ADVERTISEMENT

കൊച്ചി∙ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം എട്ടു ദിവസം പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടരന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും ആലപ്പുഴ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തിയതായിരുന്നു യുവതി.

മാർച്ച് നാലിനാണ് സംഭവം. തന്റെ കൂട്ടുകാരിയായ മീര ഷൂട്ടിന് എന്നു പറഞ്ഞ് വിളിച്ചതനുസരിച്ചാണ് പാലക്കാട് എത്തിയതെന്നും അവിടെ എത്തിയപ്പോൾ, തന്നെ കൂടാതെ ഏഴു പെൺകുട്ടികൾ കൂടി അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നെന്നും ഇവർ പറയുന്നു. ട്രാപ്പാണെന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത്. ആറു കാറുകൾ പോകുന്നുണ്ട്, കാറിൽ അൽപം ലക്ഷ്വറി തോന്നുന്ന യുവതി വേണം, അതുകൊണ്ട് കാറിൽപോകണം എന്നായിരുന്നു ആവശ്യം. അതിനു തയാറായില്ല. സ്വർണക്കടത്ത് ആണെന്നു വ്യക്തമായതോടെ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. ഇന്നലെ അറസ്റ്റിലായ റഫീഖ് ഉൾപ്പടെയുള്ളവരാണ് അവിടെ ഉണ്ടായിരുന്നത്. ഈ നാലു പേരല്ലാതെ വേറെയും ആളുകൾ സംഘത്തിലുണ്ടെന്നും യുവതി പറഞ്ഞു.

ഏട്ടു ദിവസം അവിടെ ഭക്ഷണം പോലും ഇല്ലാതെയാണ് കഴിഞ്ഞത്. വെള്ളം വാങ്ങാൻ പോലും പുറത്തു പോകാൻ സാധിക്കാത്ത നിലയിൽ റൂമിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണം മാത്രം നൽകി. പക്ഷെ പേടിച്ചിട്ട് ആരും അത് കഴിക്കാൻ തയാറായില്ല. ഇത്രയും പേരും ഹോട്ടലിൽ ഒരു മുറിയിലാണ് കഴിഞ്ഞത്. പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ട ഒരു പരിഗണനയും നല്‍കാതെ മനുഷ്യത്വമില്ലാതെയാണു അവിടെ അടച്ചിട്ടത്. വീട്ടിൽ അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ വീട്ടിൽ അറിയിച്ചാൽ അവരെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഈ ഡീൽ അറിഞ്ഞ ഒരാളെ പോലും പുറത്തു വിടില്ലെന്നും പുറത്തു പോയാൽ അടുത്ത സൂര്യോദയം കാണില്ലെന്നും ഭീഷണിപ്പെടുത്തി.

ഷൂട്ടിങ്ങിനെന്നു പറഞ്ഞ് എത്തിയ ഉടൻ അവർ ഒരു പേപ്പറിൽ അഡ്രസ് എഴുതി ഒപ്പിട്ടു വാങ്ങിയിരുന്നു. പിന്നെ ഇതിനു മുകളിൽ എന്തെങ്കിലും എഴുതിച്ചേർക്കും എന്നു പറഞ്ഞായിരുന്നു ഭീഷണി. തന്നെ ഭീഷണിപ്പെടുത്തിയതിനെക്കാൾ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെയാണ് ഭീഷണിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ആരും പരാതി നൽകാതിരുന്നത്. താനും മറ്റൊരു കൂട്ടുകാരിയും നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

സംഭവത്തിൽ തന്നെ അവിടേയ്ക്ക് അയച്ച മീര എന്ന പെൺകുട്ടിക്ക് ബന്ധമുണ്ടോ എന്നറിയില്ല. കുറച്ചു സുഹൃത്തുക്കളാണ് ഉള്ളത്. അവരെ വിശ്വസിച്ചതാണ് ഇങ്ങനെ സംഭിവിക്കാൻ കാരണം. മീരയോട് ചോദിച്ചപ്പോൾ നീ പോര്. അവിടെ നിൽക്കണ്ട എന്നാണ് പറഞ്ഞത്. ഇന്നലെ ഷംനയുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഇന്ന് എത്തിയതെന്നും യുവതി വെളിപ്പെടുത്തി.

Content Highlights: Shamna Kasim, Weeding Fraud, Gold Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com