ADVERTISEMENT

കോട്ടയം ∙ ഇന്ത്യ– ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാവുകയും 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തതു യുദ്ധസമാനമായ സാഹചര്യത്തിൽ ആകില്ലെന്നു നിരീക്ഷിച്ച് മുന്‍ സൈനികനും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി. ഗല്‍വാന്‍ താഴ്‌വരയിലെ മണ്ണിടിച്ചിലാകും സൈനികരുടെ ജീവനെടുത്തതെന്നു മേജർ രവി ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ഇത്തരം സംഘർഷവേളകളിൽ വികാരമല്ല, വിവേകമാണ് നമ്മളെ നയിക്കേണ്ടത്. ചൈന ഒന്നടിച്ചാൽ തിരിച്ചു രണ്ടടിക്കാൻ ആത്മവീര്യവും കെൽപ്പും ഉള്ളവരാണ് ഇന്ത്യൻ പട്ടാളക്കാരെന്നും മേജർ രവി വിശദീകരിച്ചു.

ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യയ്ക്കു ധീരസൈനികരെ നഷ്ടപ്പെട്ടത്. 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് കമാൻ‌ഡിങ് ഓഫിസറും െകാല്ലപ്പെട്ടതായി സ്ഥിരീകരണം വന്നു. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ സൈന്യ സന്നാഹങ്ങൾ ശക്തമാക്കി. ചൈനീസ് സേന കരാർ ലംഘനം നടത്തുകയായിരുന്നുവെന്നാണ് ഇന്ത്യൻ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചത്.

1975 ൽ അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ശേഷം അതിർത്തിയിൽ ചോര വീഴുന്നത് ആദ്യം. വെടിവയ്പുണ്ടായിട്ടില്ലെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾ ജാഗ്രതയിലാണ്. അതിര്‍ത്തിക്കടുത്തുള്ള സേനാ കേന്ദ്രങ്ങളിലേക്കു കൂടുതല്‍ സൈനികരെയും ആയുധങ്ങളെയും എത്തിക്കുന്നു. ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിൽ ഇരുസേനകളും മുഖാമുഖം. അതിർത്തിയിൽ നടന്നതെന്ത്, ഇനി നടക്കാനിടയുള്ളതെന്ത്?– മേജർ രവി സംസാരി‌ക്കുന്നു.

∙ ഉറപ്പില്ലാത്ത മണ്ണ്, കരളുറപ്പിൽ സൈന്യം

കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ സൈനിക മരണങ്ങൾ യുദ്ധസമാന സാഹചര്യത്തിലായിരിക്കില്ല. ഗൽവാനിലെ പട്രോൾ പോയിന്റ് 14ൽനിന്ന് ഇരു സേനകളും ഘട്ടംഘട്ടമായി പിന്മാറാൻ ഈ മാസം 6നു ധാരണയായിരുന്നു. ഇരുപക്ഷവും പിന്മാറിയെങ്കിലും തിങ്കളാഴ്ച രാത്രി ചൈനീസ് സേന മുന്നോട്ടുകയറി. ഇങ്ങനെ ‘ചൊറിയുന്ന’ സ്വഭാവം ചൈനീസ് പട്ടാളത്തിനുള്ളതാണ്. മടങ്ങിപ്പോകണമെന്ന ഇന്ത്യയുടെ ആവശ്യം അവർ തള്ളുകയും ചെയ്തു. ഇതാണു സംഘട്ടനത്തിൽ കലാശിച്ചതെന്നാണു മനസ്സിലാക്കുന്നത്.

