ADVERTISEMENT

കൊച്ചി∙ രണ്ടു പ്രധാനപ്പെട്ട സുപ്രീം കോടതി വിധികളുടെയും കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവിന്റെയും ആശങ്കയിൽ കഴിഞ്ഞയാഴ്ച വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ഇന്ത്യ–ചൈന യുദ്ധസമാനസാഹചര്യങ്ങൾ അധിക ബാധ്യതയായി. എന്നിട്ടും ഇന്ത്യൻ സൂചികകൾ കഴിഞ്ഞയാഴ്ച നേട്ടത്തിലെത്തിയത് സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിഫ്റ്റി 3.34%വും സെൻസെക്സ് 4.02%വും മുന്നേറ്റം നേടിയപ്പോൾ ബാങ്ക് നിഫ്റ്റി 3% മുന്നേറിയത് അനുകൂല ഘടകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് കാണിക്കുന്നത്. ക്രൂഡ് വില ക്രമപ്പെട്ടിരിക്കുന്നതും ഇന്ത്യൻ വിപണിയിലെ യഥാർഥ അവസരം നഷ്ടമായ വിദേശ നിക്ഷേപകർ ഓഹരി വിലകളിൽ തിരുത്തൽ കാത്തിരിക്കുന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷ നൽകുന്നു.

ഇന്ത്യൻ വിപണികളിലെ വിലയിടിച്ചിൽ അവസരമാക്കിയ ചില്ലറ നിക്ഷേപകരാണ് വിപണിയുടെ യഥാർഥ അടിത്തറ. ഫാർമ, എഫ്എംസിജി, സ്റ്റീൽ, സിമെന്റ് സെക്ടറുകൾക്കൊപ്പം ബാങ്കിങ്, ഓട്ടോ, എൻബിഎഫ്സി, റിയാലിറ്റി, ഇൻഫ്രാ സെക്ടറുകളും ചേരുന്നതും റിലയൻസിന്റെ മുന്നേറ്റവും ഇന്ത്യൻ വിപണിയിൽ ശക്തമായ ‘ബുൾ’ റണ്ണിന് തന്നെയാണ് അടിത്തറയിടുന്നത്. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ചൈനീസ് ഇറക്കുമതിക്കുമേൽ പ്രതികാര നികുതി നടപടികളുമായി രാജ്യം മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഇന്ത്യൻ ടയർ, ഇലക്ട്രോണിക്സ്, അപ്ലയൻസസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾക്ക് അനുകൂലമാണ്. പുതിയ ഉൽപാദന മേഖലകൾ തുറക്കേണ്ടിവരുന്നത് ഭെൽ, ഭാരത് ഇലക്ട്രോണിക്സ്, ബിഇഎംഎൽ, ഐടിഐ ഓഹരികൾക്ക് പ്രതീക്ഷയാണ്.

അമേരിക്കൻ വിപണി

വർധിക്കുന്ന കൊറോണ ഭീതിയും, തൊഴിലില്ലായ്മ നിരക്കും അമേരിക്കൻ വിപണിക്ക് ബാധ്യതയാണ്. പ്രതീക്ഷിച്ചതിലും മോശമായ തൊഴിൽ വിവരകണക്കുകൾ ഇനിയും മോശമായേക്കുമെന്നും വിപണി ഭയക്കുന്നു. എങ്കിലും കഴിഞ്ഞ നാലുദിവസവും വലിയ ഉയർച്ച താഴ്ചകളില്ലാതിരുന്ന അമേരിക്കൻ സൂചികകൾ ഓഹരി അധിഷ്ഠിത വാങ്ങലുകളിലൂടെ മുന്നേറുമെന്ന് കരുതുന്നു. ഡൗ ജോൺസ് സൂചിക 2.37% മുന്നേറിയപ്പോൾ ടെക് സൂചികയായ നാസ്ഡാക് 5.5% മുന്നേറ്റമാണ് കഴിഞ്ഞവാരം നടത്തിയത്. ടെക്, ഫിനാൻസ് ഓഹരികൾ കൂടുതൽ മുന്നേറ്റം നേടുമെന്ന് കരുതുന്നു.

