ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചോര വീഴ്ത്തിയ ചൈനീസ് നടപടിക്കു പിന്നാലെ ഇന്ത്യയ്ക്ക് തയ്‌വാന്റെയും ഹോങ്കോങ്ങിന്റെയും ഉൾപ്പെടെ പിന്തുണ. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിൽ ചൈനയുടെ കമാൻഡിങ് ഓഫിസർ ഉൾപ്പെടെ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനു പിന്നാലെയാണ് തയ്‌വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞത്.

ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയിൽ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം വൈറലായി. ‘ഞങ്ങൾ കീഴടക്കും, ഞങ്ങൾ കൊല്ലും’ എന്ന കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ചിത്രം പ്രമുഖ മാധ്യമമായ തയ്‌വാൻ ന്യൂസ് ‘ഫോട്ടോ ഓഫ് ദ് ഡേ’ ആക്കി. ഇതോടെ ഇന്ത്യയിൽ ട്വിറ്റർ ഹാൻഡിലുകളിലും ‘വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമൻ’ പറന്നുനടന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ഹോങ്കോങ് മിലിട്ടറി പൊലീസിന് ഇന്ത്യ നൽകിയ സേവനങ്ങളെയും 1941ലെ ‘ബാറ്റിൽ ഓഫ് ഹോങ്കോങ്ങി’ൽ ജപ്പാനെതിരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധത്തെയും ലിക്ജിയിൽ ചിലർ സ്മരിച്ചു.

കൂടാത, ‘പാൽചായ സഖ്യം’ (മിൽക്ക് ടീ അലയൻസ്) സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വൈറലായി. ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ ഐക്യദാർഢ്യം സൂചിപ്പിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന അനൗപചാരിക പദമാണ് ‘പാൽ ചായ സംഖ്യം’. പാൽചായ കുടിക്കുന്നത് വളരെ സാധാരണമായ ഇന്ത്യ, തയ്‌വാൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ ഉയരുന്ന ചൈന വിരുദ്ധ വികാരത്തെയും അതു സൂചിപ്പിക്കുന്നു. ചൈനയിൽ കട്ടൻ ചായയ്ക്കാണ് കൂടുതൽ പ്രചാരം.

തയ്‌വാൻ‌–ഇന്ത്യ–ചൈന

തയ്‌വാനും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി തയ്‌വാൻ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തയ്‌വാന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് യുദ്ധവിമാനങ്ങൾ ചീറിപ്പാഞ്ഞത്. തയ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് പിന്നിൽ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1949 ഒക്ടോബർ 1 നാണ് ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം നിലവിൽ വന്നത്. വിപ്ലവം ജയിച്ച മാവോ സെ ദുങ് ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തയ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.

തയ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങൾ ഇത് അംഗീകരിച്ചുകൊടുക്കുകയും ചെയ്തു. ‘റിപ്പബ്ലിക് ഓഫ് ചൈന’ എന്നാണ് തയ്‌വാൻ ഇപ്പോഴും ഔദ്യോഗികമായി അറിയപ്പെടുന്നത്. എന്നാൽ തയ്‌വാൻ തങ്ങളുടെ അധീനതയിൽ ആണെന്നാണ് ചൈനയുടെ വാദം. തയ്‌വാനെ ‘ചൈനീസ് തായ്‌പെയ്’ എന്നി സംബോധന ചെയ്യണമെന്ന് ചൈന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

തയ്‌വാനും ചൈനയും തമ്മിലുള്ള ചർച്ചകൾ അവസാനിച്ചെന്നും തയ്‌വാൻ ഒരു സ്വതന്ത്ര രാജ്യമാണെന്നും ചൈന ഈ യാഥാർഥ്യത്തെ അംഗീകരിക്കണമെന്നും ഈ വർഷമാദ്യം തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ വ്യക്തമാക്കിയിരുന്നു. മേയിൽ തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാങ് ഇങ് വെന്നിന്റെ സത്യപ്രതിജ്ഞാചടങ്ങളിൽ രണ്ടു ബിജെപി എംപിമാർ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തിരുന്നു. കോവിഡ് പ്രതിരോധത്തിനായി തയ്‌വാൻ ഇന്ത്യയിലേക്ക് 10 ലക്ഷം മാസ്ക്കുകൾ കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു.

ഹോങ്കോങ്–ചൈന

ഹോങ്കോങ്ങിൽ ഒരു വർഷത്തിലേറേയായി ജനാധിപത്യ പ്രക്ഷോഭം നടക്കുകയാണ്. കുറ്റാരോപിതരെ വിചാരണ ചെയ്യാൻ ചൈനയ്ക്കു വിട്ടുകൊടുക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ വർഷം ജൂൺ 9 നു തുടങ്ങിയ സമരം പിന്നീട് ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭമായി വളരുകയായിരുന്നു. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകൾ ശക്തമാണ്.

English Summary: ‘India’s Rama takes on China’s dragon’: HK, Taiwan netizens support India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com