടുത്തോട്ട് വന്നത്, വല്ല ആൺപിള്ളേരുടെയും പുറകേ പോയി കാണുമെന്നാണ് പ്രിൻസിപ്പൽ പറഞ്ഞതെന്നും കുടുംബം ആരോപിച്ചു. പ്രൻസിപ്പൽ അവളെ മാനസികമായി പീഡിപ്പിച്ചെന്നും മിനിറ്റുകളോളം മകൾ ക്ലാസ് റൂമിൽ ഇരുന്നു കരഞ്ഞത് ദൃശ്യങ്ങളിൽ കാണാമെന്നും പിതാവ് പറഞ്ഞു.

അത്സമയം, അഞ്ജു പി. ഷാജിയുടെ പോസറ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടു പോകുന്നു.ആംബുലൻസിനു മുന്നിലും പിന്നിലും പൊലീസ് അകമ്പടിയുണ്ട്. 

English Summary : Kanjirappally Student Suicide: Anju's father's reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com