india-china-boarder-4
ഇന്ത്യ–ചൈന അതിർത്തിയിൽ നീങ്ങുന്ന ഇന്ത്യൻ സൈനികവ്യൂഹം

ഒരിക്കലും ആരെയും ആദ്യം ആക്രമിക്കില്ലെന്നത് ഇന്ത്യയുടെയും ഇന്ത്യൻപട്ടാളത്തിന്റെയും നയമാണ്. ജീവൻ കൊടുത്തും രാജ്യം സംരക്ഷിക്കും എന്നാണ് ഓരോ ഇന്ത്യൻ സൈനികനും പ്രതിജ്ഞയെടുത്തിട്ടുള്ളത്. അങ്ങോട്ടുപോയി ആക്രമിക്കുക നമ്മുടെ രീതിയല്ല. പക്ഷേ, നമ്മളെ അടിച്ചാൽ ഇരട്ടിയായി തിരിച്ചുകൊടുക്കുകയും ചെയ്യും. ഇവിടെയും ചൈനയാണ് ആക്രമണം ആരംഭിച്ചതെന്നാണു സേനാ വൃത്തങ്ങൾ പറയുന്നത്. തോക്കും ഇരുമ്പു ദണ്ഡും കൊണ്ട് സൈനികർ പരസ്പരം അടിച്ചിരിക്കാം. കായിക ഏറ്റുമുട്ടലും കല്ലേറും നടത്തിയിരിക്കാം.

കുറച്ചുദിവസമായുള്ള സംഘർഷാവസ്ഥയുടെ ഭാഗമായി ഇങ്ങനെയുള്ള ഏറ്റുമുട്ടൽ പതിവായി സംഭവിക്കുന്നതാണ്. പക്ഷേ ഇത്രയധികം സൈനികർ ഏറ്റുമുട്ടലിൽ മരിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ എനിക്കു വിശ്വസിക്കാനാവില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വികാരങ്ങൾ മാറ്റിവച്ച് വിവേകം ഉപയോഗിക്കുക എന്നത് പ്രധാനമാണ്. വികാരത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ രാജ്യത്തിനു വേണ്ടി വളരെയധികം വികാരമുണ്ടാകുന്ന വ്യക്തിയാണു ഞാൻ. രാജ്യത്തിന്റെ ഒരു ശത്രു ഇവിടെ കാലുകുത്തിയാൽ അവന്റെ കാലുവെട്ടണം എന്നതാണു മേജർ രവിയുടെ നയം.

പക്ഷേ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കുക എന്നതു പ്രധാനമാണ്. അപ്പോൾ വിവേകത്തിനായിരിക്കണം മുൻ‍തൂക്കം. സർവീസിൽ ആയിരിക്കുമ്പോൾ പാക്കിസ്ഥാൻ, ഭൂട്ടാൻ, ചൈന അതിർത്തികളിലെല്ലാം ഞാൻ പോയിട്ടുണ്ട്. ഇത്രയധികം സൈനികർ മരിച്ചെന്നു കേൾക്കുമ്പോൾ ജനം ആശങ്കയിലാകും. ഇന്ത്യക്കാരെ അടിച്ചും ഇടിച്ചും കൊല്ലുമ്പോൾ നമ്മുടെ പട്ടാളക്കാർ ഒരിക്കലും നോക്കിനിൽക്കില്ല. ചൈനീസ് സേനയ്ക്കെതിരെ തിരിച്ചടിച്ചിരിക്കും.

major-ravi-ladakh
മേജർ രവി

ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വളരെ പ്രത്യേകതയുള്ളതാണ്. സൈന്യം ഉന്തുംതള്ളും നടത്തി എന്നു പറയുന്നതു വളരെ ഉയരമുള്ള പ്രദേശത്താണ്. ഗൽവാൻ താഴ്‌വരയിൽ നിറയെ മൊട്ടക്കുന്നുകളാണ്. അകലെനിന്നു കാണുമ്പോൾ ഉറപ്പുള്ള കുന്നുകളായി തോന്നും. പക്ഷേ അവിടെ പോയിട്ടുള്ളവർക്കു മാത്രമേ ആ മണ്ണിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മനസ്സിലാകൂ. ഒരിക്കൽ ലഡാക്കിലൂടെ വണ്ടിയിൽ പോകുമ്പോൾ മുന്നിൽ കുന്നിടിഞ്ഞു വീഴുന്നു. അന്വേഷിച്ചപ്പോൾ വളരെ കൗതുകമുള്ള കാര്യമാണു കണ്ടെത്തിയത്.