മൊറട്ടോറിയം പലിശ

മൊറട്ടോറിയം കാലഘട്ടത്തിലെ പലിശയൊഴിവാക്കണമെന്ന ഹർജിയിന്മേൽ പിഴപലിശ മാത്രമേ ഒഴിവാക്കപ്പെടുകയുള്ളു എന്ന സൂചന ബാങ്കിങ്, എൻബിഎഫ്സി ഓഹരികൾക്ക് ആനുകൂലമാണ്. മൊറട്ടോറിയം കാലഘട്ടത്തിലെ മൊത്തം പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ നഷ്ടം 2 ലക്ഷം കോടിയാകുമായിരുന്നത് 12,000 കോടി രൂപയുടെ അധിക വരുമാന നഷ്ടം മാത്രമായി മാറുന്നത് ബാങ്കിങ് ഓഹരികളിൽ മുന്നേറ്റത്തിന് കാരണമായേക്കും. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക്, എം&എം ഫിനാൻസ് മുതലായ ഓഹരികൾ പരിഗണിക്കുക.

ഓഹരികളും സെക്ടറുകളും

∙ മികച്ച മൺസൂണിന് ഇന്ത്യയിൽ തുടക്കമായത് കാർഷികസംബന്ധിയായ ഓഹരികൾക്ക് അനുകൂലമാണ്. ട്രാക്ടർ ഓഹരികളായ എസ്കോർട്സ്, എം&എം എന്നിവ ഇനിയും ആകർഷകമാണ്. അഗ്രോ കെമിക്കൽ ഓഹരികളായ യുപിഎല്ലും റാലീസും ദീർഘകാല നിക്ഷേപത്തിന് നിർബന്ധമായും പരിഗണിക്കുക. ഫെർട്ടിലൈസർ ഓഹരികളായ ആർസിഎഫ്, ചമ്പൽ ഫെർട്ടിലൈസർ, കൊറൊമാൻഡാൽ ഇന്റർനാഷണൽ, ദീപക് ഫെർട്ടിലൈസർ, എന്നിവയും കാർഷിക ഉൽപന്നങ്ങൾ അസംസ്‌കൃത വസ്തുക്കളായ എഫ്എംസിജി ഓഹരികളൂം പരിഗണിക്കാം.

∙ അവകാശ ഓഹരി വിൽപനയ്ക്കു ശേഷം മുകേഷ് അംബാനിയുടെ ഓഹരി പങ്കാളിത്തം 49.14% ആയി ഉയർന്നത് ഓഹരിക്ക് അനുകൂലമാണ്. ഉയർന്ന അളവിൽ അവകാശ ഓഹരികൾ അംബാനി കുടുംബം സ്വന്തമാക്കിയത് കൂടാതെ ജിയോയിലേക്കുള്ള നിക്ഷേപ പരമ്പര അവസാനിച്ചിട്ടില്ലാത്തതും ഓഹരിയെ ഇപ്പോഴും ആകർഷകമാക്കുന്നു. സൗദിയുടെ പബ്ലിക് ഇൻവസ്റ്റ്മെന്റ് ഫണ്ട് റിലയൻസ് ജിയോയിൽ 2.33% ഓഹരിയാണ് കരസ്ഥമാക്കിയത്. റിലയൻസ് കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിൽ ജിയോയിലേക്കുള്ള നിക്ഷേപമായും, അവകാശ ഓഹരി വിൽപന വഴിയായും 1,68,818 കോടി രൂപയുടെ അധിക നിക്ഷേപമാണ് സമാഹരിച്ചത്. കമ്പനി കടബാധ്യതകൾ തീർത്ത് പലിശയിൽ നിന്നു മുക്തമാകുന്നത് അതീവ അനുകൂല ഘടകമാണ്.

