1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ്

SHARE

ഇന്ത്യ–ചൈന ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കാൻ ഇടയാക്കിയത് 1959ൽ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. അങ്ങനെയാണ് അതിർത്തി തർക്കവുമായി 1959 മുതൽ ചൈന പ്രകോപനം സൃഷ്ടിക്കാൻ തുടങ്ങിയത്.

ഇന്ത്യ– ചൈന അതിർത്തി ഒൗപചാരികമായി നിർണയിച്ചിട്ടില്ലെന്നായിരുന്നു ആദ്യത്തെ വാദം. ഇന്ത്യ – ചൈന അതിർത്തിയിൽ മക്മഹോൻ രേഖ ചൈനയ്ക്ക് സ്വീകാര്യമല്ല. പ‌‌ടിഞ്ഞാറൻ അതിർത്തിയിൽ ലഡാക്ക് ഭാഗത്ത്, കാരക്കോണം മലനിരകളുടെ ജലപാതനിര അതിർത്തിയായി അംഗീകരിക്കണമെന്നാണ് ചൈനീസ് നിലപാട്. എന്നാൽ കുൻലുൻ (KUN LUN) മലനിരകളുടെ ജലപാതനിരയാകണം അതിർത്തിയെന്നാണ് ഇന്ത്യൻ നിലപാട്.

അതിർത്തിയിലെ ആക്രമണം

1959 ഒക്ടോബർ 21നാണ് ഇന്ത്യ–ചൈന അതിർത്തിത്തർക്കം മൂർധന്യത്തിലെത്തിയത്. വടക്കു കിഴക്ക് ലഡാക്ക് അതിർത്തിയിൽ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ കരം സിങ്ങിന്റെ നേതൃത്വത്തിലുള്ള 20 അംഗ പൊലീസ് സേനയെ ചൈനീസ് സേന വെടിയുണ്ടകളും ഗ്രനേഡുമായി ആക്രമിച്ചു. 17 പൊലീസുകാർക്കു വീരമൃത്യു. ഈ രക്തസാക്ഷിത്വത്തിന്റെ ഓർമയ്ക്കാണ് എല്ലാ വർഷവും ഒക്ടോബർ 21 പൊലീസ് ദിനമായി ആചരിക്കുന്നത്. അന്നു ചൈനയോടു ചെറുത്തുനിന്ന കരംസിങ്ങിനു പ്രസിഡന്റിന്റെ പൊലീസ് മെഡൽ ലഭിച്ചു. ഈ സംഭവത്തിനു ശേഷം ചൈനീസ് അതിർത്തി കാക്കാൻ പൊലീസിനു പകരം പട്ടാളത്തെ ഇന്ത്യ നിയോഗിച്ചു. 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിലേക്കു വഴിതുറന്ന പ്രധാന സംഭവമായിരുന്നു ഈ വെടിവയ്പ്.

അപ്രതീക്ഷിതം യുദ്ധം

1962 ഒക്‌ടോബർ 20ന് ആയിരുന്നു ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ അപ്രതീക്ഷിത ആക്രമണം. അതിർത്തിത്തർക്കം യുദ്ധത്തിനു കാരണമാകുമെന്ന് ആരും സങ്കൽപിക്കുക പോലും ചെയ്‌തിരുന്നില്ല. അന്ന് അരുണാചൽപ്രദേശിലും ല‍ഡാക്കിലും കിലോമീറ്ററുകളോളം ചൈനീസ് സൈന്യം കടന്നുകയറി. പടിഞ്ഞാറു കശ്‌മീരിൽ ലഡാക്കിലെ അക്‌സായ് ചിന്നിലും കിഴക്കു നേഫയിലും (അരുണാചൽ പ്രദേശ്) ഒരേസമയത്ത് കിലോമീറ്ററുകളോളം ചൈന അതിക്രമിച്ചു കയറി. പലയിടത്തും ചെറുക്കാൻ ഇന്ത്യൻ സേനതന്നെയില്ലായിരുന്നു. നവംബർ 21നു ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചു. അരുണാചൽപ്രദേശിൽനിന്നു പിൻവാങ്ങിയെങ്കിലും ജനവാസമില്ലാത്ത അക്‌സായ് ചിന്നിലെ ഏതാണ്ട് 38,000 ചതുരശ്ര കിലോമീറ്റർ ഇന്നും ചൈനയുടെ അധീനതയിലാണ്. അതിർത്തിയിലെ എക്കാലത്തെയും തർക്കഭൂമിയാണ് അക്‌സായ് ചിൻ. ചൈനയുടെ തെക്ക് സിൻജിയാങ്ങിൽ നിന്ന് ടിബറ്റിലേക്കു നേരിട്ടു മാർഗം കിട്ടുമെന്നതായിരുന്നു അക്സായി ചിന്നിന്റെ കാര്യത്തിൽ ചൈനയുടെ കടുംപിടുത്തത്തിന്റെ കാരണം.

