ADVERTISEMENT


ന്യൂഡൽഹി∙ചൈനയുടെ ഭാഗത്തു നിന്നു തുടർ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല. കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. കര, നാവിക, വ്യോമ സേനാ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.

അതിർത്തിയിൽ ഏതു തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതു നേരിടാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതായും പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങൾ ചൈനീസ് അതിർത്തിയിൽ കേന്ദ്രീകരിക്കും. ഒപ്പം പാക്ക് അതിർത്തിയിലും അതീവ ജാഗ്രത. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ് എന്നിവർ കേന്ദ്ര പ്രതിരോധ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. 

അതിർത്തി മേഖലകളിലെ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ സേനാ ഡിവിഷനുകൾ അതിർത്തിയിലേക്ക് എത്തുന്നു. അതിക്രമിച്ചുകയറിയ പ്രദേശങ്ങളിൽ നിന്നു ചൈനീസ് സൈന്യം പിന്നോട്ടുപോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നുവെങ്കിലും ഗൽവാൻ താഴ്‌വരയുടെ മേൽ ഉയർത്തിയ അവകാശവാദം പിൻവലിക്കുന്നതുവരെ സൈനികനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. ഗൽവാൻ താഴ്‍വരയിൽ അതിക്രമിച്ചുകയറിയ പ്രദേശത്ത് ചൈനീസ് സൈന്യം നടത്തിയ നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റിയിട്ടില്ല. അതിനു ശ്രമിച്ചപ്പോഴാണ് ഇന്ത്യൻ സൈനികരെ ആക്രമിച്ചതെന്നാണു സൂചന.

English Summary : Strict vigil on Chinese activities around land border, airspace’: Defence minister
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com