∙ ഇന്ത്യൻ ട്രക്ക് വിപണി സാധാരണയിലാകുന്നത് ഇന്ത്യൻ ട്രക്ക് നിർമാണകമ്പനികൾക്ക് അനുകൂലമാണ്. ടാറ്റയും അശോക് ലെയ്‌ലൻഡും ഐഷർ മോട്ടോഴ്സും ശ്രദ്ധിക്കുക. ആഗോളമാന്ദ്യകാലഘട്ടം ഇന്ത്യൻ ട്രക്കുകൾക്ക് രാജ്യാന്തര വിപണിയിൽ പ്രിയമേറാനിടയുണ്ട്. ഇന്ത്യൻ ട്രക്കിങ് ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ ഭൂമി വില താഴ്ന്നിരിക്കുന്നത് റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് അനുകൂലമാണ്. വെള്ളിയാഴ്ച മാത്രം 6.4% ഏകദിന മുന്നേറ്റമാണ് റിയാലിറ്റി സെക്ടർ സ്വന്തമാക്കിയത്. ഡിൽഎഫ്, ഗോദ്റെജ്പ്രോപ്പർട്ടീസ് എന്നിവ പരിഗണിക്കാം. മഹിന്ദ്ര ലൈഫ് സ്പേസ് 2000 കോടിയുടെ ഭൂമി വാങ്ങലുകൾ വിഭാവനം ചെയ്യുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ ഐഷർ മോട്ടോഴ്സിന്റെ ഓഹരി വിഭജനം ഓഹരിക്ക് അനുകൂലമാണ്. നിലവിൽ പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് ഒരു രൂപയായി മാറുമ്പോൾ 20000ന് മുകളിലേക്ക് ഓഹരിക്ക് പ്രതീക്ഷവയ്ക്കാവുന്നതാണ്.

∙ കടക്കെണിയിലായ ഫ്യൂച്ചർ റീട്ടയിലിന്റെ ഓഹരി പങ്കാളിത്തത്തിനായി ആമസോണിനൊപ്പം, റിലയൻസ് റീടെയിലും ശ്രമിക്കുന്ന വാർത്ത ഓഹരിക്ക് അനുകൂലമാണ്.

∙ ടാറ്റ പവർ അനുകൂലമായ സാഹചര്യങ്ങളിൽ മുന്നേറ്റം നേടുമെന്ന് കരുതുന്നു. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ നെറ്റ്ഫ്ലിക്സ് നെറ്റ്‌വർക്ക്18മായി ചേർന്ന് പ്രവർത്തിക്കാൻ ധാരണയാകുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിൽ ഈയാഴ്ച മുതൽ വൈദ്യുതിക്ക് നാച്ചുറൽ ഗ്യാസിന്റെയും ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നത് ഐഇഎക്സിന് അനുകൂലമാണ്.

∙ ഗെയിലിനെ രണ്ട് കമ്പനികളായി വിഭജിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ ഇന്ത്യ ബുൾസിന്റെ 200 കോടിയുടെ കടപത്രങ്ങൾ മുൻനിര ബാങ്കുകൾ വാങ്ങിയത് ഓഹരിക്ക് നേട്ടമാണ്.

∙ ലക്ഷ്‌മിവിലാസ് ബാങ്കിൽ ക്ലിക്സ് ക്യാപിറ്റൽ നിക്ഷേപത്തിനൊരുങ്ങുന്നത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

∙ സ്റ്റീൽ സ്ട്രിപ്പ് വീൽസ് ഉത്പാദനം വർധിപ്പിക്കാനൊരുങ്ങുന്നത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം കമ്പനിക്ക് ഈയാഴ്ചയും യൂറോപ്പിൽ നിന്നു 36,000 വീലുകൾക്കുള്ള ഓർഡറും അമേരിക്കയിൽ നിന്നും 10,000 വീലുകൾക്കുള്ള ഓർഡറും സ്വന്തമാക്കി. കമ്പനിയുടെ ഓർഡർ ബുക്ക് മികച്ചതാണ്.