സിക്കിമിനെച്ചൊല്ലി...

1965 സെപ്റ്റംബർ: സിക്കിം അതിർത്തിയിൽ രൂക്ഷമായ വെടിവയ്പ്. സിക്കിം 1975ൽ ഇന്ത്യയിൽ ചേർന്നത് ചൈനയ്ക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. ഔദ്യോഗിക രേഖകളിലെല്ലാം അവര്‍ ഈ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ ഭൂപടങ്ങളിൽ ഏറെക്കാലം സിക്കിമിനെ സ്വതന്ത്രരാജ്യമായാണു രേഖപ്പെടുത്തിയിരുന്നത്. 2004 ലാണ് സിക്കിം ഇന്ത്യയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഒൗദ്യോഗിക ഭൂപടം ചൈന ആദ്യമായി പുറത്തിറക്കിയത്. 2017ൽ സിക്കിം ഭാഗത്തെ തർക്കഭൂമി തങ്ങളുടേതായി ചിത്രീകരിച്ച് ചൈന പുതിയ ഭൂപടം പുറത്തിറക്കിയിരുന്നു.

ഇന്ത്യൻ തിരിച്ചടി

1967 മേയിൽ സിക്കിം അതിർത്തിയിലെ നാഥു ലായിൽ ചൈനയുടെ പ്രകോപനം. ഓഗസ്റ്റ് 13ന് സേബു ലായിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റിനു സമീപം ബങ്കർ നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ എതിർത്തു. ബങ്കറുകളിൽ സൈനികരെ എത്തിച്ച് പ്രകോപനം. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇന്ത്യയ്ക്ക് 88 ഇന്ത്യൻ സൈനികർക്കു വീരമൃത്യു; ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെട്ടു.

അരുണാചലിൽ ആക്രമണം

1975 ഒക്ടോബറിൽ അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. പട്രോളിങ് സംഘത്തിനു നേർക്ക് ഇന്ത്യൻ പ്രദേശത്തു കടന്നുകയറിയ ചൈനീസ് സംഘം വെടിയുതിർക്കുകയായിരുന്നു. 1976 ൽ പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു ശേഷം പിന്നീട് പരസ്പരം വെടിവയ്പുണ്ടായിട്ടില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ ഇന്ത്യ - ചൈന അതിർത്തി ശാന്തമായിരുന്നു. 1962ലെ യുദ്ധത്തിനു ശേഷം അരുണാചൽ പ്രദേശിൽനിന്ന് ചൈന പിൻവാങ്ങിയെങ്കിലും അതിർത്തി ഭാഗങ്ങളിൽ ഇപ്പോഴും അവർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിൽ ഉൾപ്പെടുന്നുവെന്നാണ് വാദം.

അരുണാചലിലേക്ക് വീണ്ടും ചൈന

ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിൽ സേനാവിന്യാസം ശക്തമാക്കാൻ 1980കളിൽ ഇന്ത്യ തീരുമാനിച്ചിരുന്നു. അതോടൊപ്പം അരുണാചൽ പ്രദേശിലെ നാംക ചു താഴ്‌വര കേന്ദ്രീകരിച്ചും ഇന്ത്യ നിരീക്ഷണം ശക്തമാക്കി. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ കനത്ത പോരാട്ടം നടന്ന സ്ഥമാണിത്. നാംക ചുവിൽ ചൈന കണ്ണുവച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ ഇന്ത്യ 1983 മുതൽ ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.

