ADVERTISEMENT

കോട്ടയം ∙ കാട്ടുതീ കെടുത്തുന്നതിനിടെ കേരളത്തിൽ മൂന്നു മനുഷ്യജീവൻ പൊലിഞ്ഞിട്ട് ഇന്ന് മൂന്നു മാസം.കാട്ടുതീ തടയാനുള്ള കർമപദ്ധതി നടപ്പാക്കാൻ ഇനിയും മടിച്ചുനിൽക്കുകയാണു കേരളം. കാട്ടുതീ തടയുന്നതിനും സംസ്ഥാനത്തു കാട്ടുതീ സംബന്ധിച്ച ദേശീയ കർമപദ്ധതി നടപ്പാക്കുന്നതിനുമുള്ള നടപടികളെക്കുറിച്ചും റിപ്പോർട്ട് നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. മാസം മൂന്നു കടന്നിട്ടും ഇക്കാര്യത്തിൽ കേരളം ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സംസ്ഥാനം കൂടുതൽ സമയം ആവശ്യപ്പെടുക കൂടി ചെയ്തതോടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സതേൺ ബെഞ്ച് കേരളത്തെ വിമർശിച്ചു.

പ്രത്യേക സാഹചര്യം പരിഗണിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ഒരു മാസം കൂടി സമയം നീട്ടി നൽകി. മൂന്നു മാസം സാവകാശം ലഭിച്ചിട്ടും റിപ്പോർട്ട് നൽകാതിരുന്ന വനംവകുപ്പ് കഴിഞ്ഞ ദിവസം കേസ് ഹരിത ട്രൈബ്യൂണൽ പരിഗണിച്ചപ്പോൾ രണ്ടു മാസം കൂടി സമയം ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് കെ.രാമകൃഷ്ണനും വിദഗ്ധ അംഗം സെയ്ബൽ ദാസ്ഗുപ്തയും അടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

ഫോറസ്റ്റ് ഫോഴ്‌സ് മേധാവിയായ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടാണ് ട്രൈബ്യൂണൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. 2020 ഫെബ്രുവരി 16ന് തൃശൂർ കൊറ്റമ്പത്തൂരിൽ കാട്ടുതീ‌ കെടുത്തുന്നതിനിടെ മൂന്നു വനപാലകർ വെന്തുമരിച്ചതോടെയാണ് ഇത്തരം സംഭവങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നു ഹരിത ട്രൈബ്യൂണൽ നിർദേശിച്ചത്. കേരളം വീണ്ടും സമയം ആവശ്യപ്പെട്ടപ്പോൾ, ലഭ്യമായ രേഖകളെ അടിസ്ഥാനമാക്കി റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ഇത്രയും സമയം ആവശ്യമില്ലെന്നു വ്യക്തമാക്കിയാണു ബെഞ്ച് ഒരു മാസം കൂടി അനുവദിച്ചത്.

മറയൂർ തീർഥമല വേപ്പർ മലയിൽ പടർന്ന് പിടിച്ച കാട്ടുതീ.
മറയൂർ തീർഥമല വേപ്പർ മലയിൽ പടർന്ന് പിടിച്ച കാട്ടുതീ.

‘കൊറ്റമ്പത്തൂരിൽ ഉണ്ടായതു പോലുള്ള കാട്ടുതീ സംഭവങ്ങൾ വന്യജീവികൾക്കുണ്ടാക്കുന്ന ദോഷം പോലെ പ്രധാനമാണ് അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണവും. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് സാധ്യമായ പ്രതിരോധ നടപടികളെല്ലാം സ്വീകരിക്കണം. മാധ്യമവാർത്തകൾ പ്രകാരം, ദേശീയ കർമപദ്ധതിയുടെ ഭാഗമായ ശാസ്ത്രീയമായ മാർഗങ്ങളുണ്ടായിട്ടും പഴഞ്ചൻരീതികളുപയോഗിച്ചാണു കൊറ്റമ്പത്തൂരിൽ തീകെടുത്തിയത്. ദേശീയ കർമപദ്ധതിയും കേരളത്തിലെ രീതികളും തമ്മിലുള്ള വിടവു പരിഹരിക്കണം’– ബെഞ്ച് വ്യക്തമാക്കി.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ രാശിങ്കാപുരം മലനിരകളിൽ ഉണ്ടായ കാട്ടുതീ.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ രാശിങ്കാപുരം മലനിരകളിൽ ഉണ്ടായ കാട്ടുതീ.