∙ ടാറ്റാ മോട്ടോർസ് മോശം നാലാംപാദ ഫലമാണ് പുറത്തുവിട്ടത്. ജെഎൽആർന്റെ ചൈനീസ് വിൽപന മോശമായതും, ബിഐടി മാർജിൻ കുറഞ്ഞതും പ്രതികൂലമായി. കമ്പനിയുടെ ട്രക്ക് കാർ സെക്ടറുകളിലായി വിഭജനം വിഭാവനം ചെയുന്നത് കമ്പനിക്ക് അനുകൂലമാണ്. പുത്തൻ കാർ മോഡലുകൾ ജനപ്രിയമായേക്കാവുന്നതും ഓഹരിക്ക് അനുകൂലമാണ്.

∙ എൻഎംഡിസി പ്രതീക്ഷയ്ക്കൊത്ത നാലാം പാദ ഫലമല്ല പുറത്തുവിട്ടത്. എങ്കിലും ഓഹരി ദീർഘകാല നിക്ഷേത്തിന് പരിഗണിക്കാം.

∙ അശോക ബിൽഡ്കോണിന്റെ ലാഭം മുൻവർഷത്തിൽ നിന്നു 56% വളർച്ച നേടിയത് ഇൻഫ്രാ മേഖലക്ക് മൊത്തത്തിൽ അനുകൂല വാർത്തയാണ്.

∙ സ്‌പൈസ്‌ജെറ്റ് അവരുടെ 25% വിമാനങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നു. ജൂലൈയിൽ 40% വിമാനങ്ങളായി മാറുന്നത് ഓഹരിക്ക് അനുകൂലമാണ്. ഇൻഡിഗോയും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ നിർമാണ പ്രവർത്തികൾ വീണ്ടും പുനരാരംഭിക്കുന്നത് ഇൻഫ്രാ സിമന്റ്, സ്റ്റീൽ ഓഹരികൾക്ക് പുറമെ പിഡിലൈറ്റ്, ഹാവെൽസ്, സെമാനി, കജാറിയ മുതലായ ഓഹരികൾക്ക് അനുകൂലമാണ്.

∙ ബ്രിട്ടാനിയ ലാഭവിഹിതം പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്. ഈ വർഷം ഇനിയും കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചേക്കാം. മികച്ച മൺസൂണിന്റെ പിന്തുണയിൽ ഗ്രാമീണ മേഖലയിലെ വിൽപന ശക്തിപ്പെട്ടേക്കാവുന്നത് ഓഹരിക്ക് പ്രതീക്ഷയാണ്.

∙ മുത്തൂറ്റ് ഫിനാൻസ് ഗംഭീര നാലാം പാദ ഫലമാണ് പുറത്തു വിട്ടത്. മുൻവർഷത്തിൽ നിന്ന് 60% മുന്നേറ്റത്തോടെ 820 കോടിരൂപയുടെ അറ്റാദായമാണ് ഗോൾഡ് ലോൺ വഴി കമ്പനി നേടിയത്. പലിശ വരുമാനമാകട്ടെ 28% വളർച്ചയോടെ 2351 കോടി രൂപയായി. സ്വർണ്ണ വില ഉയരുന്നതും ഓഹരിക്ക് അനുകൂലമാണ്. കോവിഡ് പശ്ചാത്തലത്തിൽ സ്വർണ പണയ നിരക്ക് വർധിക്കുന്നതും കമ്പനിക്ക് അടുത്ത പാദങ്ങളിലും മികച്ച ഫലപ്രതീക്ഷ നൽകുന്നു. മണപ്പുറവും നിക്ഷേപ യോഗ്യമാണ്.

∙ സിമെന്റ് സെക്ടർ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബിർള കോർപ്, എസിസി, ഇന്ത്യ സിമെന്റ്സ്, അൾട്രാ ടെക് മുതലായവ ശ്രദ്ധിക്കുക.

∙ എജിആർ വിഷയത്തിൽ വിധിപറയുന്നത് സുപ്രീം കോടതി ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റി. സുപ്രീം കോടതി വിധി ടെലികോം ഓഹരികൾക്ക് സുപ്രധാനമാണ്.

English Summary: Market Analysis on 2020 June Fourth Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com