അത്തരം നിരീക്ഷണത്തിനിടയിലാണ് 1986ൽ നാംക ചുവിന് വടക്കുകിഴക്കായി സംതറോങ് ചുവിൽ ചൈനീസ് സൈന്യം കടന്നുകയറി ചില താൽക്കാലിക നിർമാണങ്ങൾ നടത്തിയതായി കണ്ടെത്തിയത്. ആ സമയത്താണ് അതിർത്തി സുരക്ഷാ പരിശോധനയുടെ ഭാഗമായി എംഐ–26 ഹെലികോപ്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് മേഖലയിലേക്ക് ഇന്ത്യ സേനയെ എത്തിച്ചിരുന്നതും. അതോടെ ചൈനയും മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. വീണ്ടും സംഘർഷ സാധ്യത തെളിഞ്ഞു. പക്ഷേ അത് ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ പര്യവസാനിക്കുകയായിരുന്നു.

ലഡാക്കിലെ ‘കൂടാരം’

2013ൽ ലഡാക്കിൽ ഇന്ത്യൻ പ്രദേശത്ത് ചൈന ഏറെദൂരം ഉള്ളിലെത്തി കൂടാരം സ്ഥാപിച്ചു. ഏറെ സൈനിക പ്രാധാന്യമേറിയ മേഖലയാണ് ലഡാക്ക്. പാക്കിസ്‌ഥാൻ നിയന്ത്രിതഭൂമിക്കും ചൈനീസ് അധീനതയിലുള്ള അക്‌സായ് ചിന്നിനും ഇടയിലാണിത്. അക്‌സായ് ചിന്നിലേക്ക് വലിയ ആയുധങ്ങൾ എത്തിക്കാൻ ചൈനയ്ക്കു റോഡും സൗകര്യങ്ങളുമുണ്ട്. ചൈനയുടെ സേനാവിഭാഗവും ഇവിടെയുണ്ട്.

2014: ലഡാക്ക് സെക്ടറിൽ ചുമാർ, ദെംചോക് മേഖലകളിലായി 3 ദിവസത്തിനിടെ ചൈനീസ് സൈന്യം രണ്ടുതവണ കടന്നുകയറ്റ ശ്രമം നടത്തി.

ഇന്ത്യ വിട്ടുതരില്ല ദോക് ലാ

2017 മുതൽ ദോക്​ലായിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നു. സിക്കിമിലെ നാഥു ലാ ചുരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ, ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തിയിലെ മുക്കവലയിലുള്ള 100 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ദോക്‌ല. അതിശൈത്യത്തിലും സൈനികസാന്നിധ്യമുളള മേഖലയാണ് ഇവിടം. 2017 ജൂണിൽ ഇവിടെ സംഘർഷമുണ്ടായി. ഭൂട്ടാന്റെ ഭാഗത്തേക്ക് ചൈന റോഡ് നിർമിക്കാൻ ശ്രമിച്ചത് ഇന്ത്യ പ്രതിരോധിച്ചു. ഇവിടെ ആധിപത്യം സ്ഥാപിച്ചാൽ പീരങ്കിയാക്രമണത്തിലൂടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള റോഡ്, റെയിൽ ബന്ധം വിച്ഛേദിക്കാനാവും. സമാധാനപരമായി പിൻമാറാൻ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും ധാരണയിലെത്തി. ചൈന 200 മീറ്റർ പിന്നിലേക്കു മാറി. ദോക്‌ലയിൽ ഉയർത്തിയ ചൈനീസ് പതാകകളും നീക്കി.

