ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയയ്‌ക്കെതിരായ സൈനിക നീക്കം മാറ്റിവയ്ക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. ചൊവ്വാഴ്ച കിമ്മിന്റെ അധ്യക്ഷതയില്‍ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ സൈനികനടപടികള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു ദക്ഷിണകൊറിയ പ്രതികരിച്ചു. നിലവിലുള്ള രാജ്യാന്തര ഉപരോധങ്ങളില്‍ ഇളവു നേടാനുള്ള ഉത്തരകൊറിയയുടെ വിലപേശല്‍ തന്ത്രമാണിതെന്നും നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.

kim-joun-un-nk-sl
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍

ദക്ഷിണകൊറിയയുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഉത്തരകൊറിയ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ലെയ്‌സണ്‍ ഓഫിസ് തകര്‍ക്കുകയും ചെയ്തു. അതിര്‍ത്തിക്ക് ഇപ്പുറത്തേക്ക് രാജ്യവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനു സൈന്യം തിരിച്ചടി നല്‍കുമെന്ന് കിമ്മിന്റെ സഹോദരി കിം ജോ യോങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ദക്ഷിണകൊറിയയ്‌ക്കെതിരായ പ്രചാരണങ്ങള്‍ക്കായി അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉത്തരകൊറിയ ലൗഡ് സ്പീക്കറുകള്‍ പുനഃസ്ഥാപിച്ചു. ഇതു നീക്കം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ താമസിക്കുന്നവരെ മാനസികമായി തങ്ങളോട് അടുപ്പിക്കാന്‍ സംഘടിതമായ ആശയപ്രചാരണമാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. കിമ്മിനും കുടുംബത്തിനുമെതിരെ പതിനായിരക്കണക്കിനു ലഘുലേഖകള്‍ അച്ചടിച്ച് ബലൂണുകളില്‍ ഉത്തരകൊറിയയിലേക്കു പറത്തിവിട്ടതാണ് കിമ്മിനെ ചൊടിപ്പിച്ചത്.

English Summary: North Korea: Kim suspended military retaliation against South

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com