ADVERTISEMENT

ന്യൂഡൽഹി∙ അടിയന്തരാവസ്ഥയുടെ 45–ാം വാർഷിക ദിനത്തിൽ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 45 വർഷങ്ങൾക്കു മുൻപ് ഒരു കുടുംബത്തിന്റെ അധികാരമോഹമാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 1975 ജൂൺ 25നാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നത്. 1977 മാർച്ച് വരെ അതു നീണ്ടു. അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പ് ക്രമക്കേടിൽ കുറ്റക്കാരിയാണെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തിയതിനെ പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് അഭ്യർഥിച്ചത്.

‘ഒറ്റരാത്രികൊണ്ട് രാജ്യം ഒരു ജയിലായി മാറി. പത്രങ്ങൾ, കോടതികൾ, അഭിപ്രായ സ്വാതന്ത്ര്യം... എല്ലാം ചവിട്ടിമെതിക്കപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും താഴ്ന്നവർക്കും നേരെ അതിക്രമങ്ങൾ നടന്നു.’ – അമിത് ഷാ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമത്തെത്തുടർന്നാണ് അടിയന്തരാവസ്ഥ നീങ്ങിയത്. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ അത് കോൺഗ്രസിൽ ഇല്ലാതായി. ഒരു കുടുംബത്തിന്റെ താൽപര്യങ്ങൾ പാർട്ടി താൽപര്യങ്ങൾക്കും ദേശീയ താൽപര്യങ്ങൾക്കും മേലെ നിലനിന്നു. ഇപ്പോഴും കോൺഗ്രസിലും ഈ ദുഃഖകരമായ അവസ്ഥ തഴച്ചുവളരുന്നു.

അടുത്തിടെ നടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാക്കളും യുവനേതാക്കളും പല പ്രശ്നങ്ങളും ഉന്നയിച്ചു. പക്ഷേ അവർ അംഗീകരിച്ചില്ല. ഒരു പാർട്ടി വക്താവിനെ പുറത്താക്കി. കോൺഗ്രസിൽ പലനേതാക്കൾക്കും ശ്വാസംമുട്ടുകയാണ്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളിൽ ഒന്നായ കോൺഗ്രസ് സ്വയം ചിലത് ചോദിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴും അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥ നിലനിൽക്കുന്നത്?, ഒരു പ്രത്യേക വിഭാഗത്തിൽ നിന്ന് അല്ലാത്ത നേതാക്കൾക്ക് എന്തുകൊണ്ടാണ് ഇപ്പോഴും ശബ്ദം ഉയർത്താൻ സാധിക്കാത്തത്?, എന്തുകൊണ്ടാണ് കോൺഗ്രസിൽ നേതാക്കൾ നിരാശരാകുന്നത്? – അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവർക്ക് ആദരമർപ്പിച്ച് രംഗത്തെത്തി. പീഡനം സഹിച്ചും അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത എല്ലാ നേതാക്കളെയും ഇന്ത്യ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ സത്യാഗ്രഹികളുടെ ധീരതകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഏകാധിപത്യ മാനസികാവസ്ഥയ്ക്ക് മേൽ വിജയം നേടിയത്. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട അധ്യായം’ എന്ന പേരിലാണ് നഡ്ഡയുടെ ട്വീറ്റ്.

English Summary: "One Family's Greed For Power": On Emergency, Amit Shah's Barb At Gandhis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com