കാട്ടുതീ വിപത്തിനെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രസിദ്ധീകരിച്ച ‘കാട് കത്തിയാൽ നമുക്കെന്ത്’ വെബ് പരമ്പര ഉന്നയിച്ച പല വിഷയങ്ങളിലും വനംവകുപ്പിന് ഇപ്പോഴും ഉത്തരമില്ലെന്നതാണ് ഈ നിസംഗത കാണിക്കുന്നതെന്നു പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. കാട്ടുതീ തടയുന്നതിനു കേന്ദ്രം കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നു വെബ് പരമ്പര പരാമർശിച്ച് അടൂർ പ്രകാശ് എംപി ലോക്സഭയിൽ സബ്മിഷനിൽ ആവശ്യപ്പെട്ടിരുന്നു.

കയ്യൂർ മലയുടെ അടിവാരത്ത് ചൂരമല ഭാഗത്തെ തീ പിടിത്തം.
കയ്യൂർ മലയുടെ അടിവാരത്ത് ചൂരമല ഭാഗത്തെ തീ പിടിത്തം.

കാട്ടുതീ തടയുന്നതിനു 2018ൽ കേന്ദ്ര സർക്കാർ ദേശീയപദ്ധതി തയാറാക്കിയിരുന്നു. എന്നാൽ കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും ഈ വിപത്ത് നേരിടുന്നതിനുള്ള സൗകര്യങ്ങൾ തികച്ചും അപര്യാപ്‌തമാണ്. ഇതാണു മൂന്നു വനപാലകരുടെ മരണത്തിനിടയാക്കിയതും. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലെയും വനം മന്ത്രിമാരുടെ യോഗം വിളിക്കണം. സംസ്ഥാനങ്ങൾക്കു കൂടുതൽ സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണമെന്നും അടൂർ പ്രകാശ് സബ്മിഷനിൽ ആവശ്യപ്പെട്ടു.

‘കാട് കത്തിയാൽ നമുക്കെന്ത്’ വെബ് സീരിസ് വായിക്കാം

ഭാഗം ഒന്ന്: ഇനിയെത്ര പെരുമഴ വേണം ഈ കണ്ണീർച്ചൂട് ഒഴിയാൻ; കാട്ടുതീയിൽ മാഞ്ഞ ജീവിതങ്ങൾ

ഭാഗം രണ്ട്: ‘അവർ നിസംഗതയുടെ ഇരകൾ; മന്ത്രിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’

ഭാഗം മൂന്ന്: എസിയിൽ വാഴും ഏമാന്മാർ, വാച്ചർക്ക് പച്ചില; മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടക്കുരുതി

ഭാഗം നാല്: വെണ്ണീറായത് 125 കോടി ജീവികൾ, തരിശായത് 14 ദശലക്ഷം ഏക്കർ: ഓസ്ട്രേലിയ എന്ന പാഠം

ഭാഗം അഞ്ച്: വാച്ചർമാർക്ക് ഇൻഷുറൻസ്, മരിച്ചവരുടെ മക്കൾക്കു ജോലി; ഉറപ്പുമായി സർക്കാർ

1,കയ്യൂർ കാണത്തേൽ മലയിൽ ഇന്നലെ വൈകിട്ടു തീ പടർന്നപ്പോൾ.... 2,തലനാട് ചോനമലയിലെ തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന.
1,കയ്യൂർ കാണത്തേൽ മലയിൽ ഇന്നലെ വൈകിട്ടു തീ പടർന്നപ്പോൾ.... 2,തലനാട് ചോനമലയിലെ തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന.

English Summary: NGT gives Kerala one month to report on forest fire prevention steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com