അവിടെ ധാരാളമുള്ള മലയാടുകൾ തീറ്റതേടി കുന്നിൻ മുകളിലൂടെ നടക്കുമ്പോൾ കാൽ തട്ടി ചെറിയൊരു കല്ല് ഉരുണ്ടുവീണു. അതു വലിയൊരു കല്ലിൽ തട്ടിയപ്പോൾ അതും താഴേക്ക്.‌ അങ്ങനെ കല്ലും മണ്ണും ഇളകി വീഴുന്നതാണ്. അത്രമേൽ നേർത്ത പ്രതലമാണത്. ഇത്രയും സൈനികർ ഉന്തും തള്ളും നടത്തിയ സമയത്ത് അവിടെ മണ്ണ് ഇടിഞ്ഞു താഴേക്കു വീഴാനും സാധ്യതയുണ്ട്. മണ്ണ് ഒരു തവണ തെന്നിയാൽ പിന്നെ രക്ഷയില്ല. നമ്മൾ മഞ്ഞുവീഴ്ചയെക്കുറിച്ചു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് മണ്ണുവീഴ്ചയും.

∙ അവിടെ യുദ്ധസമാന സാഹചര്യമാകില്ല

മണ്ണിടിച്ചിൽ ഉണ്ടാകുന്നതോടെ ആളുകൾ 1000– 1500 അടി താഴേക്കാണു പതിക്കുക. ഇത് ഇന്ത്യൻ വശത്തു മാത്രമല്ല, ചൈനയുടെ ഭാഗത്തും സംഭവിച്ചെന്നാണ് അറിയുന്നത്. അവിടെ പൊതുവേ സൈന്യം തോക്ക് ഉപയോഗിക്കില്ല. ഒന്നോ രണ്ടോ ആളുകള്‍ക്കു ബുള്ളറ്റ് ഏറ്റ പരുക്കുണ്ടെന്ന് പറയപ്പെടുന്നെങ്കിലും കൃത്യമായി അറിയില്ല. പക്ഷേ മണ്ണിടിച്ചിലിനെ തുടർന്നുള്ള അപകടത്തിനു സാധ്യത ഏറെയാണ്. കേണലിന്റേത് ഉൾപ്പെടെ മൂന്നു പേരുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. രാത്രിയോടെ 17 പേരുടെ ശരീരം കൂടി കിട്ടി.

india-china-border

ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ ചൈന കൈമാറി. ചൈനക്കാരുടെ മൃതദേഹങ്ങൾ നമ്മളും വിട്ടുനൽകിയിട്ടുണ്ട്. ഇതു കാണിക്കുന്നത് അതിർത്തിയിൽ യുദ്ധസാഹചര്യം ഇല്ലായിരുന്നു എന്നാണ്. യുദ്ധസമാനമായ സാഹചര്യം ആണെങ്കില്‍ മൃതദേഹങ്ങള്‍ വൈറ്റ് ഫ്ലാഗ് മീറ്റൊക്കെ വച്ചാണു തിരിച്ചയയ്ക്കുക. യുദ്ധസമാന വേളയിൽ ഇങ്ങനെയല്ല രണ്ടു രാജ്യത്തെയും സൈന്യം പെരുമാറുക. എതിരാളി അതിർത്തിയിലേക്ക് ആക്രമിച്ചു കയറിയെന്നതിന്റെ തെളിവായി ശത്രുസൈനികരുടെ മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കും. ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിൽ മൃതദേഹങ്ങൾ ഇത്രയും പെട്ടെന്നു കൈമാറുകയുമില്ല. അതിനൊക്കെ പ്രത്യേക സമയമുണ്ട്.

തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ കുറഞ്ഞസമയത്തിനകം 20 മൃതശരീരങ്ങൾ തിരിച്ചയച്ചു. അതുപോലെ തിരിച്ചും. അവിടെ പതിവില്ലാത്ത സംഘർഷമുണ്ടെങ്കിലും ഇതെല്ലാം കാണിക്കുന്നത് കാര്യങ്ങൾ കൈവിട്ട് യുദ്ധ സാഹചര്യത്തിലേക്കു പോയിട്ടില്ല എന്നാണ്. സാധാരണ സംഭവിക്കാറുള്ള പ്രകൃതിദുരന്തം പോലെയാണ് ഇരു ഭാഗത്തും കണക്കാക്കുന്നത് എന്നാണ് മൃതദേഹങ്ങളുടെ വേഗത്തിലുള്ള കൈമാറ്റം സൂചിപ്പിക്കുന്നത്.

india-china-border-dispute

150 ഓളം ചൈനീസ് പട്ടാളക്കാര്‍ ഉണ്ടായിരുന്നെന്നാണു മനസ്സിലാക്കുന്നത്. ഇന്ത്യൻ ഭാഗത്താകട്ടെ ഒരു ബറ്റാലിയന്‍ ലെവലില്‍ രണ്ട് പ്ലാറ്റൂണ്‍ ആളുകള്‍ മാത്രവും. ആ സമയത്തെ ആൾബലം നോക്കുമ്പോൾ ചൈന പ്രകോപനകരമായി പെരുമാറാൻ സാധ്യതയേറെയാണ്. തുടർന്ന് കയ്യാങ്കളിയും ഏറ്റുമുട്ടലും നടന്നിരിക്കും. അപ്രതീക്ഷിതമായി മണ്ണിടിച്ചിൽ ഉണ്ടായിരിക്കും. ഒരാൾ വീഴുമ്പോൾ മറ്റേയാൾ രക്ഷിക്കാൻ ശ്രമിക്കും. അത് അപകടത്തിന്റെ തീവ്രത കൂട്ടും. ഗൽവാൻ നദിയിലേക്കാണു വീഴുക. പൂജ്യം ഡിഗ്രിയാണു നദിയുടെ താപനില. നദിയുടെ ഉള്ളിൽ മൈനസ് ഡിഗ്രിയും. അതിലേക്കു കയ്യും കാലും ഒടിഞ്ഞു വീഴുന്ന ഒരാൾക്കും അനങ്ങാനാവില്ല, തണുത്ത കാറ്റു കൂടിയാകുമ്പോൾ മരണം മുന്നിൽവന്നു നിൽക്കും. അപ്പോൾ അതിജീവനം അസാധ്യമാകും.

major-ravi-in-uniform
മേജർ രവി

45 വര്‍ഷമായി ഇതുവരെ ഈ ബോര്‍ഡറില്‍ പ്രശ്‌നം നടന്നിട്ടില്ല. ഇപ്പോഴും ഇന്ത്യ അവിടെ അതിര്‍ത്തിയൊന്നും വരച്ചിട്ടില്ല. ചൈന 150–250 ആളുകളുമായാണു വരുന്നത്. അവരുടെ ആ കരുത്ത് ഉപയോഗിച്ചു നമ്മുടെ പത്തോ അന്‍പതോ ആളുകളെ ഉന്തിത്തള്ളി മാറ്റാന്‍ അവര്‍ക്കു സാധിക്കും. ഇത്രയും നാള്‍ അവര്‍ ഈ ‘പോരാട്ടമാണു’ തുടര്‍ന്നിരുന്നത്. വെടിവയ്പിന്റെ ആവശ്യമില്ല. സൈന്യത്തിന്റെ താൽക്കാലിക സന്തോഷത്തിനും ജയിച്ചെന്നു തോന്നാനും ‘ഉന്തും തള്ളും’ പോളിസിയാണ് ചൈന സ്വീകരിച്ചിരുന്നത്. നമ്മുടെ പട്ടാളക്കാരും കട്ടയ്ക്കാണു നിൽപ്പ്. 50 പേരാണെങ്കിലും ശരി, ചൈനക്കാരെ ഒരിക്കലും കയറിവരാന്‍ അവർ സമ്മതിച്ചിട്ടില്ല എന്നോർക്കണം.

