ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ രാജ്യത്തെ ചൈനയ്ക്കു കീഴടക്കി എന്ന കോൺഗ്രസ് ആരോപണത്തിനു കടുത്ത രാഷ്ട്രീയ മറുപടിയുമായി ബിജെപി. കോൺഗ്രസിനു ചൈന ധനസഹായം നൽകുന്നു എന്നാണു ബിജെപിയുടെ ആരോപണം.രാജീവ് ഗാന്ധി ഫൗണ്ടേഷൻ (ആർജിഎഫ്) ഇന്ത്യയിലെ ചൈനീസ് എംബസിയിൽ നിന്നു 2005-06 കാലഘട്ടത്തിൽ സംഭാവന സ്വീകരിച്ചെന്നാണ് ബിജെപി പറയുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ആർ‌ജി‌എഫിന്റെ ചെയർപേഴ്‌സൻ. ഫൗണ്ടേഷന്റെ ബോർഡിൽ മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിങ്, രാഹുൽ ഗാന്ധി, പി.ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരുണ്ട്. 2005-06 ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് ചൈനീസ് എംബസിയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനു സംഭാവന ലഭിച്ചതായി ബിജെപി പറയുന്നു. അതിർത്തി സംഘർഷത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നു രാഷ്ട്രീയ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

‘അന്നത്തെ യുപിഎ സർക്കാർ ചൈനക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയോ? ഈ സംഭാവന സ്വീകരിച്ച ശേഷം ചൈനയുമായി സ്വതന്ത്ര വ്യാപാര കരാർ ഫൗണ്ടേഷൻ ശുപാർശ ചെയ്തുവെന്നതു ശരിയല്ലേ? കരാർ ചൈനക്കാർക്ക് അനുകൂലമായിരുന്നു’– കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അന്നത്തെ യുപിഎ സർക്കാർ ഈ സംഭാവനയെ സർക്കാർ രേഖകളിൽ എവിടെയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലേയ്ക്കു സമീപമുള്ള മലനിരകളിലൂടെ ഇന്ത്യൻ സൈനികർ നടക്കുന്നു.
ലേയ്ക്കു സമീപമുള്ള മലനിരകളിലൂടെ ഇന്ത്യൻ സൈനികർ നടക്കുന്നു.

ചൈനീസ് എംബസിയിൽ നിന്ന് പണം വാങ്ങിയെങ്കിൽ അത് എങ്ങനെ ഉപയോഗിച്ചുവെന്ന് കോൺഗ്രസ് ഉത്തരം നൽകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും രഹസ്യ കരാറുണ്ടാക്കുകയും ചെയ്തെന്നു കഴിഞ്ഞയാഴ്ചയും ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടു ബിജെപി ആരോപിച്ചിരുന്നു. 2008ൽ ചൈനീസ് എംബസി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ രാഹുലും സോണിയയും സംബന്ധിച്ച ചിത്രവും ബിജെപി പ്രചരിപ്പിച്ചു.

ഫൗണ്ടേഷനു ലഭിച്ച സംഭാവന സുതാര്യമായ രീതിയിലാണ്. എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫൗണ്ടേഷന്റെ വാർഷിക റിപ്പോർട്ടിന്റെയും ഭാഗമാണിത്. സർക്കാർ അനുകൂല സ്ഥാപനങ്ങളായ വിവേകാനന്ദ് ഫൗണ്ടേഷൻ പോലുള്ളവയ്ക്കും വിവിധ സ്രോതസ്സുകളിൽ നിന്ന് സംഭാവന ലഭിച്ചിട്ടുണ്ട്. ഇവരാരും ദേശവിരുദ്ധരാണെന്ന് അത് അർത്ഥമാക്കുന്നില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

india-china-soldiers

അതേസമയം, 2004-2014 കാലയളവിൽ പ്രതിപക്ഷത്തിരിക്കെ, നിരവധി ബിജെപി നേതാക്കളും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2007 ൽ ബിജെപി ആസ്ഥാനത്ത് അന്നത്തെ പാർട്ടി അധ്യക്ഷൻ രാജ്‌നാഥ് സിങ്ങും സിപിസി പ്രതിനിധി സംഘവും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടി, ഇപ്പോഴത്തെ ആരോപണം ബിജെപിയുടെ വഴിതിരിച്ചുവിടൽ തന്ത്രമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

English Summary: Chinese Funds For Rajiv Gandhi Foundation: BJP's Latest Political Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com