ADVERTISEMENT

കോഴിക്കോട്∙ പ്രവാസികളുടെ കാര്യത്തിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് പച്ചക്കള്ളം പറയാൻ കഴിയുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രോഗബാധിതരെ പ്രത്യേകം വിമാനത്തിൽ കൊണ്ടുവരണമെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് താൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് നന്നായിട്ടറിയാം. കോവിഡ് പോസിറ്റീവായ ഒരാളെപ്പോലും വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അറിയാത്തയാളല്ല മുഖ്യമന്ത്രി. ഒരു പ്രവാസിയും തിരിച്ചുവരാതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുഷ്ടലാക്കാണ് ടെസ്റ്റ് നിർബന്ധമാക്കിയതിനു പിന്നിൽ.

എല്ലാ രാജ്യങ്ങളിലും രോഗലക്ഷണമുള്ളവർക്കു മാത്രമേ ടെസ്റ്റ് നടത്തൂ എന്ന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാൾക്ക് അറിയാത്തതല്ല. തനിക്ക് നാട്ടിൽ പോവണമെന്നതുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പ്രവാസി ആവശ്യപ്പെട്ടാൽ ഏതെങ്കിലും രാജ്യം സമ്മതിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. കോടിക്കണക്കിന് ആസ്തിയുള്ള നോർക്കയുടെ പണിയെന്താണെന്ന് പറയാൻ മുഖ്യമന്ത്രിയും സ്പീക്കറും ആർജവം കാണിക്കണം. പ്രവാസികൾ‍ക്ക് നയാ പൈസയുടെ സഹായമെങ്കിലും നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.

കോവിഡ് തുടങ്ങിയകാലത്ത് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ച സംസ്ഥാന സർക്കാരിന് ഇതു തിരിച്ചടിയുടെ കാലമാണ്. ജലീലിനെപ്പോലുള്ള വൃത്തികെട്ട മന്ത്രിമാർ അക്കാലത്ത് എന്തെല്ലാമാണു പറഞ്ഞതെന്ന് ഓർക്കണം. രോഗലക്ഷണമില്ലാത്തവർക്ക് കോവിഡ് ടെസ്റ്റ് നടത്തരുതെന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചയാളാണ് മുഖ്യമന്ത്രി. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്രത്തിനു ഏപ്രിൽ 15ന് കത്തയച്ചു. പ്രവാസികളെ തിരികെ കൊണ്ടുവരാൻ സംസ്ഥാനം തയാറാണെന്നും കേന്ദ്രം ഇടങ്കോലിടരുതെന്നുമാണ് മുഖ്യമന്ത്രി കത്തിൽ പറഞ്ഞത്. ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകി. ഇപ്പോൾ നിലപാട് മാറ്റിയത് കേരളത്തിൽ എല്ലാ നിയന്ത്രണവും കൈവിട്ടു പോയതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com