∙ ചൈനയ്ക്ക് അവരുടെ പൊസിഷനറിയാം

തിങ്കളാഴ്ച രാവിലെ മൂന്നു പേരുടെ മരണമാണ് ആദ്യം പുറത്തുവന്നത്. അതിൽ കമാൻഡിങ് ഓഫിസറായ ഒരു കേണലും ഉൾപ്പെട്ടിരുന്നു. കേണൽ റാങ്കിലുള്ളയാൾ കൊല്ലപ്പെടുമ്പോൾ ജനത്തിനും മാധ്യമങ്ങൾക്കും ഒക്കെ സ്ഥിതിഗതികളെപ്പറ്റി ആശങ്കയുണ്ടാവുക സ്വാഭാവികം. ചൈനയുടെ സൈനികരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കുക എന്നതാണു നിലപാട്. സാധാരണ പട്ടാളക്കാരെപ്പോലെ എളുപ്പത്തിൽ പ്രകോപിതരാകാത്ത, പക്വതയുള്ള കമാൻഡിങ് ഓഫിസറാണു ചർച്ചയ്ക്കു പോവുക. അങ്ങനെ സംസാരിക്കാൻ വേണ്ടി മുന്നിൽ പോയതാകും ആന്ധ്ര സ്വദേശിയായ കേണൽ സന്തോഷ് ബാബു.

രാത്രിയിലാണു സംഭവം. താൻ തന്നെ നിയന്ത്രിക്കാം എന്നു കരുതി പോയ കമാൻഡിങ് ഓഫിസർക്കു നേരെ റാങ്ക് നോക്കാതെ ചൈനീസ് പട്ടാളം ആക്രമം നടത്തുകയാണുണ്ടായത്. ഇതിൽ പ്രകോപിതരായ ഇന്ത്യൻ പട്ടാളം ശക്തമായി അവരെയും ആക്രമിച്ചു. ഇങ്ങനെയാണ് കഴിഞ്ഞദിവസത്തെ സംഘർഷം തുടങ്ങുന്നത്. വെടിവയ്പോ യുദ്ധമോ ആണെങ്കിൽ ഇവിടെത്തന്നെയാകും ബാക്കിയുള്ളവരും മരിച്ചു വീഴുക. പക്ഷേ ആദ്യം മൂന്നു സൈനികരുടെ കാര്യം മാത്രമേ പുറത്തുവന്നുള്ളൂ. ഇവരെ മാറ്റിയശേഷമാകും മറ്റുള്ളവരെ കാണാതായെന്ന് അറിയുന്നത്. അവർ മറ്റൊരു സ്ഥലത്താണ് അപകടത്തിൽ പെട്ടത് എന്നതാണിതു കാണിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ആശയവിനിമയത്തിലും ചെറിയ തടസ്സങ്ങളുണ്ടാകാം.

india-china-face-off

‘കോവിഡ് മഹാമാരിക്കിടെ ദൈവമേ, ഇനി യുദ്ധം കൂടി വരുമോ, എന്തു ചെയ്യും’ എന്ന് സാധാരണക്കാർക്കു പരിഭ്രാന്തിയുണ്ടാവുക സ്വാഭാവികം. എന്നാൽ അങ്ങനെയൊരു ചിന്തയുണ്ടാകേണ്ട ആവശ്യമില്ല. മറിച്ചാണു സ്ഥിതിയെങ്കിൽ കഴിഞ്ഞ രണ്ടു ദിവസം കൊണ്ടുതന്നെ കാര്യങ്ങൾ രൂക്ഷമായേനെ, ആയുധപ്രയോഗം വരെയുണ്ടാകുമായിരുന്നു. അതൊന്നുമുണ്ടായിട്ടില്ല. സേനാവിന്യാസം നടക്കുന്നുണ്ടെങ്കിലും ട്രിഗർ ആരും വലിച്ചിട്ടില്ല. നമ്മൾ കാഞ്ചി വലിക്കില്ല, ചൈന ഒട്ടും വലിക്കുകയുമില്ല. അവരുടെ പൊസിഷൻ എന്താണെന്ന് ചൈനയ്ക്കു നല്ല ധാരണയുണ്ട്.