പുതിയ ചൈനീസ് പ്രകോപനം

നിലവിലെ സംഘർഷത്തിന്റെ തുടക്കം ഇക്കഴിഞ്ഞ മാർച്ച് 24നാണെന്നു പറയാം. ഇന്ത്യൻ സമുദ്ര മേഖലയ്ക്കു സമീപം വരെയെത്തിയ ചൈനീസ് യുദ്ധക്കപ്പലിന് അന്ന് ഇന്ത്യൻ നാവികസേനയ്ക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു. മേയ് മൂന്നിന് ലഡാക്ക് അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകളെത്തി. ലേ വ്യോമതാവളത്തിലെ യുദ്ധവിമാനങ്ങൾ അയച്ചായിരുന്നു ഇന്ത്യയുടെ മറുപടി. പാംഗോങ് തടാകത്തിനു സമീപം ഇന്ത്യ–ചൈന സൈനികർ തമ്മിൽ കയ്യേറ്റം കൂടിയായതോടെ അതിർത്തിയിലെ സംഘർഷം പിന്നെയും രൂക്ഷമായി. മേയ് 5,6 തീയതികളിലെ പരസ്പരമുള്ള കയ്യേറ്റത്തിൽ ഇന്ത്യൻ സൈനിക ഓഫിസർ ഉൾപ്പെടെ 70ലേറെ പേർക്കു പരുക്ക്. മേയ് 23ന് സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ലേയിലെത്തി. കമാൻഡർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ, മേയ് 26ന് അതിർത്തിയിലേക്ക് സൈനികരെ എത്തിച്ച് ചൈന.

ഉന്നത സേനാനേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചയ്ക്കു മുന്നോടിയായി ജൂൺ നാലിന് അൽപം പിൻവാങ്ങി ഇന്ത്യ – ചൈന സേനകൾ. ആറിന് ഇരു രാജ്യങ്ങളിലെയും കരസേനാ കമാൻഡർമാർ നടത്തിയ ചർച്ചയിൽ ധാരണ. തർക്കം പരിഹരിക്കാൻ നയതന്ത്ര, രാഷ്ട്രീയ ചർച്ചകൾ തുടരാനായിരുന്നു തീരുമാനം. എന്നാൽ ജൂൺ എട്ടിന് വീണ്ടും കടന്നുകയറ്റത്തിന്റെ റിപ്പോർട്ടുകളെത്തി. ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്കു ൈചന കടന്നുകയറിയെന്നായിരുന്നു വിവരം. ജൂൺ 9ന് ഇരുസേനകളും ഭാഗികമായി പിന്നോട്ടുനീങ്ങി. ഹോട് സ്പ്രിങ്സിലും ഇരുസേനകളും അൽപം പിന്നോട്ടു മാറി. അപ്പോഴും പാംഗോങ്ങിൽ സംഘർഷം അയഞ്ഞില്ല.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഘട്ടംഘട്ടമായുള്ള പിന്മാറ്റം ഇരു സേനകളും ആരംഭിച്ചുവെന്നും കരസേനാ മേധാവി ജനറൽ എം.എം. നരവനെ അറിയിച്ചത് ജൂണ്‍ 13ന്. എന്നാൽ കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്കു വീരമൃത്യുവെന്ന വിവരമാണ് ജൂൺ 16നു പുറത്തുവന്നത്. ഒന്നരമാസമായി മേഖലയിൽ തുടരുന്ന സംഘർഷമാണ് ഏറ്റുമുട്ടലിലേക്കെത്തിയത്. ഗൽവാൻ താഴ്‍വരയിൽ ഇന്ത്യ റോഡ് നിർമിച്ചതാണ് ചൈനയുടെ എതിർപ്പിനു കാരണം. റോഡ് പൂർണമായി ഇന്ത്യൻ ഭാഗത്താണെങ്കിലും അതിർത്തിയിൽ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാൻ കഴിയുന്നതിലാണ് എതിർപ്പ്.

ജൂൺ 17: പിൻമാറില്ലെന്നുറച്ച് പ്രകോപനം സൃഷ്ടിച്ച് ചൈനീസ് സേന പട്രോൾ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് വാദം. ഇരു സേനകളും അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കുകയാണ്. ഇന്ത്യ–ചൈന അതിർത്തിയിലെ സാഹചര്യം ചർച്ച ചെയ്യാൻ 19ന് എല്ലാ പാർട്ടികളുടെയും യോഗവും പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിട്ടുണ്ട്.

(ഇന്ത്യ–ചൈന സംഘർഷം: ഏറ്റവും പുതിയ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ)

English Summary: What is the decades-long India-China border dispute about? Key dates and Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.