ചൈനയെ സംബന്ധിച്ച് അവരുടെ സമ്പദ് വ്യവസ്ഥയാണു മുഖ്യം. സമ്പദ് വ്യവസ്ഥ ശക്തമാക്കിയാൽ ലോകശക്തിയാകുമെന്നു വിശ്വസിക്കുന്നവരാണു ചൈനക്കാർ. പണം സ്വരുക്കൂട്ടുക എന്നതാണ് അവരുടെ ആശയം. അങ്ങനെയുള്ള രാജ്യം, യുദ്ധത്തിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നു മനസ്സിലാവുന്ന രാജ്യം, യുദ്ധത്തിലേക്കു പോകാനുള്ള സാധ്യത വിരളമാണ്. അതിനാൽ ജനം വ്യാകുലപ്പെടേണ്ടതില്ല. ഇങ്ങോട്ട് എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ ഇന്ത്യൻ സൈന്യം അങ്ങോട്ടും കൊടുത്തിട്ടുണ്ടെന്നുറപ്പാണ്. മഞ്ഞിടിഞ്ഞു വീണ് എത്ര സൈനികർ മരിക്കുന്നുണ്ട്. ഇതുപോലെയുള്ള വെല്ലുവിളികൾ പട്ടാളക്കാരുടെ ജീവിതത്തിൽ സാധാരണമാണ്.

∙ ഈ ചോര വീണത് അങ്ങനെയായിരിക്കില്ല

സ്വതന്ത്ര ഇന്ത്യയ്ക്കു ചൈനയുമായി നല്ല സൗഹൃദമായിരുന്നു. 1949 ൽ സ്ഥാപിതമായ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അൻപതുകൾ പഞ്ചശീലതത്വങ്ങളുടേയും ‘ഹിന്ദി – ചീനി ഭായ് ഭായ്’ മുദ്രാവാക്യത്തിന്റെയും നാളുകളായിരുന്നു. 1959 ൽ ടിബറ്റിലെ പ്രശ്നങ്ങളാണ് ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കിയത്. ഇന്ത്യ– ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്ന വാദവുമായി 1959ൽ ചൈന രംഗത്തെത്തി. 1962 ഒക്‌ടോബർ 20ന് ആയിരുന്നു ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിതമായ ചൈനീസ് ആക്രമണം.

1967 മേയിൽ സിക്കിം അതിർത്തിയിലെ നാഥു ലായിൽ ചൈനയുടെ പ്രകോപനം. ഓഗസ്റ്റ് 13ന് സേബു ലായിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റിനു സമീപം ബങ്കർ നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ എതിർത്തു. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യയ്ക്ക് 88 സൈനികരെ നഷ്ടമായി; ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെട്ടു. 1975 ഒക്ടോബറിൽ അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.

1976 ൽ പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം പരസ്പരം വെടിവയ്പുണ്ടായിട്ടില്ല. ഇക്കാലത്തിനിടെ അതിർത്തിയിൽ ചോര വീണത് ഇപ്പോഴാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ചിലർ മുന്നോട്ടുവയ്ക്കുന്നു. പക്ഷേ ഈ ചോര വീണത് അങ്ങനെയായിരിക്കില്ല എന്നാണ് എന്റെ നിഗമനം. ശ്രദ്ധ തിരിക്കാനുള്ള ചൈനയുടെ തന്ത്രമാണിതെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. കമ്യൂണിസത്തെയും പാർട്ടിയെയും അണികൾ അകത്തുനിന്ന് എതിർക്കുന്നു. ദോക്‌ലാ സംഘർഷത്തിൽ പിന്മാറിയത് ചൈനയിൽ വലിയ ചർച്ചയായി. ഗൽവനിലും അങ്ങനെയാകാതിരിക്കാനാണ് അവരുടെ ശ്രമം. പിന്മാറ്റത്തിനെതിരെ ചോദ്യം ചെയ്യലുകൾ ഒഴിവാക്കാനുള്ള ശ്രദ്ധ പിടിച്ചുപറ്റൽ ശ്രമമാണിത്.

രാഷ്ട്രീയ നിലനിൽപ് വേണമെങ്കിൽ ഇതുപോലെ അടിപിടികൾ അവർക്കു വേണ്ടിയിരിക്കാം. അവരുടെ ഭാഗത്തു നാശനഷ്ടങ്ങളുണ്ട്. കമ്യൂണിസ്റ്റ് രാജ്യമായതിനാൽ ചോദ്യവും പറച്ചിലുമൊന്നുമില്ല. വിവരങ്ങൾ സർക്കാരിന് ഒളിപ്പിച്ചുവയ്ക്കാം. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല, എത്ര പേർ മരിച്ചു എന്നതു സർക്കാരിനു ജനങ്ങളോടു പറഞ്ഞേ പറ്റൂ. ഇപ്പോഴുള്ള പ്രശ്നം നയതന്ത്രതലത്തിൽ സംസാരിച്ചു തീർക്കാനാവുന്നതാണ് എന്റെ വിശ്വാസം. വരുംനാളുകളിൽ തന്നെ സംഘർഷാവസ്ഥ മാറിയേക്കും. യുദ്ധം ഉണ്ടാക്കുന്ന വികാരമല്ല, അതിന്റെ പ്രത്യാഘതങ്ങൾ മുൻകൂട്ടി കണ്ടുള്ള വിവേകപരമായ തീരുമാനമാണ് പ്രധാനം.

india-china-border-army

കാർഗിൽ യുദ്ധ സമയത്തു വേണമെങ്കിൽ ചൈനയ്ക്ക് അതിർത്തി കടന്നു വരാമായിരുന്നു. അവരതു ചെയ്തിട്ടില്ല. ഇപ്പോഴും ചെയ്യില്ല. ഇന്ത്യയുടെ കൈവശം എന്തെല്ലാം ഉണ്ടെന്നൊക്കെ അവർക്കുമറിയാം. നമ്മൾ വളർന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോഴത്തെ പ്രശ്നം, നമ്മൾ അവരുടെ കഴുത്തുവരെ എത്തിയെന്നതാണ്. അരുണാചൽ പ്രദേശിലെ റോഡ് നിർമാണം വളരെ നിർണായകമാണ്. ഇതു ചൈനയ്ക്കു ഭീഷണി തന്നെയാണ്. യുദ്ധം വന്നു കഴിഞ്ഞാൽ അതിവേഗത്തിൽ ഇന്ത്യൻ സൈന്യത്തിന് അതിർത്തിയിൽ എത്താനാകും. ഇന്ത്യ വളരുന്നതിന്റെ അസ്വസ്ഥത കൂടിയാണ് ഇതിലെല്ലാം കാണുന്നത്.

ചൈനീസ് പട്ടാളത്തേക്കാൾ 30 ശതമാനം അധികം ആത്മവീര്യമുള്ളവരാണ് ഇന്ത്യൻ സൈന്യം. രാജ്യത്തിനു വേണ്ടി മറ്റു സ്വരച്ചേർച്ച ഇല്ലായ്മകളെല്ലാം മറന്ന് അവർ പോരാടും. നിങ്ങൾ ഒന്നടിച്ചാൽ ഞങ്ങൾ രണ്ടടിക്കും എന്നു പറഞ്ഞ് കട്ടയ്ക്കു നിൽക്കുന്ന ചുണക്കുട്ടികളാണ് ഇന്ത്യയുടെ ഭാഗത്ത്. രാഷ്ട്രീയക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യുന്നവരാവണം. വാക്ക് കൊടുത്താൽ പാലിക്കണം. അങ്ങനെയുള്ള ചെറുപ്പക്കാരായ നേതാക്കൾ കൂടുതലായി രാഷ്ട്രീയത്തിൽ വരണമെന്നാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത്. അതല്ലാത്ത, പരമ്പരാഗത രാഷ്ട്രീയത്തിൽ ജനം മടുത്തിരിക്കുന്നു.

India-China-Border-Map

English Summary: Major Ravi Response on India -China Border Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com